
തിരുവനന്തപുരം:ധർമ്മടത്തേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി സി. രഘുനാഥിന്റെ നാടകീയ പ്രവേശനത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മൂന്ന് മുന്നണികളുടെയും കളം തെളിയുകയാണ്. ഇന്ന് പത്രികാസമർപ്പണം അവസാനിക്കും. വോട്ടെടുപ്പിന് 18 ദിവസം ബാക്കി. അടുത്ത രണ്ടാഴ്ച പരമാവധി പ്രചാരണം കൊഴുപ്പിക്കാൻ ശബരിമല വിവാദം തൊട്ട് വോട്ടർപട്ടികയിലെ ക്രമക്കേട് വരെ മുന്നണികൾക്ക് ആയുധങ്ങൾ.
മുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് കെ.സുധാകരൻ വരുമെന്ന പ്രചാരണമാണ് ഇന്നലെ ഉച്ച വരെ ശക്തമായി നിന്നത്. നാടകീയമായാണ് സുധാകരൻ പിന്മാറ്റം പ്രഖ്യാപിച്ചത്. ഇതോടെ ഡി.സി.സി ജനറൽസെക്രട്ടറി സി. രഘുനാഥിലേക്ക് കാര്യങ്ങളെത്തി. പാർട്ടി പ്രഖ്യാപനമെത്തും മുമ്പേ അദ്ദേഹം പത്രികയും സമർപ്പിച്ചു. കോൺഗ്രസ് വിട്ട പി.സി. ചാക്കോ സ്ഥാനാർത്ഥി പട്ടികയിലേക്ക് നിർദ്ദേശിച്ച മൂന്ന് പേരിലൊരാളാണ് രഘുനാഥ് എന്നതും കൗതുകമായി.വാളയാർ അമ്മയ്ക്ക് പിന്തുണ നൽകാനുള്ള ആലോചന തുടക്കത്തിൽ നടന്നെങ്കിലും അവസാന നിമിഷം അവരെ ചൊല്ലി ഉയർന്ന തർക്കങ്ങളും വാളയാർ ആക്‌ഷൻ കൗൺസിലിലുണ്ടായ ഭിന്നിപ്പുമെല്ലാം വീണ്ടുവിചാരത്തിന് കോൺഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചു. പത്രികാസമർപ്പണം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ ധർമ്മടത്തെ സ്ഥാനാർത്ഥിയെ കണ്ടെത്താനാവാത്ത പ്രതിസന്ധി ആയതോടെയാണ് രഘുനാഥിലേക്ക് കാര്യങ്ങളെത്തിയത്.അതിനിടെ പ്രചാരണ അജൻഡയെ കൊഴുപ്പിക്കാൻ ശബരിമല തൊട്ട് വോട്ടർപട്ടികയിലെ ക്രമക്കേട് വരെ ആയുധങ്ങളാക്കുകയാണ്. ശബരിമല ചർച്ചയാകാതിരിക്കാൻ ശ്രദ്ധിച്ച ഇടതുമുന്നണിയെ അതിനനുവദിക്കാതെയാണ് വിവാദങ്ങൾ പിന്തുടരുന്നത്. യു.ഡി.എഫിനും ബി.ജെ.പിക്കും പുറമേ എൻ.എസ്.എസും ശബരിമല ഉയർത്തി ഇടതുമുന്നണിയെ ആക്രമിക്കാനൊരുങ്ങുന്നു. കോ-ലീ-ബി സഖ്യം യു.ഡി.എഫിനെതിരെ സി.പി.എമ്മും ആർ.എസ്.എസ് സൈദ്ധാന്തികൻ ബാലശങ്കറിന്റെ സി.പി.എം- ബി.ജെ.പി ഡീൽ ആരോപണം യു.ഡി.എഫ് സി.പി.എമ്മിനെതിരെയും പ്രയോഗിക്കുന്നത് ന്യൂനപക്ഷവോട്ട് ബാങ്കുകളിൽ കണ്ണുവച്ചാണ്. വോട്ടർപട്ടികയിൽ ഒരേ ആളിനെ നാലും അഞ്ചും തവണ പേര് ചേർത്ത് ക്രമക്കേടിനും കള്ളവോട്ടിനും ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതോടെ ഇതേച്ചൊല്ലിയും വാദപ്രതിവാദമായി. ഉദുമ മണ്ഡലത്തിൽ പ്രതിപക്ഷനേതാവ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയ കുമാരി എന്ന വോട്ടർ കോൺഗ്രസുകാരിയാണെന്നും അവർക്ക് ഒരേ വിലാസത്തിൽ നാലും അഞ്ചും തിരിച്ചറിയൽ കാഡുകൾ നൽകി വോട്ടർപട്ടികയിൽ ചേർത്തത് കോൺഗ്രസുകാരാണെന്നും സി.പി.എം കേന്ദ്രങ്ങൾ ആരോപിച്ചു. വോട്ടർപട്ടികയിൽ ഇരട്ടിപ്പ് കാട്ടുന്നത് ഇടതുമുന്നണിയോ യു.ഡി.എഫോ എന്ന് ഈ തർക്കം വഴിമാറിയിട്ടുണ്ട്. അതിനിടയിൽ ക്രമക്കേടുകളുടെ കൂടുതൽ തെളിവുകളുമായി പ്രതിപക്ഷനേതാവ് ഇന്നലെ വീണ്ടും തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിലെത്തി.