
വടകരയിൽ കെ.കെ. രമയുടേത് ശക്തമായ രാഷ്ട്രീയ പോരാട്ടമാണ്.
റവല്യുഷണറി മാർക്സിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായ കെ.കെ. രമ 2016ലും വടകരയിൽ മത്സരിച്ചിരുന്നു. എസ്.എഫ്.ഐയുടെ മുൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു രമ. ഒരു കാലത്ത് ഒഞ്ചിയത്ത് സി.പി.എമ്മിന്റെ ശക്തനായ തേരാളിയായിരുന്ന ടി.പി. ചന്ദ്രശേഖരന്റെ വിധവ!
ചന്ദ്രശേഖരന്റെ ജനപ്രിയത സി.പി.എമ്മിന്റെ മേഖലയിലെ കരുത്തായിരുന്നു. ഏറാമല പഞ്ചായത്തിലെ അധികാരക്കൈമാറ്റത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഇടഞ്ഞ ചന്ദ്രശേഖരൻ പാർട്ടി വിട്ടു. സി.പി.എമ്മിൽ നിന്ന് വലിയ അളവിൽ ചോർച്ചയുണ്ടായി. സി.പി.എമ്മിനകത്തെ വിഭാഗീയതയുടെ ഇരകളായിരുന്നു ഒഞ്ചിയത്ത് ചന്ദ്രശേഖരനും അദ്ദേഹത്തിന്റെ കൂട്ടാളികളും. ഇന്നിപ്പോൾ, നിയമസഭാ തിരഞ്ഞെടുപ്പിൽ വടകരയോട് ചേർന്നുകിടക്കുന്ന കുറ്റ്യാടി മണ്ഡലത്തിൽ സീറ്റ് കേരള കോൺഗ്രസ്- മാണി ഗ്രൂപ്പിന് വിട്ടുകൊടുത്തതിനെ തുടർന്ന് ഉയർന്ന കലാപവും കൂറ്റൻ പ്രതിഷേധവും ഒഞ്ചിയം മണ്ണിന്റെ വിപ്ലവവീര്യത്തിന്റെ കൂടി പ്രതിഫലനമായി വേണം കാണാൻ. ആ മണ്ണ് അത്രമേൽ വികാരസാന്ദ്രമാണ്, കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം. സത്യസന്ധമാണ്, ഒഞ്ചിയത്തെ ചുവപ്പൻ മണ്ണ്.
കെ.കെ. രമയുടെ സ്ഥാനാർത്ഥിത്വത്തിന് പുതുമയില്ല. പക്ഷേ ഇക്കുറി അവരുടെ സ്ഥാനാർത്ഥിത്വത്തെ വ്യത്യസ്തമാക്കുന്നത് അവർ യു.ഡി.എഫിന്റെ പിന്തുണയോടെ മത്സരിക്കുന്നു എന്നതാണ്.
ഏറാമല സംഭവം
ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനതാദളിന് വിട്ടുനൽകാനുള്ള പ്രാദേശിക സി.പി.എം നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ടി.പി. ചന്ദ്രശേഖരനും മറ്റ് സഖാക്കളും പ്രതികരിച്ചത് 2009ലായിരുന്നു. ഇപ്പോഴത്തെ ആർ.എം.പി ജനറൽ സെക്രട്ടറി എൻ. വേണുവിനെ മാറ്റുന്നതിനെതിരെയാണ് ചന്ദ്രശേഖരനും മറ്റും നിലപാടെടുത്തത്. തർക്കത്തിനൊടുവിൽ പാർട്ടി വിട്ട് ഒഞ്ചിയത്ത് ആർ.എം.പി രൂപീകരിച്ചു. സി.പി.എം വിഭാഗീയതയിൽ വി.എസ്. അച്യുതാനന്ദൻ ചേരിയിലായിരുന്നു ചന്ദ്രശേഖരൻ. അന്നുതൊട്ടേ ഔദ്യോഗികചേരിയുടെ കണ്ണിലെ കരടായിരുന്നു അദ്ദേഹം. പിന്നീട് ആർ.എം.പി രൂപീകരിച്ചപ്പോൾ അവരെ കുലംകുത്തികളായി പിണറായി വിജയൻ തന്നെ മുദ്രകുത്തി.
