kodiyeri

തിരുവനന്തപുരം: ആർ.എസ്.എസ് അജൻഡയുടെ ഭാഗമായാണ് പി.സി. തോമസിന്റെ കേരള കോൺഗ്രസിൽ പി.ജെ. ജോസഫ് വിഭാഗം ലയിച്ചതെന്ന് സി.പി.എം പൊളി​റ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ജോസഫിനെ ബി.ജെ.പിയിലെത്തിക്കാനുള്ള തന്ത്രമാണിത്. ഇ.എം.എസിന്റെ 23-ാം ചരമവാർഷിക ദിനത്തിൽ തിരുവനന്തപുരത്തെ ഇ.എം.എസ് പ്രതിമയിൽ പുഷ്പാർച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രൈസ്‌തവ വോട്ടിൽ കണ്ണുവച്ചാണ് ആർ.എസ്.എസിന്റെ നീക്കം. ബി.ജെ.പി നേതാക്കൾ ക്രൈസ്തവ സഭകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് കേരള കോൺഗ്രസ് ലയനത്തിന് വഴിയൊരുക്കിയത്.

ഇടതുമുന്നണിക്ക് ഭരണത്തുടർച്ച വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. നേമത്ത് ശക്തനെ നിറുത്തുമെന്ന് കോൺഗ്രസ് പറഞ്ഞു. എന്നാൽ അത്ര ശക്തൻ ഒന്നുമല്ല വന്നത്. പലയിടങ്ങളിലും തോ​റ്റ ആളാണ്. തിരഞ്ഞെടുപ്പ് ജയിക്കാൻ യു.ഡി.എഫ് ജമാ അത്ത് ഇസ്ലാമിയുമായി പരസ്യകൂട്ടുക്കെട്ട് ഉണ്ടാക്കിയിരിക്കുകയാണ്.

 ബാലശങ്കറിന് കേരളത്തെക്കുറിച്ചറിയില്ല

ആർ.എസ്.എസ്-സി.പി.എം രഹസ്യധാരണ ആരോപിക്കുന്ന ബാലശങ്കറിന് കേരളത്തെക്കുറിച്ചൊന്നുമറിയില്ല. സീ​റ്റ് കിട്ടാത്തതിലുള്ള ജാള്യത മറയ്‌ക്കാനാണ് പ്രസ്‌താവന. ചെങ്ങന്നൂരിലും കോന്നിയിലും ആറന്മുളയിലും ബി.ജെ.പിയെ തോൽപിച്ചാണ് ഇടതുമുന്നണി വിജയിച്ചതെന്ന് ബാലശങ്കറിന് അറിയില്ല. സി.പി.എം ഒരിടത്തും കള്ളവോട്ട് ചെയ്യാറില്ല. പല ബൂത്തുകളിലും വോട്ടർപട്ടികയിൽ ഇരട്ടിപ്പുണ്ടെന്നാണ് ആക്ഷേപം. അതിലൊക്കെ നടപടി എടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണ്. കോൺഗ്രസാണ് വോട്ടർ പട്ടികയിൽ കൃത്രിമം കാട്ടുന്നതെന്നും കോടിയേരി പറഞ്ഞു.