തിരുവനന്തപുരം: ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി 27 പേർ കൂടി ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്നുംകൂടി പത്രിക സമർപ്പിക്കാം.കഴക്കൂട്ടത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എസ്.എസ്. ലാൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മണ്ഡലത്തിലെ നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ അൽസാജിന് മുന്നിൽ നിന്ന് പ്രകടനമായാണ് അസിസ്റ്റന്റ് വരണാധികാരിയായ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർക്ക് മുൻപാകെ പത്രിക സമർപ്പിച്ചത്. പത്രിക സമർപ്പണത്തിന് മുന്നോടിയായി രാവിലെ ഉമ്മൻചാണ്ടിയെ സന്ദർശിച്ചു. ചെമ്പഴന്തി ​ഗുരുകുലത്തിൽ പുഷ്പാർച്ചന നടത്തിയും കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമി പ്രതിമയിൽ ഹാരാർപ്പണവും പൗഡിക്കോണം അയ്യങ്കാളി നഗറിൽ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചനയും അണിയൂർ ക്ഷേത്രത്തിൽ ദർശനവും നടത്തിയ ശേഷമാണ് ഡോ. എസ്.എസ്. ലാൽ പത്രിക സമർപ്പിച്ചത്.

തിരുവനന്തപുരം നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്‌.ശിവകുമാർ വരണാധികാരി സബ്കളക്ടർ മാധവിക്കുട്ടിക്ക് മൂന്ന് സെറ്റ് നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. പി.കെ.വേണുഗോപാൽ, ബീമാപള്ളി റഷീദ്,പോൾ എന്നിവർ ഒപ്പമുണ്ടായിരുന്നു. പത്രികാ സമർപ്പണത്തിന് മുന്നോടിയായി പഴവങ്ങാടി ഗണപതി ക്ഷേത്രം,വെട്ടുകാട് ദേവാലയം,ബീമാപള്ളി എന്നിവിടങ്ങളിൽ ശിവകുമാർ സന്ദർശിച്ചു.

നെയ്യാറ്റിൻകര നിയമസഭാ നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ചെങ്കൽ എസ്.രാജശേഖരൻ നായർ വരണാധികാരി ബ്ലോക്ക്‌ ഡെവലപ്മെന്റ് ഓഫീസർ ജോയിക്കാണ് പത്രിക സമർപ്പിച്ചത്.
വർക്കല യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ബി.ആർ.എം ഷെഫീർ വർക്കല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.മുൻ എം.എൽ.എ വർക്കല കഹാറിന്റെ നേതൃത്വത്തിൽ പ്രവർത്തകർക്കൊപ്പമാണ് പത്രികാ സമർപ്പണത്തിനെത്തിയത്. മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്.

പാറശാല മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ആർ.കെ.അൻസജിത റസൽ മൂന്നു സെറ്റ് പത്രിക നൽകി. അരുവിക്കര മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥി ജി.സ്റ്റീഫൻ മൂന്നു സെറ്റ് പത്രിക നൽകി. വട്ടിയൂർക്കാവ് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി വി.വി.രാജേഷ്,ആറ്റിങ്ങൽ മണ്ഡലത്തിൽ ആർ.എസ്.പി സ്ഥാനാർത്ഥിയായി ശ്രീധരൻ,നെടുമങ്ങാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ പി.എസ്.പ്രശാന്ത്,ബി.ജെ.പി സ്ഥാനാർത്ഥി ജെ.ആർ.പദ്മകുമാർ എന്നിവരും പത്രിക സമർപ്പിച്ചു.വിവിധ മണ്ഡലങ്ങളിലായി സ്വതന്ത്ര സ്ഥാനാർത്ഥികളും പത്രിക സമർപ്പിച്ചു