2009 ലെ പൊതുതിരഞ്ഞെടുപ്പിൽ ചന്ദ്രശേഖരൻ ഇടതുപക്ഷ ഏകോപനസമിതിക്ക് വേണ്ടി വടകരയിൽ മത്സരിച്ചു. ജനകീയനായ ചന്ദ്രശേഖരൻ ആ തിരഞ്ഞെടുപ്പിൽ 21833 വോട്ടുകൾ നേടിയത് നിർണായകമായി. ഇടതുസ്ഥാനാർത്ഥിയായ പി. സതീദേവിയുടെ പരാജയത്തിന് കാരണം അതാണെന്ന് സി.പി.എം വിലയിരുത്തി. 2010ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആർ.എം.പി ഒഞ്ചിയത്ത് എട്ട് സീറ്റുകൾ നേടി. പഞ്ചായത്ത് ഭരണം ഇടതുമുന്നണിക്ക് നഷ്ടമായി. ചന്ദ്രശേഖരനോടുള്ള എതിരാളികളുടെ പ്രതികാരം വർദ്ധിച്ചു. 2012 മേയ് നാലിന് ചന്ദ്രശേഖരൻ 51 വെട്ടേറ്ര് കൊല്ലപ്പെട്ടു. കെ.കെ. രമ വിധവയായി. അവരുടെ പിതാവ് പ്രദേശത്തെ അറിയപ്പെടുന്ന സി.പി.എം പ്രവർത്തകനായിരുന്നു. ക്രമേണ അദ്ദേഹവും പാർട്ടി വിട്ടു.
ഒഞ്ചിയം സമരചരിത്രം
1948 ഏപ്രിൽ 30 ന് ഒഞ്ചിയത്ത് വെടിവയ്പ് നടന്നു. കൽക്കത്ത തിസീസിന്റെ കൂടി വെളിച്ചത്തിൽ റേഷൻ സമ്പ്രദായത്തിലെ അപാകതകൾക്കെതിരെ ഒഞ്ചിയത്തെ കമ്മ്യൂണിസ്റ്റ് വിപ്ലവവീര്യമേന്തിയ ജനത അന്നത്തെ മദ്രാസ് സർക്കാരിനെ പ്രതിരോധിക്കാൻ തീരുമാനിച്ചു. ഇതിനായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റി 1948 ഏപ്രിൽ 30ന് യോഗം ചേർന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് പുളിയുള്ളതിൽ ചോയിയേയും കണാരനെയും അറസ്റ്റു ചെയ്തു. അറസ്റ്റിനെ ചോദ്യം ചെയ്ത അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരുടെ നേരെ പൊലീസ് നടത്തിയ വെടിവയ്പിൽ എട്ടുപേരും തുടർന്ന് നടന്ന ലോക്കപ്പ് മർദ്ദനത്തിൽ രണ്ട് പേരും കൊല്ലപ്പെട്ടു.
ആ പോരാട്ടവീര്യത്തിന്റെ പിന്മുറക്കാരനായിരുന്നു ചന്ദ്രശേഖരൻ. ഒഞ്ചിയത്തെ മണ്ണിന്റെ ചുവപ്പിന് കാഠിന്യമേറുന്നത് ഈ സമരപാരമ്പര്യത്താലാണ്. അവിടെ സി.പി.എമ്മിന് ഇപ്പോഴും ആ വീര്യമുണ്ട്. അതിലൊരു കണ്ണി മുറിഞ്ഞാണ് ചന്ദ്രശേഖരനും മറ്റും ആർ.എം.പിയായത്. ചന്ദ്രശേഖരനോട് ആഭിമുഖ്യമുള്ളവരാണ് സി.പി.എമ്മിലെ പലരും.
കെ.കെ. രമയുടെ സ്ഥാനാർത്ഥിത്വം
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.കെ. രമ 20,504 വോട്ട് ഒറ്റയ്ക്ക് നേടി. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത് ഇപ്പോഴത്തെ ഇടതുമുന്നണി സ്ഥാനാർത്ഥി മനയത്ത് ചന്ദ്രൻ. അദ്ദേഹം അന്ന് ജനതാദൾ- യു ആയിരുന്നു. ഇന്ന് ലോക് താന്ത്രിക് ജനതാദൾ. അദ്ദേഹം നേടിയത് 39700 വോട്ടുകൾ. വിജയിച്ചത് ജനതാദൾ-എസിലെ സി.കെ. നാണുവാണ്. ഇടതുമുന്നണി സ്ഥാനാർത്ഥി. അദ്ദേഹത്തിന് 49,211 വോട്ടുകൾ കിട്ടി. ബി.ജെ.പിക്ക് ലഭിച്ചത് 13,937 വോട്ടുകൾ.
