c-divakaran

സ്ഥാനാർത്ഥിചിത്രം തെളിയുമ്പോൾ സംസ്ഥാനത്ത് പിണറായി വിജയൻ തരംഗമാണെന്ന് സി.പി.ഐയുടെ മുതിർന്ന നേതാവും സംസ്ഥാനനിർവാഹകസമിതി അംഗവുമായ സി. ദിവാകരൻ പറയുന്നു. തിരഞ്ഞെടുപ്പ് രംഗത്ത് ഇക്കുറിയില്ലാത്ത ദിവാകരൻ കേരളകൗമുദി ഓൺലൈനിനോട്:

സ്ഥാനാർത്ഥികളൊക്കെ കളത്തിലായി. ഇടതുപ്രതീക്ഷകൾ ഇപ്പോഴെങ്ങനെ...?

- ഇടതുമുന്നണിയുടെ പ്രതീക്ഷ തുടക്കം മുതൽ ഇതുവരെ മങ്ങലേൽക്കാതെ മുമ്പോട്ട് പോവുകയാണ്. കേരളത്തിലെ ജനങ്ങൾ പോളിംഗ് ദിനം കാത്തിരിക്കുകയാണ്. പിണറായിവിജയൻ തരംഗമാണ് കേരളത്തിലിപ്പോൾ കാണുന്നത്. അത് ഇടതുപക്ഷതരംഗമെന്നും പറയാം. പിണറായി വിജയനോട് ജനങ്ങൾക്ക് അമിതമായ താല്പര്യവും വിശ്വാസവുമുണ്ട്. ഒരവസരം കൂടി അദ്ദേഹത്തിന് കൊടുക്കണമെന്ന് സി.പി.എമ്മോ ഇടതുപക്ഷമോ അല്ലാത്ത ധാരാളം വോട്ടർമാർക്ക് അഭിപ്രായമുണ്ട്. പക്ഷേ തിരഞ്ഞെടുപ്പിന്റെ ദിവസങ്ങളിലേക്ക് കടക്കുമ്പോൾ സ്ഥിതിഗതികളിൽ ചെറിയ തോതിൽ മാറ്റമുണ്ടായിക്കൂടെന്നില്ല. വളരെ സൂക്ഷ്മമായി ജാഗ്രതയോടെ ഇടതുപക്ഷപ്രസ്ഥാനം കരുക്കൾ നീക്കാതെ പോയാൽ ചെറിയ പ്രയാസങ്ങളുണ്ടാകാനിടയുണ്ട്. ആത്യന്തികമായി ഇടതുപക്ഷം ജയിക്കാൻ പോവുകയാണ്. തുടർഭരണമുണ്ടാകും.

ശബരിമല വിഷയത്തിലെ കടകംപള്ളിയുടെ ഖേദപ്രകടനവും അനാവശ്യമായോ...?

- അദ്ദേഹത്തിന്റെ പാർട്ടിയുടേതാണെന്ന് തോന്നുന്നില്ല. വ്യക്തിപരമായി പറഞ്ഞ കാര്യമാണ്. യെച്ചൂരി അത് തിരുത്തുകയും ചെയ്തു. പാർട്ടിയുടെ നിലപാട് വേറെയാണെന്ന് യെച്ചൂരി പറഞ്ഞതോടെ അത് തീർന്നിരിക്കുന്നു.

ശബരിമല വിഷയത്തിൽ പഴയ നിലപാടിൽ നിന്ന് നേതാക്കൾ പിന്നോട്ട് പോകുന്നുണ്ടോ...?

- ശബരിമലയിൽ ഇനി തൊടാൻ പാടില്ലെന്നാണ് എന്റെ അഭിപ്രായം. തൊടുന്നത് അപകടമാണ്. ഒരു പ്രശ്‌നമുണ്ടായി. അതിന് പരിഹാരമുണ്ടായി. അതിലൊരു നിലപാടെടുത്തു. ആ നിലപാടാണ് ‌ജനങ്ങളുടെ മുന്നിലിപ്പോഴുള്ളത്. നമ്മൾ ശബരിമലയ്ക്ക് എതിരല്ല. ശബരിമലയ്ക്ക് വേണ്ടിയുമല്ല. കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം വിശ്വാസം അവന്റെ സ്വകാര്യമായ അവകാശമാണ്. ആ സ്വകാര്യതയിൽ പാർട്ടി ഇടപെടരുത്.

യുവതീപ്രവേശന വിധിയെ സർക്കാർ അനുകൂലിച്ചത് അബദ്ധമായെന്നാണോ...?

