
പൂവാർ: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ പൂവാറിന്റെ വികസനം കടലാസിലൊതുങ്ങി പോകുന്നു.
കോവളം കഴിഞ്ഞാൽ അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ പൂവാറിന് അർഹമായ സ്ഥാനമുണ്ട്. എന്നാൽ പൂവാറിലെത്തുന്ന ടൂറിസ്റ്റുകൾക്ക് അതിന്റെ പരിഗണന ലഭിക്കുന്നില്ലെന്നാണ് പരാതി.
അടുത്ത കാലത്ത് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഒരു ബഹുനില മന്ദിരം വന്നു എന്നതാണ് പ്രധാന മാറ്റം. അതൊഴിച്ചാൽ അടിസ്ഥാന വികസനം പോലും എങ്ങുമെത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
പൊഴിക്കരയിൽ അടിസ്ഥാന സൗകര്യം ഒരുക്കാൻ നടത്തിയ ശ്രമങ്ങൾ വിജയം കണ്ടില്ല. ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ കുട്ടികളുടെ പാർക്ക് നിർമ്മാണം പൂർത്തിയായിട്ടില്ല. വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച ആയോധന കലാ പരിശീലന കേന്ദ്രവും നവീകരണമില്ലാതെ നാശത്തിന്റെ വക്കിലാണ്.
പൂവാറിന്റെ വികസനം ടൂറിസവുമായി ബന്ധപ്പെട്ടാണ് നിലകൊള്ളുന്നത്. പൂവാറിൽ വർഷങ്ങൾക്ക് മുൻപ് തന്നെ ടൂറിസ്റ്റ് ബംഗ്ലാവുണ്ടായിരുന്നു. അതിന്റെ 3 ഏക്കർ വരുന്ന സ്ഥലത്താണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി ഡിപ്പോ പ്രവർത്തിക്കുന്നത്. ഈ സ്ഥലം പൂവാറിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തണമെന്നാണ് ആവശ്യം.
ജംഗ്ഷന് പോലുമില്ല വികസനം
മെയിൻ റോഡ് സദാസമയവും തിരക്കാണ്. സ്റ്റാൻഡിൽ നിന്നും ബസുകൾ അകത്തേക്കും പുറത്തേക്കും പോകുമ്പോൾ റോഡിൽ ട്രാഫിക്ക് ജാമാകും. ഇത് പലപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നു. ജംഗ്ഷനിൽ നിന്നും ബീച്ചിലേക്കും, പൊഴിക്കരയിലേക്കും ചെറു വാഹനങ്ങൾക്ക് മാത്രമേ പോകാൻ കഴിയൂ.വലിയ വാഹനത്തിൽ എത്തുന്ന ടൂറിസ്റ്റുകൾ പലപ്പോഴും ഇക്കാരണത്താൽ മറ്റ് കേന്ദ്രങ്ങളിൽ ചേക്കേറുകയാണ് പതിവ്. കൂടാതെ നിലവിലെ പാത കാൽനടയാത്രയ്ക്ക് പോലും യോഗ്യമല്ല. ഇതിന്റെ നവീകരണം നടന്നിട്ട് വർഷങ്ങളായി.
വികസനത്തിന് തടസമായി
ടൂറിസ്റ്റുകൾ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ല
ഗതാഗതക്കുരുക്ക് രൂക്ഷം
അനധികൃത പാർക്കിംഗ്
ചെറിയ പാലത്തിന് സമീപത്തെ അനധികൃത ചന്തയും മാലിന്യങ്ങളും
ടാക്സി, ഓട്ടോ സ്റ്റാൻഡും ഇല്ല
തിരക്കുള്ള ഈ ജംഗ്ഷനിൽ ഒരു മൂത്രപ്പുര പോലും ഇല്ല
ലൈഫ് ഗാർഡുകൾക്ക് പോലും വിശ്രമിക്കാൻ ഇടമില്ല
ആവശ്യങ്ങൾ
ബസ് സ്റ്റാൻഡിന് പിറകുവശത്തെ ചകിരിയാറും മുട്ടയാറും ശുദ്ധീകരിക്കണം
ബീച്ച് റോഡ് നവീകരിച്ച് വലിയ വാഹനങ്ങൾ പൊഴിക്കരയിൽ എത്തിക്കണം
വിഴിഞ്ഞം പൂവാർ തിരിയുന്ന ഭാഗം വീതി കൂട്ടണം
പൂവാർ കടവ് നവീകരിക്കണം
പൊഴിക്കരയിലെ ബോട്ട് സർവീസ് ബസ് സ്റ്റാൻഡുമായി ബന്ധിപ്പിക്കണം
മുട്ടയാറിന്റെ ആറാട്ട് കടവ് മുതൽ ചകിരിയാർ വഴി നെയ്യാറിൽ പ്രവേശിച്ച് പൊഴിമുഖത്ത് അവസാനിക്കുന്ന ബോട്ട് സർട്ടീസ് ആരംഭിക്കണം
പാർക്കിംഗിന് പ്രത്യേക സ്ഥലം കണ്ടെത്തണം
ഒരു ചരിത്ര മ്യൂസിയം പൂവാറിൽ സ്ഥാപിക്കണം