തിരുവനന്തപുരം: പ്രധാമന്ത്രിയുടെ ഓഫീസുമായി അടുപ്പമുണ്ടെന്ന വ്യാജേന കേന്ദ്രീയവിദ്യാലയത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് സ്വകാര്യ വിദ്യാലയത്തിലെ അദ്ധ്യാപികയിൽ നിന്ന് 56 ലക്ഷം തട്ടിയയാൾ പിടിയിൽ. തൃശൂർ കൊണ്ടാഴി മണിയൻകോട്ടിൽ സുധീറിനെയാണ് (45) കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. സുപ്രീംകോടതിയിലെ അഭിഭാഷകനാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസുമായി തനിക്ക് ബന്ധമുണ്ടെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെടുത്തി പലരിൽ നിന്നായി ഇയാൾ ലക്ഷങ്ങൾ തട്ടിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 2019ൽ നടന്ന തട്ടിപ്പിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്.
കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള അദ്ധ്യാപക നിയമനത്തിനാണെന്ന വ്യാജേന ഇയാൾ വഞ്ചിയൂരിൽ വച്ച് എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തിയിരുന്നു. തുടർന്ന് വ്യാജ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. പരീക്ഷയിൽ ഒന്നാമതെത്തിയെന്ന് കാണിച്ചാണ് ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് 56 ലക്ഷം രൂപ ആവശ്യപ്പെട്ടത്. തുടർന്ന് തിരുവനന്തപുരത്തെ ബാങ്കിലൂടെ പണമിടപാടും നടത്തി. എന്നാൽ തട്ടിപ്പു സംബന്ധിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ചിലർ വിവരം പങ്കുവെച്ചതോടെയാണ് പറ്റിക്കപ്പെട്ടെന്ന് അദ്ധ്യാപിക തിരിച്ചറിഞ്ഞത്. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. അന്വേഷണം ആരംഭിച്ചതോടെ സമൂഹമാദ്ധ്യമങ്ങളിലെ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്ത് ഇയാൾ ഒളിവിൽ പോയി.
ഇതിനിടയിൽ സംസ്ഥാനത്ത് പലയിടങ്ങളിൽ നിന്ന് വിവാഹവും കഴിച്ചു. ഒറ്റപ്പാലത്തുള്ള സുഹൃത്തിനെ ബന്ധപ്പെട്ടാണ് തൃശൂരിൽ നിന്ന് കഴിഞ്ഞ ദിവസം പൊലീസ് ഇയാളെ വലയിലാക്കിയത്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ തൊഴിൽ, വിവാഹ തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതികളുണ്ടെന്ന് പൊലീസ് അറിയിച്ചു.