chandrashekharan

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലത്തിലെ വടക്ക് കിഴക്കേ അറ്റം. കർണ്ണാടക വനാതിർത്തിയോട് ചേർന്നുള്ള പനത്തടി പഞ്ചായത്ത്. കുടിയേറ്റ കർഷകർ പൊന്നുവിളയിച്ച മലയോരം. ഇടതുപക്ഷ സ്ഥാനാർത്ഥി ഇ. ചന്ദ്രശേഖരന്റെ പ്രചരണ പരിപാടി പനത്തടി പഞ്ചായത്തിലെ ചെറു പനത്തടിയിൽ കൃത്യം രാവിലെ 9 ന് തന്നെ തുടങ്ങി. ചാമുണ്ഡിക്കുന്ന്, പ്രാന്തർ കാവ്, ബളാന്തോട്, പനത്തടി പാണത്തൂർ, ചെമ്പേരി പ്രദേശങ്ങളിലായി നടന്ന പ്രചാരണ പ്രവർത്തനങ്ങളിൽ മീനച്ചൂടിലും ആളുകൾ തടിച്ചു കൂടി. ചെങ്കുത്തായ വളവുകളും ഇറക്കങ്ങളും കുറഞ്ഞ രാജകീയ പ്രൗഢിയോടെ നിൽക്കുന്ന മലയോരത്തിലെ റോഡുകൾ യാത്ര സുഗമമാക്കി. പ്രദേശത്തെ ജനങ്ങൾക്കിടയിലും ഈ സംതൃപ്തി കാണാം. തലയെടുപ്പോടെ നിൽക്കുന്ന മലയോരത്തെ സർക്കാർ സ്‌കൂളുകളിൽ ചന്ദ്രശേഖരന്റെ വികസനത്തിന്റെ കരുതലിന്റെ തിളക്കം. ഗവ. ഹയർ സെക്കൻഡറി ബളാംന്തോട്, ജി.എച്ച്.എസ്. ചാമുണ്ഡിക്കുന്ന്, ജി.എച്ച്.എസ് പാണത്തൂർ സ്‌കൂളുകളിലും ചന്ദ്രശേഖരനും നേതാക്കളും സന്ദർശിച്ചു. തലശ്ശേരി രൂപത സെന്റ് ജോസഫ് ചർച്ച്, സെന്റ മേരീസ് കോളേജ് എന്നിവിടങ്ങളിലും ഇടതുപക്ഷ സ്ഥാനാർത്ഥി എത്തി. സ്ഥാനാർത്ഥിയോടൊപ്പം എൽ.ഡി.എഫ് നേതാക്കളായ എം.വി. കൃഷ്ണൻ, പി. രാജൻ, ടി.ജി. മോഹനൻ, സുനിൽ മാടക്കാൽ, എം.സി. മാധവൻ, പി.എം. കുര്യാക്കോസ്, മുൻ എം.എൽ.എ. എം. കുമാരൻ, കെ.ടി. മോഹന ചന്ദ്രൻ, കെ.പി. സുരേഷ്, സണ്ണി, ഹരിദാസ്, ഷാജിലാൽ, അഡ്വ. മോഹൻ കുമാർ, പി. തമ്പാൻ, കെ.കെ. സുകുമാരൻ, പ്രസന്ന പ്രമോദ്, പത്മകുമാരി തുടങ്ങിയവർ സംബന്ധിച്ചു.