
തിരുവനന്തപുരം: ആർ.എസ്.എസ് സൈദ്ധാന്തികൻ ബാലശങ്കർ ആരോപിച്ച സി.പി.എം- ബി.ജെ.പി ഡീൽ നേമം മണ്ഡലത്തിലും പ്രകടമാണെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. തിരഞ്ഞെടുപ്പ് കൺവെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡീലുള്ളത് കൊണ്ടാണ് വി. ശിവൻകുട്ടിയെ കുമ്മനം രാജശേഖരൻ വിമർശിക്കാത്തത്. ശിവൻകുട്ടിയും കുമ്മനത്തെ വിമർശിക്കുന്നില്ല. റാങ്ക് ഹോൾഡേഴ്സിന്റെ സമരവും ആഴക്കടൽ മത്സ്യബന്ധന കരാറുമൊക്കെ തിരഞ്ഞെടുപ്പിൽ സർക്കാരിന് തിരച്ചടിയാകും. കമ്മ്യൂണിസ്റ്റുകാർ വരെ യു.ഡി.എഫിന് വോട്ടിടുന്ന സാഹചര്യം ഉണ്ടാകും.
നാളത്തെ കേരളത്തെ നയിക്കാനുള്ള നേതാവാണ് കെ. മുരളീധരനെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് വി.എം. സുധീരൻ പറഞ്ഞു. വർഗീയതയ്ക്കെതിരെയും വികസന മുരടിപ്പിനെതിരെയുള്ള പോരാട്ടത്തിൽ വിജയം യു.ഡി.എഫിനാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ശശി തരൂർ എം.പി പറഞ്ഞു.