യു.ഡി.എഫിന്റെ പിന്തുണയും രമയുടെ വ്യക്തിപ്രഭാവവും കൊണ്ട് ഇത്തവണ വിജയിക്കാനാകുമെന്ന് കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നുണ്ട്. ഇടതു പരമ്പരാഗത കോട്ടയിൽ വിജയം തെന്നിപ്പോകാതിരിക്കാൻ സർവശക്തിയുമെടുത്ത് പഴയ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളും സി.പി.എമ്മും കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോൾ പോരാട്ടം തീ പാറുന്നു. ലോക് താന്ത്രിക് ജനതാദളിന് സീറ്റ് കൈമാറേണ്ടി വന്നതിൽ ജനതാദൾ-എസ് നേതൃത്വം അസ്വസ്ഥരാണ്. സി.കെ. നാണുവിന് ചെറുതല്ലാത്ത സ്വാധീനമുണ്ട്. വാഗ്ഭടാനന്ദന്റെ നാട്ടിലെ സോഷ്യലിസ്റ്റ് പാരമ്പര്യം എന്തായാലും കൈമുതലാകുമെന്ന് ഇടതുനേതൃത്വം കണക്കുകൂട്ടാതില്ല. കഴിഞ്ഞ തവണ രണ്ട് മുന്നണികളിലേക്കായി ചിതറിപ്പോയ സോഷ്യലിസ്റ്റ് വോട്ടുകൾ ഇക്കുറി ഒറ്റപ്പെട്ടിയിലേക്ക് വീഴുമെന്ന് അവർ കരുതുന്നു. രമയുടെ വിജയം ഒരിക്കലും സഹിക്കാനാവാത്ത സി.പി.എം അത് തടയാൻ ആവുന്നത്ര ശ്രമിക്കും.
പക്ഷേ, ചന്ദ്രശേഖരനോടും രമയോടും ആർ.എം.പിയോടും അനുഭാവമുള്ള വോട്ടുകൾ ചോരുമോ? ചോരാതിരിക്കുമോ? ഈ ചോദ്യം ഒഞ്ചിയത്തെ മണ്ണ് സ്വയം ചോദിക്കുന്നു. രമയുടേത് രാഷ്ട്രീയപോരാട്ടമാണെന്ന് നേരത്തേ പറഞ്ഞു. ദേശീയതലത്തിൽ തീവ്ര ഹിന്ദുത്വ ഫാസിസത്തെ എതിരിടാൻ കോൺഗ്രസ് അടക്കമുള്ള മതേതര മുന്നണികൾ യോജിക്കുന്നെങ്കിൽ, ഇവിടെ ഇടതുപക്ഷ ഫാസിസത്തെ എതിരിടാനാണ് താൻ കോൺഗ്രസ് പിന്തുണയോടെ മത്സരിക്കുന്നതെന്ന് രമ പറയുന്നു.
രമയോട് അനുഭാവം കാട്ടുമ്പോഴും കോൺഗ്രസിനോട് യോജിക്കുകയെന്ന രാഷ്ട്രീയസിദ്ധാന്തത്തെ ഉൾക്കൊള്ളാൻ ഒഞ്ചിയത്തെ കമ്മ്യൂണിസ്റ്റ് അനുഭാവ മനസ്സുകൾക്ക് സാധിക്കുമോയെന്ന മറുചോദ്യത്തിന് ഉത്തരം കുറ്റ്യാടി തരുന്നുണ്ട്.
നേതൃത്വത്തിന്റെ ഏകാധിപത്യ സമീപനത്തിനെതിരായ കലാപമാണ് കുറ്റ്യാടിയിൽ പൊട്ടിപ്പുറപ്പെട്ടത്. അത് തിരിച്ചറിഞ്ഞാണ് നേതൃത്വം വഴങ്ങിയത്. യു.എ.പി.എ ചുമത്തി രണ്ട് സി.പി.എം പ്രവർത്തകരായ വിദ്യാർത്ഥികൾ അറസ്റ്റിലായത് കോഴിക്കോടൻ മണ്ണിലാണ്. അതിന്റെ അനുരണനങ്ങൾ വടകരയിൽ കണ്ടേക്കാം.
പലരുടെയും കണ്ണ് തുറപ്പിക്കുന്ന പോരാട്ടമാകും ഇത്തവണ രമയുടേത് എന്ന് കരുതാതെ വയ്യ. പാർട്ടിയുണ്ടാവും, ജനം ഉണ്ടാവില്ല കൂടെ എന്ന മഹാനായ പ്രൊഫ.എം.എൻ. വിജയന്റെ പ്രവചനം ഈ തിരഞ്ഞെടുപ്പ് വേളയിൽ പല കാതുകളിലും ഉച്ചത്തിൽ മുഴങ്ങിക്കേൾക്കുന്നു.