
വെഞ്ഞാറമൂട്: കൊവിഡ് കാലത്ത് ആരംഭിച്ച പ്രവാസിയുടെ മത്സ്യക്കൃഷിക്ക് നൂറു മേനി വിളവ്. വെഞ്ഞാറമൂട് വേളാവൂരിൽ ഹാനിയ മഹലിൽ ഷംനാദ്, സുഹൃത്ത് അഷ്‌റഫ് ഖാസിമി എന്നിവരുടെ മേൽനോട്ടത്തിലാണ് മത്സ്യക്കൃഷി നടത്തിയത്. വീട്ടുമുറ്റത്ത് പ്രത്യേകം സജ്ജീകരിച്ച 75000 ലിറ്റർ ജലം ഉൾക്കൊള്ളുന്ന രണ്ടു കുളങ്ങളിലായാണ് ശുദ്ധജല മത്സ്യക്കൃഷി നടത്തിയത്. ബയോ ഫ്ലോക് എന്ന അതിനൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് കഴിഞ്ഞ ആറു മാസം മുൻപ് മത്സ്യക്കുഞ്ഞുങ്ങളെ കുളങ്ങളിൽ നിക്ഷേപിച്ചത്. തിലോപ്പിയ, അസാം വാള, ആവോലി, റെഡ് തിലോപ്പിയ, കാർപ്പ് തുടങ്ങിയ ശുദ്ധജല മത്സ്യങ്ങളുടെ വിളവെടുപ്പ് കർഷകർ തന്നെ നടത്തി.