
ആലുവ: അന്തർസംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തലവൻ ആന്ധ്രപ്രദേശ് മകവാരപാളയം സീതണ്ണ അഗ്രഹാരത്തിൽ പല്ലശ്രീനിവാസറാവു (26) പിടിയിലായത് നക്സൽ മേഖലയിൽ നിന്ന്.
മകവാര പാളയത്തിൽ ടാക്സി ഡ്രൈറായ പ്രതിക്ക് ആദിവാസി മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ആന്ധ്രപ്രദേശ് പറയുന്നത്. വിജയവാഡയിൽ നിന്ന് മൂന്നൂറ് കിലോമീറ്റർ ഉൾപ്രദേശത്ത് പൊലീസ് മൂന്നു ദിവസമായി നടത്തിയ പരിശോധനയ്ക്കൊടുവിലാണ് പ്രതി പിടിയിലായത്. കഞ്ചാവ് വാങ്ങാനെന്ന വ്യാജേന അന്വേഷണ സംഘം ശ്രീനിവാസറാവുവിനെ സമീപിക്കുകയായിരുന്നു. വിലപറഞ്ഞ് സാമ്പിളുമായെത്തുമ്പോഴാണ് പിടകൂടിയത്. ഇതിനിടയിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു.
സാമ്പിൾ കാണിച്ച് വില പറഞ്ഞ് ഉറപ്പിച്ച ശേഷം ഹൈവേയിൽ നിർത്തിയിട്ടിരിക്കുന്ന ആവശ്യക്കാരുടെ വാഹനവുമായി ഉൾവനത്തിലെത്തി കൈമാറുന്ന രീതിയാണ് സംഘത്തിന്റേത്. ഇത്തരത്തിൽ ആയിരകണക്കിന് കിലോ കഞ്ചാവ് കേരളത്തിലെത്തിക്കാൻ ഇടനിലക്കാരനായി പ്രതി പ്രവർത്തിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ നവംബറിൽ കാറുകളിൽ കടത്തുകയായിരുന്ന 105 കിലോ കഞ്ചാവ് അങ്കമാലിയിൽ പിടികൂടിയതിനെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്യത്തിൽ പ്രത്യേക സംഘം രൂപീകരിച്ചത്. വിവിധ ഘട്ടങ്ങളിലായി കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനികളായ ഏഴു പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി കെ. അശ്വകുമാർ, സി.ഐ എം. സുരേന്ദ്രൻ, സബ് ഇൻസ്പെക്ടർ ടി.എം. സുഫി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ റോണി അഗസ്റ്റിൻ, പി.എസ്. ജീമോൻ, പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.