- സർക്കാർ അല്ല അനുകൂലിച്ചത്. സുപ്രീംകോടതിയിൽ ഒരു റഫറൻസ് വന്നു. സുപ്രീംകോടതി ചോദിച്ചത്, എന്തുകൊണ്ട് ലിംഗവിവേചനം ആ അമ്പലത്തിൽ നടക്കുന്നുവെന്നാണ്. സർക്കാർ എന്ന നിലയിൽ പറഞ്ഞത്, ഇവിടെ ഞങ്ങൾ ലിംഗവിവേചനം നടത്തിയിട്ടില്ലെന്നാണ്. ആരെയും നിരോധിച്ചിട്ടില്ല. അത്രയേ ഉള്ളൂ സർക്കാരെടുത്ത നിലപാട്. അതിനെ വിവാദമുണ്ടാക്കി. അവിടെ ഒന്നു, രണ്ട് സ്ത്രീകളെ എത്തിച്ച് ബലം പ്രയോഗിച്ച് കയറ്റിയതായും അതിനെ തടയുന്നതായുമൊക്കെ കാണിച്ചു.

യുവതികളെ പ്രവേശിപ്പിച്ചത് അപ്പോൾ അമിതാവേശമായോ...?

- യുവതികൾ എങ്ങനെ വന്നുവെന്നൊക്കെ അവരോട് ചോദിക്കുക. യുവതികൾ തലേക്കെട്ടും കെട്ടി അവിടെ വന്നാൽ സർക്കാരിന് അടിച്ചോടിക്കാൻ പറ്റുമോ? അവർ ആക്ടിവിസ്റ്റുകളാണ്. അതിനെ സർക്കാരിന്റെ വലിയ വീഴ്ചയായും കമ്മ്യൂണിസ്റ്റുകാർ ഇങ്ങനെയാണെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയുമാണ് ബി.ജെ.പിയും കോൺഗ്രസും കാട്ടിയത്. ഒരു മതേതര രാഷ്ട്രത്തിൽ സ്വീകരിക്കരുതാത്തതാണ് അവർ സ്വീകരിച്ചത്. ഒരിക്കലും പാടില്ലാത്തതാണ്. പ്രത്യേകിച്ച് കോൺഗ്രസ്. ബി.ജെ.പിയെ പിന്നെ നമുക്കറിയാമല്ലോ. സർക്കാരുകളെ അട്ടിമറിച്ച് ഹിന്ദുരാഷ്ട്രം സ്ഥാപിക്കുകയാണ് അവരുടെ ലക്ഷ്യം. അതിന്റെ ഭാഗമാണിതൊക്കെ. ഹിന്ദുക്കളുടെ വികാരം കത്തിച്ച് ഇടതുപക്ഷത്തെ ശരിപ്പെടുത്തുക.

ആർ.എസ്.എസ് സൈദ്ധാന്തികൻ ബാലശങ്കർ സി.പി.എം- ബി.ജെ.പി ഡീൽ എന്നാരോപണമുന്നയിച്ചിട്ടുണ്ട്...?

- മാദ്ധ്യമങ്ങളാണ് ബാലശങ്കറിനെ ഉയർത്തിക്കൊണ്ടുവരുന്നത്. ഇത്രയും കാലം പറയാത്തത് ഇപ്പോളുയർത്തിക്കൊണ്ടുവരുന്നത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പറയുമ്പോൾ എന്താണ് സംഗതിയെന്നറിയില്ല. അതെല്ലാം ബി.ജെ.പിയുടെ കേന്ദ്രനേതൃത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. അത് ശരിയോ തെറ്റോ എന്ന് പറയേണ്ടത് ബി.ജെ.പി ദേശീയനേതൃത്വമാണ്.

ബി.ജെ.പി എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന ആറന്മുളയിലും ചെങ്ങന്നൂരിലും ദുർബലരെ സ്ഥാനാർത്ഥികളാക്കിയെന്ന് പറയുമ്പോൾ സാധാരണക്കാർക്ക് സംശയം തോന്നില്ലേ...?

