fire

കൊച്ചി: തീ അണക്കാൻ വെള്ളമില്ലാതെ കൊച്ചിയിലെ അഗ്‌നിശമന സേന. ചൂട് ക്രമാതീതമായി ഉയർന്നതിനാൽ നഗരത്തിൽ നിരവധി തീ പിടുത്തങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇത് അണക്കാൻ വെള്ളമില്ലാതെ പെടാപ്പാടുപെടുകയാണ് നഗരത്തിലെ അഗ്‌നിശമനാംഗങ്ങൾ. ആവശ്യസമയങ്ങളിൽ തീയണക്കാൻ റോഡിൽ ഫയർ ഹൈഡ്രന്റ് സ്ഥാപിക്കണം എന്ന് നിയമമുണ്ട്. എന്നാൽ ഇത് കൊച്ചിയിൽ വളരെ ചുരുക്കം മാത്രമെ നടപ്പിലാക്കിയിട്ടുള്ളു. തീപിടുത്തമുണ്ടായാൽ അതത് ഫയർ സ്റ്റേഷനുകളിൽ നിന്നും വരുന്ന വണ്ടികളിൽ വെള്ളം നിറച്ചാണ് വരുന്നത്. അത് മതിയായില്ലെങ്കിൽ റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള ഫയർ ഹൈഡ്രന്റുവഴി ഹോസിട്ട് വെള്ളം പമ്പുചെയ്യാവുന്നതാണ്. എന്നാൽ നഗരത്തിൽ പ്രധാന സ്ഥലങ്ങളിൽ പോലും ഇവ ഇല്ലാത്തതിനാൽ ഫയർ സ്റ്റേഷനുകളിൽ നിന്നും വെള്ളം എത്തിക്കുകയാണ് പതിവ്. നഗരത്തിൽ എത്രയും വേഗം ഫയർ ഹൈഡ്രന്റുകൾ സ്ഥാപിക്കണം ആവശ്യപ്പെട്ട് നഗരസഭയക്ക് പലതവണ അഗ്‌നിശമനാംഗങ്ങൾ പരാതി നൽകിയിട്ടുള്ളതാണ്. എന്നാൽ തീവ്രത ഏറിയ പല തീ പിടുത്തങ്ങൾ ഉണ്ടായിട്ടും അധികൃതർ ഇതിന് വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല. ഫയർ ഹൈഡ്രന്റുകൾ വഴി വെള്ളം പമ്പു ചെയ്താൽ പെട്ടന്ന് തീയണക്കുന്നതിനും സമയനഷ്ടം ഉണ്ടാവാതിരിക്കുന്നതിനും സഹായകമാകും. എന്നാൽ ഇവ ഇല്ലാത്തതിനാൽ വലിയ തോതിലുള്ള സമയ നഷ്ടമാണ് അഗ്‌നിശമന സേന നേരിടുന്നത്. തീപിടുത്തമുണ്ടായാൽ അത് അണച്ചു കഴിഞ്ഞാൽ ഫയർ സ്റ്റേഷനുകളിലെ ടാങ്കുകൾ കാലിയാകും. കൂടുതൽ വെള്ളം ആവശ്യം വന്നാൽ അമ്പലക്കുളങ്ങളിൽ നിന്നും മറ്റും പമ്പുചെയ്യുകയാണ് അധികൃതർ ചെയ്യുന്നത്. ജില്ലയിൽ ആലുവയിലും പിറവത്തും മറ്റുമായി വിരലിലെണ്ണാവുന്ന സ്ഥലങ്ങളിൽ മാത്രമേ ഫയർ ഹൈഡ്രന്റുകൾ സ്ഥാപിച്ചിട്ടുള്ളു. എല്ലാ ഫയർ സ്‌റ്റേഷനുകളിൽ നിന്നും വണ്ടിയിൽ വെള്ളം നിറച്ച് വന്നുപോകുകയായിരുന്നു ചെയ്തിരുന്നത്. ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ തീപിടുത്തം ഉണ്ടായപ്പോഴും ഇതുതന്നെയായിരുന്നു നേരിട്ട പ്രധാന വെല്ലുവിളി എന്നും അവർ പറയുന്നു. ചൂട് ക്രമാതീതമായി വർദ്ധിച്ചതിനാൽ തീപിടുത്തങ്ങളും വർദ്ധിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.
ചൂടുകൂടുതലായതിനാൽ മാലിന്യങ്ങളിലെ മീഥെയിനിന്റെ അളവ് കൂടി അതിൽ നിന്നും തീ അതിവേഗം പടരാൻ കാരണമാകുമെന്ന് അധികൃതർ പറയുന്നു. ഇത്രേയേറെ സുരക്ഷാ ഭീഷണിയാണ് നഗരത്തിൽ നിലനിൽക്കുന്നതെന്നും മാർക്കറ്റ്, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ ഫയർ ഹൈഡ്രന്റുകൾ എത്രയും വേഗം സ്ഥാപിക്കണന്നും അഗ്‌നിശമനാംഗങ്ങൾ പറയുന്നു.

ഫയർ ഹൈഡ്രന്റ് അനിവാര്യം :

' തീപിടുത്തം ഉണ്ടാകുമ്പോൾ തൊട്ടടുത്തു തന്നെ ഫയർ ഹൈഡ്രന്റ് ഉള്ളത് വളരെ സഹായകരമാണ്. തീ പിടുത്തം ഉണ്ടായാൽ വെള്ളം എടുക്കാൻ അഗ്‌നിശമന നിലയത്തിൽ നിന്നും വേണം എടുക്കാൻ ഇത് തീ പിടുത്തത്തിന്റെ തീവ്രത വർദ്ധിപ്പിക്കും.

എ. എസ്.ജോജി
ജില്ലാ ഫയർ ഓഫീസർ