
ആഡംബര കാറുകൾ, ബംഗ്ലാവുകൾ, കോടികളുടെ സ്വത്ത് വകകൾ... സ്ഥാനാർത്ഥികൾ തങ്ങളുടെ ആസ്തിവിവരങ്ങൾ പുറത്തുവിടുന്നതിനിടയിൽ വ്യത്യസ്തനായ ഒരാളെ കാണാൻ സാധിക്കും. തമിഴ്നാട്ടിലെ തിരുത്തുറൈപ്പൂണ്ടി മണ്ഡലത്തിലെ സി.പി.ഐ സ്ഥാനാർത്ഥിയായ കെ. മാരിമുത്തു എന്ന സി.പി.ഐ സ്ഥാനാർത്ഥിയാണത്. അടച്ചുറപ്പുള്ള കോൺക്രീറ്റ് വീട് പോലുമില്ലാത്ത ഇദ്ദേഹം 1994 മുതൽ രാഷ്ട്രീയത്തിൽ സജീവമാണ്. ഇന്നും അദ്ദേഹത്തിന്റെ കുടുംബം പലപ്പോഴും മൺപാത്ര അടുപ്പിനെയാണ് ആശ്രയിക്കുന്നത്. ഗ്യാസ് സിലിണ്ടർ തീരുമ്പോൾ അത് മറ്റൊന്ന് വാങ്ങാനുള്ള വരുമാനമില്ലാത്തതിനാലാണിതെന്ന് മാരിമുത്തു പറയുന്നു.
കടുവക്കുടി ഗ്രാമത്തിൽ താമസിക്കുന്ന മാരിമുത്തുവിന്റെ കൊച്ചുകൂരയുടെ മേൽക്കൂര രണ്ട് വർഷം മുമ്പ് ഗജ ചുഴലിക്കാറ്റിനെ തുടർന്ന് തകർന്ന് വീണിരുന്നു. വീട് മോടിപിടിപ്പിക്കാൻ കഴിയാത്തതിനാൽ ടാർപോളിൻ ഷീറ്റും ഓലയും കൊണ്ട് മേൽക്കൂര പാകി. മാരിമുത്തുവിന്റെ അമ്മയും ഭാര്യ ജയസുധയും കർഷക തൊഴിലാളികളാണ്.
കഴിഞ്ഞ 13 വർഷമായി സി.പി.ഐ കോട്ടൂർ യൂണിയന്റെ സെക്രട്ടറിയാണ് മാരിമുത്തു. സാമൂഹ്യപ്രവർത്തകനായ മാരിമുത്തുവിനെ നാട്ടുകാർക്കും വളരെ കാര്യമാണ്. അവരുടെ പിന്തുണയോടെയാണ് മാരിമുത്തു മത്സരത്തിനിറങ്ങുന്നത്. പാർട്ടിയ്ക്ക് വേണ്ടി രാപകൽ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന കൊമേഴ്സ് ബിരുദധാരി കൂടിയായ മാരിമുത്തു തന്റെ ഗ്രാമത്തിലുള്ളവർക്ക് വേണ്ടി ഒരുപാട് ക്ഷേമപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
ഗജ ചുഴലിക്കാറ്റിൽ കടുവക്കുടി ഗ്രാമത്തിൽ തകർന്ന വീടുകൾ നന്നാക്കാൻ വിവിധ സംഘടനകൾ ധനസഹായ നൽകിയിരുന്നു. എന്നാൽ, തനിക്ക് ലഭിച്ച ധനസഹായം കൂടി മറ്റുള്ള വീടുകൾ നന്നാക്കാനാണ് മാരിമുത്തു വിനിയോഗിച്ചതെന്ന് നാട്ടുകാർ പറയുന്നു. വീടും കൃഷിയിടവുമുൾപ്പെടെ 2 ലക്ഷം രൂപയുടെ വസ്തുവും 2 പവൻ സ്വർണവുമാണ് മാരിമുത്തുവിന്റെ സമ്പാദ്യം.
തിരുത്തുറൈപ്പൂണ്ടി ഇടതുപക്ഷത്തിന് സ്വാധീനമുള്ള മണ്ഡലമാണ്. ഇവിടത്തെ നിലവിലെ സിറ്റിംഗ് എം.എൽ.എ ഡി.എം.കെയിൽ നിന്നാണ് ( ഡി.എം.കെ സഖ്യത്തിന്റെ ഭാഗമാണ് ഇടതുപക്ഷം ). ഇത്തവണ ഇവിടെ സി.പി.ഐ ടിക്കറ്റിൽ മാരിമുത്തുവിന് വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.