
കൊല്ലം: ചടയമംഗലത്തിന് സമീപം ആയൂരിൽ സി.ഐയുടെ വീട്ടിൽ മോഷണം. അടഞ്ഞുകിടന്ന വീട്ടിൽ നിന്ന് 16 പവൻ കവർന്നു. എറണാകുളത്ത് സി.ഐയായി ജോലിനോക്കുന്ന ജോസഫ് ലിയോണിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞദിവസം ജോസഫ് ലിയോണും കുടുംബവും എറണാകുളത്ത് നിന്ന് വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വീട്ടിനുള്ളിൽ നടത്തിയ തിരച്ചിലിലാണ് വീട്ടിലെ കിടപ്പുമുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കവർച്ച ചെയ്തതായി കണ്ടെത്തിയത്.
വിവരമറിഞ്ഞ് ചടയമംഗലം സി.ഐയുടെ നേതൃത്വത്തിൽ പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ആയൂർ ടൗണിലാണ് ജോസഫ് ലിയോണിന്റെ വീട്. ജോലി സംബന്ധമായി കഴിഞ്ഞ കുറേ മാസങ്ങളായി എറണാകുളത്തായതിനാൽ സി.ഐയ്ക്കൊപ്പം കുടുംബവും അവിടെയായിരുന്നു. ഭാര്യയുടെയും മക്കളുടെയും ആഭരണങ്ങളാണ് അലമാരയിലെ ലോക്കർ പൊളിച്ച് കവർച്ച ചെയ്തത്. ചടയമംഗലം പൊലീസ് സ്ഥലത്തെത്തി ഡോഗ് സ്ക്വാഡും ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സിസി ടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച് മോഷ്ടാക്കളെ തിരിച്ചറിയാൻ ശ്രമം തുടങ്ങിയതായി ചടയമംഗലം പൊലീസ് അറിയിച്ചു.