general

ബാലരാമപുരം: കരമന- കളിയിക്കാവിള ദേശീയപാതയിൽ മുടവൂർപ്പാറ –കൊടിനട മേഖലയിൽ വാഹനയാത്രക്കാർക്ക് വെല്ലുവിളിയായി അപകടങ്ങൾ പെരുകുന്നു. ദേശീയപാതയിൽ രണ്ടാംഘട്ടം പ്രാവച്ചമ്പലം - കൊടിനട പൂർത്തിയായതോടെ ശരവേഗത്തിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ചെറുതും വലുതുമായ നിരവധി അപകടങ്ങളും ഇവിടെ പതിവാണ്. കഴിഞ്ഞ ഫെബ്രുവരി 28 ന് ബാലരാമപുരം റിലയൻസ് പെട്രോൾ പമ്പിന് സമീപം കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് റോഡ് റോളറിലിടിച്ച് 19 ഓളം പേർക്ക് പരിക്കേറ്റിരുന്നു. ഇത്തരത്തിൽ ഇവിടെ നടക്കുന്ന അപകടങ്ങൾ വാഹനയാത്രികരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കൊടിനട ഭാഗത്തെ വാഹനപരിശോധനയ്ക്കെതിരെയും പ്രതിഷേധമുയർന്നിട്ടുണ്ട്. വ്യാപാരികളുടെയും സന്നദ്ധ സംഘടനകളുടെയും പരാതിയെ തുടർന്നാണ് വാഹനങ്ങൾ തടഞ്ഞു നിറുത്തിയുള്ള പരിശോധന നിറുത്തിയത്. വാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധയും റോഡിലെ വാഹനപരിശോധനയും എല്ലാം അപകടത്തിന്റെ പ്രധാന കാരണമെന്നാണ് പരാതി.

അപകടമരണങ്ങളും

ദേശീയപാതയിൽ വെടിവെച്ചാൻകോവിൽ ആയിരവല്ലി ജുവലേഴ്സിന് സമീപം വീട്ടുസാധനങ്ങൾ വാങ്ങാൻ സമീപത്തെ കടയിലേക്ക് പോയ വെടിവെച്ചാൻകോവിൽ ഐശ്വര്യ വി.ആർ.എ 40 ൽ എൻ.വിശ്വേശ്വര (65)​ൻ ക്വാളിസിടിച്ച് മരിച്ചതാണ് ഒടുവിലത്തെ സംഭവം. കെ.എസ്.ആർ.ടി.സി ബസിന്റെ നിയന്ത്രണം വിട്ട് റോഡ് റോളറിലിടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തെങ്കിലും ദേശീയപാതയിൽ അപകടമൊഴിവാക്കാൻ ഊർജ്ജിത നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. കിള്ളിപ്പാലം അട്ടക്കുളങ്ങര സ്വദേശിയായ​ ശ്രീനിവാസന് (33)​ മുൻനിരയിലെ രണ്ട് പല്ലുകൾ നഷ്ടമായിരുന്നു. ബസ് സഡൻ ബ്രേക്കിംഗിൽ നിരവധി പേർക്ക് മുറിവും സംഭവിച്ചു. കഴിഞ്ഞ ദിവസം റോഡ് മുറിച്ചു കടക്കുന്നതിനിടെയും അപകടത്തിൽപ്പെട്ട് മുടവൂർപ്പാറ സീബ്രാലൈൻ ക്രോസിംഗിനിടെ ബൈക്കിടിച്ച് വടക്കേവിള സ്വദേശി സതികുമാറിനും ബൈക്ക് ഓടിച്ചിരുന്ന പരുത്തിമഠം ലെയിനിൽ ഹൗസ് നമ്പർ 37 ൽ സജു മകൻ സിദ്ധാർത്ഥിനും (22)​ പരിക്കേറ്റു.