- സ്ഥാനാർത്ഥികൾ ശക്തരോ ദുർബലരോ എന്നതൊക്കെ തിരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങി കുറേക്കഴിയുമ്പോഴേ അറിയാനാവൂ. നേമത്ത് മുരളീധരൻ വന്നാൽ നേമം എടുത്തുമറിച്ചിടുകയൊന്നുമില്ല. നമ്മുടെ കേരളത്തിലെ രാഷ്ട്രീയക്കാരും പൊതുജനങ്ങളും വളരെ പ്രബുദ്ധരാണ്. ഇന്ത്യ നിറഞ്ഞുനിന്ന കാമരാജ് നാടാർ, ഡി.എം.കെ വിദ്യാർത്ഥിനേതാവിനോടാണ് വിരുദുനഗറിൽ തോറ്റത്. അത് ഞെട്ടിപ്പിക്കുന്നതാണ്. എം.എൻ. ഗോവിന്ദൻനായരെ പോലൊരു ഭീഷ്മാചാര്യനെ ഒരു മേൽവിലാസവുമില്ലാതിരുന്ന കെ.എസ്.യുക്കാരനായ നീലൻ തോല്പിച്ചില്ലേ. ഇന്ദിരാഗാന്ധിയുടെ ആളായാണ് നീലന്റെ രംഗപ്രവേശം. നീലനും എം.എന്നും തമ്മിൽ താരതമ്യമില്ല. ഇലക്ഷൻ അങ്ങനെയാണ്. വൻതോക്കുകൾ ചിലപ്പോൾ വീണുപോകും.

നേമത്ത് മുരളീധരന്റെ പ്രവേശനം എന്ത് ചലനമുണ്ടാക്കും...?

- എനിക്ക് തോന്നുന്നത് കോൺഗ്രസിന്റെ വോട്ട് ബി.ജെ.പിക്ക് മറിക്കാനൊക്കില്ല, അത്രയേയുള്ളൂ. കോൺഗ്രസിന്റെ വോട്ട് മുരളി പിടിച്ചു മാറ്റിയാൽ ശിവൻകുട്ടി ജയിക്കുമെന്നുറപ്പാണ്. കാരണം വോട്ടിംഗ് നിലവാരം അങ്ങനെയാണ്. ബി.ജെ.പിക്കാർ അവരുടെ വോട്ട് പിടിക്കണമല്ലോ. ജയിക്കുമോ ഇല്ലയോയെന്ന് ഒ. രാജഗോപാലിന്റെ പ്രസ്താവന വരികൾക്കിടയിൽ വായിച്ചാൽ മനസ്സിലാകും. ബി.ജെ.പിയുടെ സ്ഥിതിയെന്തെന്ന് അദ്ദേഹം പറഞ്ഞുവച്ചിട്ടുണ്ട്. ബുദ്ധിയുള്ളവർക്കെല്ലാം അതെന്താണെന്നറിയാം.

ആഭ്യന്തരകലഹം രൂക്ഷമാണെങ്കിലും കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക വലിയ സന്ദേശം നൽകുന്നില്ലേ, മുരളിയുടെ സ്ഥാനാർത്ഥിത്വം, പുതുമുഖങ്ങൾ...?

- അവരുടെ സ്ഥാനാർത്ഥി പട്ടികയ്ക്ക് വലിയ കുഴപ്പമൊന്നുമില്ല. ചെറിയ അപശബ്ദങ്ങൾ സ്ഥാനം കിട്ടാത്തവർക്കിടയിലുണ്ടെന്നേയുള്ളൂ. പക്ഷേ അതുകൊണ്ട് മാത്രം പോരല്ലോ. രാജ്യഭരണം ഏറ്റെടുക്കാൻ കഴിവുള്ള പാർട്ടിയായി അഭിപ്രായവ്യത്യാസങ്ങളില്ലാതെ ജനങ്ങളുടെ മുന്നിൽ അവർക്ക് നിൽക്കാനാകുന്നില്ല. അവർ പരസ്പരം കടിച്ചുകീറുകയല്ലേ. ഇങ്ങനെയുള്ളവരുടെ കൈയിൽ ഭരണമെങ്ങനെ കൊടുക്കും. കോൺഗ്രസ് അനുയായികൾ തന്നെ നേതൃത്വത്തിന്റെ കടിപിടിയിൽ അസ്വസ്ഥരാണ്. നിരാശയുള്ളവരും ഇടതുചേരിയിലേക്ക് ഇത്തവണ മാറാനാണ് സാദ്ധ്യത.

സി.പി.ഐയിലായാലും സി.പി.എമ്മിലായാലും താങ്കളെപോലുള്ള മുൻനിര നേതാക്കൾ മത്സരിക്കാത്ത തിരഞ്ഞെടുപ്പാണിത്...?

