d

തിരുവനന്തപുരം: അഞ്ചുവർഷം കഴക്കൂട്ടത്തിന്റെ ജനപ്രതിനിധിയായിരിക്കെ നടപ്പാക്കിയ വികസ‌ന പ്രവർത്തനങ്ങളുടെ കരുത്തിൽ കടകംപള്ളി സുരേന്ദ്രൻ ആദ്യഘട്ട പ്രചാരണത്തിന്റെ അവസാന ലാപ്പിലേക്ക്. ഇന്നലെ രാവിലെ കരിക്കകം പ്രദേശത്തെ വീടുകൾ സന്ദർശിച്ചാണ് പ്രചാരണത്തിന് തുടക്കമിട്ടത്. ഉച്ചയ്ക്ക് ശേഷം മേഖലാ കൺവെൻഷനുകളിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, കാട്ടായിക്കോണം എന്നിവിടങ്ങളിലായിരുന്നു മേഖലാ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ. ജംഗ്ഷനുകളിലെ യോഗങ്ങളിലും മേഖലാ കൺവൻഷനുകളിലും മണ്ഡലത്തിലെ വിവിധ മേഖലകളിൽ നടപ്പാക്കിയ വികസനങ്ങൾ മാത്രമാണ് കടകംപള്ളി ഉയർത്തിക്കാട്ടിയത്. ചെമ്പഴന്തി ഗുരുകുലത്തിന് 19 കോടി രൂപ, അണിയൂർ ക്ഷേത്രത്തിൽ 3 കോടി രൂപ, കോലത്തുകര ക്ഷേത്രത്തിന് 3 കോടി എന്നിങ്ങനെ നവീകരണ, വികസന പ്രവർത്തനങ്ങൾക്കായി മണ്ഡലത്തിൽ ഫണ്ട് അനുവദിച്ചത് സുപ്രധാന നേട്ടമായാണ് കഴക്കൂട്ടത്ത് ഇടതുമുന്നണി ഉയർത്തിക്കാട്ടുന്നത്. നൽകിയ വാഗ്ദാനങ്ങൾ പാലിച്ചെന്ന ആത്മവിശ്വാസമാണ് കടകംപള്ളി സുരേന്ദ്രൻ വോട്ടർമാരോട് പങ്കുവയ്ക്കുന്നത്.