tamilnadu

തിരുച്ചിറപ്പള്ളി റവന്യു ജില്ലയിലെ 9 നിയമസഭാ മണ്ഡലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശ്രീരംഗം. അന്തരിച്ച എ.ഐ.എ.ഡി.എം.കെ നേതാവ് ജയലളിതയുടെ തട്ടകങ്ങളിൽ ഒന്നായിരുന്നു ശ്രീരംഗം. തലൈവിയില്ലാത്ത ആദ്യത്തെ നിയമസഭാ യുദ്ധത്തിനിറങ്ങുന്ന എ.ഐ.എ.ഡി.എം.കെ കേഡറിനെ സംബന്ധിച്ചിടത്തോളം ശ്രീരംഗം അഭിമാന പോരാട്ടത്തിന്റെ വേദി കൂടിയാണ്.

ശ്രീരംഗത്തെ ജയം ജയലളിതയ്ക്ക് സമർപ്പിക്കാനാണ് അണ്ണാ ഡി.എം.കെ പ്രവർത്തകർ കാത്തിരിക്കുന്നത്. പ്രശസ്തമായ ശ്രീരംഗനാഥസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ശ്രീരംഗത്ത് മുതലിയാർ, ദളിത്, ബ്രാഹ്മണർ, നായിഡു തുടങ്ങിയ വിഭാഗങ്ങൾക്ക് സ്വാധീനം ഏറെയാണ്. കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ് ഇവിടെ ഏറെയും.

2011ൽ ശ്രീരംഗത്ത് മത്സരിച്ച ജയലളിത വമ്പൻ ഭൂരിപക്ഷത്തോടെയാണ് ജയിച്ച് മുഖ്യമന്ത്രിയായത്. അതോടെയാണ് ഗ്ലാമർ മണ്ഡലങ്ങളിലൊന്നായി ശ്രീരംഗം മാറിയത്. നിരവധി വികസന പ്രവർത്തനങ്ങൾ ജയലളിത ഇവിടെ ചെയ്തിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ബട്ടർഫ്ലൈ പാർക്ക്, ടി.എൻ.പി.എൽ ( തമിഴ്നാട് ന്യൂസ്പ്രിന്റ് ആൻഡ് പേപ്പേഴ്സ് ലിമിറ്റഡ് ), 3000 കോടിയുടെ വികസന പ്രവർത്തനങ്ങൾ തുടങ്ങിയവ ഇതിൽപ്പെടുന്നു.

നാല് വർഷം പിന്നിട്ടപ്പോഴാണ് ജയലളിത സ്വത്ത് കേസിൽ പെടുന്നതും അയോഗ്യയാക്കപ്പെട്ടതും. തുടർന്ന് 2015ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയുടെ എസ്. വളർമതി വിജയിക്കുകയും ചെയ്തു. 2016ൽ നടന്ന തിരഞ്ഞെടുപ്പിലും ജയിച്ചതോടെ വളർമതി മന്ത്രിയായി. 1977 മുതൽ നടന്ന 11 തിരഞ്ഞെടുപ്പുകളിൽ 9 തവണയും ശ്രീരംഗം അണ്ണാ ഡി.എം.കെയ്ക്ക് ഒപ്പമായിരുന്നു. എന്നാൽ, ജയലളിതയുടെ അഭാവത്തിൽ ശ്രീരംഗം പിടിച്ചെടുക്കാനാണ് ഇത്തവണ ഡി.എം.കെ ലക്ഷ്യമിടുന്നത്. മുൻ മന്ത്രി കെ.പി കൃഷ്ണൻ ആണ് ഇത്തവണ ശ്രീരംഗത്തെ എ.ഐ.എ.ഡി.എം.കെ സ്ഥാനാർത്ഥി. എം. പളനിയാണ്ടിയാണ് ഡി.എം.കെ സ്ഥാനാർത്ഥി.