- മുൻനിരയിലുള്ളവർ കുറച്ച് മാറിക്കൊടുത്തില്ലെങ്കിൽ വംശനാശം വരില്ലേ പാർട്ടികൾക്ക്. സി.പി.എം എടുത്ത നിലപാട് നല്ലതാണ്. നമ്മൾ അതിന് മുമ്പുതന്നെ മൂന്ന് തവണ കർശനമാക്കി. രണ്ട് തവണ മത്സരിച്ചവർ വേണ്ടെന്ന് മുമ്പ് തീരുമാനിച്ചു. അനുഭവസമ്പത്തുള്ളവരെയെല്ലാം ഒഴിവാക്കുന്നത് ശരിയാണോയെന്ന വിഷയം വീണ്ടും വന്നു. അങ്ങനെ മൂന്നുതവണയാക്കി. എന്നെ സംബന്ധിച്ച് മൂന്നും കഴിഞ്ഞു. പാർലമെന്റിലും മത്സരിച്ചു. പാർലമെന്ററി രംഗത്താണ് പുതുമുഖങ്ങളെ പരിഗണിക്കുന്നത്. പാർട്ടി കെട്ടിപ്പടുക്കാനും പാർട്ടിയുടെ സംഘടന കൊണ്ടുപോകാനും അനുഭവസമ്പത്ത് അനിവാര്യമാണ്.

അനുഭപരിചയമുള്ളവരുടെ സാന്നിദ്ധ്യം ഭരണ- പ്രതിപക്ഷങ്ങളേറ്റുമുട്ടുമ്പോൾ അനിവാര്യമല്ലേ...?

- ഞങ്ങളുണ്ടെങ്കിലേ പറ്റൂവെന്ന് പറഞ്ഞ് കടിച്ചുതൂങ്ങിയിരിക്കുന്നതൊന്നും ഒരു പ്രസ്ഥാനത്തിനും നല്ലതല്ല. ആളുകൾ 50 കൊല്ലം മണ്ഡലത്തിലെ എം.എൽ.എയായി എന്നൊക്കെ പറയുന്നത് ജനാധിപത്യത്തോടുള്ള ഏറ്റവും വലിയ അവഹേളനമാണ്. ആ 50 കൊല്ലം എന്തായിരുന്നു അവിടത്തെ സ്ഥിതി. ആ പ്രസ്ഥാനത്തിന് വേണ്ടി അവിടെ നിന്നവർ വയസ്സന്മാരായി അവസരമില്ലാതെ പോകുന്നു. അതൊക്കെ ബൂർഷ്വാ ജനാധിപത്യത്തിൽ അതിനും വലിയ മാർക്കറ്റുണ്ടാകുന്നു. അതൊക്കെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ആരോഗ്യകരമായ പാർലമെന്ററി ജനാധിപത്യത്തിന്, രണ്ടോ മൂന്നോ ടേമല്ലാതെ അതിനപ്പുറത്തേക്ക് അനിശ്ചിതമായി പോകുകയെന്ന് പറയുന്നത് ഞങ്ങളെ പോലുള്ള പാർട്ടിക്ക് പറ്റില്ല.

വനിതാ പ്രാതിനിദ്ധ്യത്തിൽ മൂന്ന് മുന്നണികളും കണക്കാണെന്ന് സി.പി.ഐ നേതാവ് ആനി രാജ പോലും പറഞ്ഞു. സി.പി.ഐയിൽ ഇക്കുറി തീർത്തും ശുഷ്കമാണ് വനിതാപ്രാതിനിദ്ധ്യം...?

- സി.പി.ഐക്ക് കഴിഞ്ഞ തവണ നാല് പേർ മത്സരിച്ചു. മൂന്ന് എം.എൽ.എമാരുണ്ടായി. ഇത്തവണ രണ്ട് പേർ മത്സരിക്കുന്നതിൽ ഒരാളെ പരിഗണിച്ചത് തന്നെ വലിയ ബലപ്രയോഗത്താലാണ്. പാർട്ടിയിൽ സംവരണം കൊടുത്ത് നേതാവിനെ സൃഷ്ടിച്ച് കൊണ്ടുവരണമെന്ന് പറയുന്നത് ശരിയായ വഴിയല്ല. കെ.ആർ. ഗൗരി അമ്മ എങ്ങനെയാണ് കേരളത്തിൽ വലിയ ശക്തിയായത്. അവർക്കെന്ത് സംരക്ഷണമാണ് കിട്ടിയത്. അവർ പുരുഷന്മാർക്കൊപ്പം ജയിലിലും സമരങ്ങളിലും ധീരത കാണിച്ചു. റോസമ്മ പുന്നൂസ്, 57ലെ ഇ.എം.എസ് മന്ത്രിസഭയിൽ ഡെപ്യൂട്ടി സ്പീക്കറായ ഐഷബായി ഇവരൊക്കെയുണ്ട്. അന്നൊരു മുസ്ലിം സ്ത്രീ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഡെപ്യൂട്ടി സ്പീക്കറാകുന്നത് വലിയ കാര്യമാണ്. അതൊക്കെ ഒരു കാലഘട്ടത്തിൽ പ്രസ്ഥാനത്തിനൊപ്പം വന്ന് പാർട്ടിക്ക് ഒഴിവാക്കാൻ പറ്റാത്തവരായി മാറിയവരാണ്. പ്രസ്ഥാനത്തിന് ഒഴിവാക്കാൻ സാദ്ധ്യമല്ലെന്ന് നമ്മുടെ ആളുകൾ തെളിയിക്കണം.

