
നെടുമങ്ങാട്: പൊതുനിരത്തുകളിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ നഗരസഭ രൂപീകരിച്ച ഹെൽത്ത് സ്ക്വാഡുകളുടെ പ്രവർത്തനം പുനരാംരംഭിച്ചു. നിരോധിത പ്ലാസ്റ്റിക് സഞ്ചികളും മറ്റുത്പന്നങ്ങളും പിടികൂടാൻ റെയ്ഡുകൾ ശക്തമാക്കാനും നഗരസഭ തീരുമാനിച്ചു. മാലിന്യനിക്ഷേപവും അനധികൃത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില്പനയും വ്യാപകമായതിന്റെ അടിസ്ഥാനത്തിലാണ് ലോക്ക് ഡൗണിനെ തുടർന്ന് നിറുത്തിവച്ചിരുന്ന സ്‌ക്വാഡുകൾ പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചത്. ഇതര തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് വാനുകളിലും മിനി ലോറികളിലുമാണ് മാലിന്യം എത്തിക്കുന്നത്. അമ്പതോളം കോഴിക്കടകൾ പ്രവർത്തിക്കുന്ന നഗരത്തിൽ രണ്ടു ടൺ അറവുശാല മാലിന്യം കുമിഞ്ഞു കൂടുന്നുണ്ട്. ഒന്നര ടൺ പ്ലാസ്റ്റിക് മാലിന്യവും ഉൾപ്പടെ ആകെ അഞ്ച് ടൺ മാലിന്യമാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. അറവുശാലകളിൽ നിന്ന് സ്വകാര്യ വ്യക്തികൾ മാലിന്യം ശേഖരിച്ച് ജലാശയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും തള്ളുന്നത് പതിവാണ്. ഇത് തടയാൻ അറവുശാലകൾ പരിശോധിച്ച് മാലിന്യ നീക്കം അംഗീകൃത ഏജൻസികൾക്ക് നല്കാത്ത കടകളുടെ ലൈസൻസ് റദ്ദാക്കാനാണ് തീരുമാനം. ജല സ്രോതസ്സുകൾ മലിനപ്പെടുത്തുന്നവർക്ക് ഒരു ലക്ഷം രൂപയും അനധികൃത പ്ലാസ്റ്റിക് കച്ചവടക്കാർക്ക് പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെയും പിഴ ചുമത്താൻ തീരുമാനിച്ചിട്ടുണ്ട്.
*മാലിന്യനിക്ഷേപം ഇവിടെ
നഗരഹൃദയമായ കുപ്പക്കോണം, കല്ലിംഗൽ, മേലാങ്കോട്, കുളവിക്കോണം, ചന്തമുക്ക്, പഴകുറ്റി
*മാലിന്യസംസ്കരണത്തിൽ സ്വയംപര്യാപ്തത !
പനങ്ങോട്ടേലയിൽ ഒരു കോടിയോളം രൂപ ചെലവിട്ട് സജ്ജമാക്കിയ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെന്ററിന്റെ (അജൈവ മാലിന്യ സംഭരണ കേന്ദ്രം, എംആർ.എഫ് ) പ്രവർത്തനവും ഉടൻ ആരംഭിക്കും. ടൗണിലും കടകളിലും കുമിഞ്ഞ് കൂടുന്ന പ്ലാസ്റ്റിക് മാലിന്യം റോഡ് നിർമ്മിതിക്ക് യോജിച്ച വിധത്തിൽ പൊടിയാക്കുന്ന പദ്ധതിയാണിത്. കല്ലമ്പാറയിൽ നിർമ്മിച്ച തുമ്പൂർമൂഴി മോഡൽ അജൈവ മാലിന്യ സംസ്കരണ കേന്ദ്രം മാത്രമാണ് നിലവിൽ നഗരസഭയുടെ ഏക മാലിന്യ സംസ്കരണ യൂണിറ്റ്. ഷ്രഡിംഗ് മെഷീൻ, ട്രാൻസ്‌ഫോർമർ തുടങ്ങി യന്ത്രസാമഗ്രികൾ സ്ഥാപിതമായി. ജല സ്രോതസുകളിലും പൊതുനിരത്തിലും വലിച്ചെറിയുന്ന പ്ലാസ്റ്റിക്കും മറ്റും ഇവർ ശേഖരിക്കും. നീരുറവകളും പൊതുയിടങ്ങളും മാലിന്യ വിമുക്തമാക്കാൻ ഇതുപകരിക്കുമെന്ന് നഗരസഭാധികൃതർ പറഞ്ഞു. ഷ്രഡിംഗ് മെഷീനിൽ പ്ലാസ്റ്റിക് പൊടിച്ച് ക്ളീൻ കേരളയ്ക്ക് കൈമാറും. നെടുമങ്ങാട് മാർക്കറ്റിൽ പൂർത്തിയായി വരുന്ന ആധുനിക അറവുശാല കൂടി പ്രവർത്തന സജ്ജമാകുന്നതോടെ മാലിന്യ സംസ്കരണത്തിൽ നഗരസഭ സ്വയംപര്യാപ്തത കൈവരിക്കുമെന്നാണ് പ്രതീക്ഷ.