
തിരുവനന്തപുരം:കഴക്കൂട്ടം മണ്ഡലത്തിൽ പ്രചാരണത്തിന് തുടക്കം കുറിച്ച ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന് പ്രവർത്തകർ നൽകിയത് ആവേശ്വജ്ജലമായ വരവേൽപ്പ്. വാദ്യമേളങ്ങളുടെ അകമ്പടിയിൽ പൂക്കൾ വിതറി, പൊന്നാട അണിയിച്ചാണ് പ്രവർത്തകർ ഇന്നലെ ശോഭയെ മണ്ഡലത്തിലേക്ക് വരവേറ്റത്.കാര്യവട്ടം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം തിങ്ങിനിറഞ്ഞ പ്രവർത്തകർ ശരണംവിളകൾകൊണ്ട് അന്തരീക്ഷം മുഖരിതമാക്കി. ശോഭ പ്രവർത്തകർക്കിടയിൽ ഇറങ്ങിയതോടെ ആവേശം പതിന്മടങ്ങായി.കാര്യവട്ടം ജംഗ്ഷനിൽ വനിതാ പ്രവർത്തകരെ അണിനിരത്തിയുള്ള പുഷ്പവൃഷ്ടി ക്ഷേത്രം വരെ നീണ്ടു. വൈകിട്ട് അഞ്ചോടെയാണ് പ്രചാരണത്തിന് തുടക്കംകുറിച്ച് ശോഭ സുരേന്ദ്രനെത്തിയത്. പിന്നാലെ പ്രവർത്തകർക്കൊപ്പം അവർ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. തുടർന്ന് കർണാടക ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായണൻ റോഡ്ഷോയ്‌ക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിച്ചു. പ്രവർത്തകരെ അഭിസംബോധന ചെയ്‌ത ശോഭ സുരേന്ദ്രൻ സർക്കാരിനും എതിർ സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രനുമെതിരെ ആഞ്ഞടിച്ചു. നൂറോളം ബൈക്കുകളുടെ അകമ്പടിയോടെയാണ് റോഡ് ഷോയ്‌ക്ക് തുടക്കമിട്ടത്. മണ്ഡലം ജില്ലാ ഭാരവാഹികളായ പാങ്ങപ്പാറ രാജീവ്, പോങ്ങുംമൂട് വിക്രമൻ, സജിത്കുമാർ, ചെറുവയ്‌ക്കൽ ജയൻ, ആർ.എസ്.രാജീവ്, ബാലു എസ്.നായർ എന്നിവർ നേതൃത്വം നൽകി.