കല്ലമ്പലം: പൊലീസ് പിന്തുടർന്നത് കണ്ട് അഞ്ചംഗസംഘം കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കഠിനംകുളം പൊലീസാണ് കാറിനെ പിന്തുടർന്നത്. തുടർന്ന് കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയിലെത്തിയപ്പോൾ അഞ്ചംഗ സംഘം കാർ കപ്പാംവിള ജംഗ്ഷനിൽ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. കല്ലമ്പലം പൊലീസ് കാർ കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് കപ്പാംവിള മുസ്ലിം പള്ളിക്ക് മുന്നിൽ ചുവന്ന സ്വിഫ്റ്റ് കാറുപേക്ഷിച്ച് അഞ്ചംഗസംഘം കടന്നുകളഞ്ഞത്. പിന്നാലെ എത്തിയ കഠിനംകുളം പൊലീസിന് ലോക്കിട്ട നിലയിൽ കാർ മാത്രമാണ് കാണാൻ കഴിഞ്ഞത്. ഇതിനിടയിൽ സംഭവമറിഞ്ഞ് കല്ലമ്പലം പൊലീസുമെത്തി. കാറിന്റെ ചില്ല് പൊട്ടിച്ച് ലോക്കിളക്കി റിക്കവറി വാഹനം വരുത്തി കാർ സ്റ്റേഷനിലേക്ക് മാറ്റി. കാറിലുണ്ടായിരുന്ന യുവാക്കൾക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പൊലീസ് പിന്തുടരുന്നത് മനസിലാക്കിയ സംഘം കാറിൽ എണ്ണ തീർന്നുവെന്ന വ്യാജേന പള്ളിക്ക് മുന്നിൽ വണ്ടി നിറുത്തി രക്ഷപ്പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കഠിനംകുളം സ്റ്റേഷൻ പരിധിയിലുള്ള ഒരു കേസിലെ പ്രതികളാണിവർ എന്ന് സംശയിക്കുന്നതായും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിന്തുടർന്നതെന്നും കഠിനംകുളം പൊലീസ് പറഞ്ഞു. പ്രതികൾക്കായി അന്വേഷണം നടക്കുകയാണ്.