
ഓയൂർ: ബൈക്കിൽ പിന്തുടർന്നെത്തിയയാൾ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ സ്വർണമാല കവർന്നു. പകൽക്കുറി കൊട്ടിയംമുക്ക് ദീപു ഭവനിൽ രമ്യദീപുവിന്റെ (32) മാലയാണ് അപഹരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ കാളവയൽ പയ്യക്കോട് റോഡിൽ ഒ.എം.ജെ ഒാഡിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം. അമ്മ തങ്കമണിയോടൊപ്പം വെളിയത്തെ ബന്ധുവീട്ടിൽ പോയി മടങ്ങി വരവേ ബൈക്കിലെത്തിയയാൾ സ്കൂട്ടറിനൊപ്പം ബൈക്കോടിച്ച് യാത്ര തടസപ്പെടുത്തുകയും കഴുത്തിൽ കിടന്ന മാല പൊട്ടിച്ചശേഷം സ്കൂട്ടർ തള്ളിയിട്ട് കടന്നുകളയുകയുമായിരുന്നു. നാലര പവൻ വരുന്ന മാലയുടെ ഒന്നര പവനോളം മോഷ്ടാവ് അപഹരിച്ചതായി രമ്യ പറഞ്ഞു. വീഴ്ച്ചയിൽ രമ്യയുടെ കൈയ്ക്ക് ചതവും അമ്മ തങ്കമണിയുടെ കൈ വിരലുകൾക്ക് ഒടിവും സംഭവിച്ചു. പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.