chennithala

എല്ലാ മണ്ഡലങ്ങളിലും ഇരട്ടിപ്പെന്ന് ആക്ഷേപം

വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ എട്ടു ജില്ലകളിലെ ഒൻപത് നിയമസഭാ നിയോജക മണ്ഡലങ്ങളിലെ വിവരങ്ങൾ കൂടി തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി.19,103 കള്ളവോട്ടുകളാണ് പുതുതായി കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ആറു ജില്ലകളിലെ ഏഴു നിയോജക മണ്ഡലങ്ങളിലെ കള്ളവോട്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിരുന്നു. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വോട്ടർ പട്ടികയിൽ വൻതോതിൽ ഇരട്ടിപ്പും ക്രമക്കേടും കണ്ടെത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇന്നലെ നൽകിയ കണക്കുകളിൽ ഏറ്റവും കൂടുതൽ വ്യാജ വോട്ടർമാരെ കണ്ടെത്തിയത് തവനൂരാണ്. 4395 പേർ. കൂത്തുപറമ്പ് (2795), കണ്ണൂർ (1743), കൽപ്പറ്റ (1795), ചാലക്കുടി (2063), പെരുമ്പാവൂർ (2286), ഉടുമ്പൻചോല (1168), വൈക്കം(1605), അടൂർ(1283) എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ തിരിമറി.
മിക്കയിടത്തും വോട്ടർ പട്ടികയിൽ ഒരേ വോട്ടറുടെ പേരും ഫോട്ടോയും പലതവണ അതേപടി ആവർത്തിച്ചിരിക്കുകയാണ്. ചിലതിൽ വിലാസത്തിലും മറ്റു വിവരങ്ങളിലും വ്യത്യാസം വരുത്തിയിട്ടുണ്ട്.

വോട്ടർ പട്ടികയിലെ ഈ തിരിമറി യഥാർത്ഥ വോട്ടർ അറിയണമെന്നില്ല. അവരുടെ പേരിലുള്ള വ്യാജ തിരിച്ചറിയൽ കാർഡുകൾ അജ്ഞാതർ കൈപ്പറ്റി കള്ളവോട്ട് ചെയ്യാനുള്ള ഗൂഢപദ്ധതി ഇതിനു പിന്നിലുണ്ട്.
കഴിഞ്ഞ ദിവസം കാസർകോട്ടെ ഉദുമയിൽ കുമാരിയുടെ പേര് വോട്ടർ പട്ടികയിൽ അഞ്ചിടത്ത് കണ്ടെത്തിയത് ഇതിനു തെളിവാണ്. തന്റെ പേരിലെ തട്ടിപ്പ് അവർ അറിഞ്ഞിരുന്നില്ല.

സംഘടിതമായി നിക്ഷിപ്ത താല്പര്യക്കാരാണ് എല്ലാ മണ്ഡലങ്ങളിലും ഈ കൃത്രിമം നടത്തിയിരിക്കുന്നത്. അവർ തിരിച്ചറിയൽ കാർഡുകൾ കൈയടക്കിയിരിക്കുകയാണ്. സംസ്ഥാനത്തുടനീളം ഇത് സംഭവിച്ചിരിക്കുന്നത് വലിയ ഗൂഢാലോചനയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇത് ജനഹിതം അട്ടിമറിക്കാനാണ്.
എല്ലാ മണ്ഡലങ്ങളിലെയും വോട്ടർ പട്ടിക സൂക്ഷ്മമായി പരിശോധിക്കാൻ യു.ഡി.എഫ് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.