അവസരം കൊടുത്താലല്ലേ തെളിയിക്കാനാവൂ...?

- അവസരം കൊടുക്കണമെന്ന് തന്നെയാണ് പാർട്ടിയുടെ നയം. പാർട്ടിയുടെ ജില്ലാ സെക്രട്ടറിയാക്കാവുന്നവരെ ആക്കണം. സംഘടനാരംഗത്തും പാർലമെന്ററിരംഗത്തും പ്രമോട്ട് ചെയ്യണമെന്നൊക്കെ പാർട്ടിയിൽ ഞങ്ങളെല്ലാം പറയും, അണികളെല്ലാം കേൾക്കും. സമയമാകുമ്പോൾ പുരുഷമേധാവിത്വമുള്ള കമ്മിറ്റികളിൽ അവർ പറയും നമ്മൾക്ക് മത്സരിക്കണമെന്ന്. അപ്പോൾ സ്ത്രീകൾ തള്ളിപ്പോകും. ആനിരാജയുടെ പരാതി 100 ശതമാനം ശരിയാണ്. കോൺഗ്രസ് ആർക്കും വേണ്ടാത്ത സീറ്റുകളല്ലേ സ്ത്രീകൾക്ക് കൊടുക്കുന്നത്. സി.പി.എം വിജയസാദ്ധ്യതയുള്ള സീറ്റുകൾ കൊടുക്കാറുണ്ട്. ഞങ്ങളും ജയസാദ്ധ്യതയുള്ള സീറ്റുകളാണിപ്പോൾ കൊടുത്തിരിക്കുന്നത്. ചടയമംഗലത്ത് വലിയ പ്രതിരോധമുയർന്നിട്ടും ഞങ്ങൾ ഒരു വിട്ടുവീഴ്ചയും ചെയ്തില്ല. സ്ത്രീക്ക് കൊടുക്കണമെന്ന് നിലപാടെടുത്തു. അണികളെ നിർബന്ധിച്ച് അതിലേക്ക് കൊണ്ടുവന്നേ പറ്റൂ.

ലതിക സുഭാഷിന്റെ തല മുണ്ഡനവിവാദം...?

- അവരെ ആരോ പറഞ്ഞ് പറ്റിച്ചുവെന്നാണ് തോന്നുന്നത്. സ്ത്രീകളൊരിക്കലും വിശ്വാസവഞ്ചന പൊറുക്കില്ല. വഞ്ചിച്ചാൽ വല്ലാത്ത രീതിയിലവർ പ്രതികരിക്കും. ലതിക സുഭാഷിന് സീറ്റ് കൊടുക്കാമെന്ന് പറഞ്ഞ് ആരോ വഞ്ചിച്ചു. വി.എസിനെതിരെ അവർ മത്സരിച്ചതാണ്. ഇപ്പോളവർക്ക് താങ്ങാനാവാത്ത പ്രയാസം വന്നു. അത് പക്ഷേ യു.ഡി.എഫിന് വളരെയധികം മണ്ഡലങ്ങളിൽ പ്രതിഫലിക്കും. സ്ത്രീകളിതെല്ലാം നോക്കിക്കൊണ്ടിരിക്കുകയാണ്. ശബരിമല പാർലമെന്റിൽ ഇങ്ങനെ വരുത്തിവയ്ക്കുമെന്ന് ഞങ്ങളൊരിക്കലും ചിന്തിച്ചില്ല. സ്ത്രീവോട്ടർമാരാണ് അത് ചെയ്തത്. ഇത്തവണ ലതികയുടെ സംഭവം വൈകാരികമായ വിഷയമാണ്. അതിനെ മോശമായി ചിത്രീകരിക്കുന്നത് ശരിയല്ല.