
സ്വന്തം മക്കളെപ്പോലെ വാഹനങ്ങൾ പരിപാലിക്കുന്നവരെ സംബന്ധിച്ചിടത്തോളം കേന്ദ്രത്തിന്റെ പുതിയ വാഹനനയം നിരാശയ്ക്കു കാരണമാകാമെങ്കിലും മറ്റു വശങ്ങൾ പരിശോധിച്ചാൽ സ്വാഗതാർഹമായ ഒട്ടധികം ഗുണങ്ങളുണ്ട്. അന്തരീക്ഷ മലിനീകരണത്തിൽ മോട്ടോർ വാഹനങ്ങളുടെ സംഭാവന പേടിപ്പെടുത്തും വിധത്തിലാണ്. എത്ര പഴക്കമേറിയ വാഹനങ്ങളും നിരുപാധികം ഉപയോഗിക്കുന്നതായി കാണാം. വാണിജ്യ വാഹനങ്ങൾക്ക് നിശ്ചിത കാലയളവിൽ ഫിറ്റ്‌നസ് പരിശോധനകളുണ്ടെങ്കിലും നിയമവും നിയന്ത്രണങ്ങളുമൊക്കെ മറികടന്ന് അന്തരീക്ഷമാകെ മലിനപ്പെടുത്തി നിർബാധം അവ ഓടിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനങ്ങളിൽ പഴയ യാത്രാബസുകൾ സൃഷ്ടിക്കുന്ന മലിനീകരണം ചെറുതൊന്നുമല്ല. പഴയ വാഹനങ്ങൾക്ക് ആയുസ് നിശ്ചയിച്ച് ഘട്ടംഘട്ടമായി അവ നിരത്തുകളിൽ നിന്നൊഴിവാക്കാൻ മുൻപും പലതവണ കേന്ദ്രം ശ്രമിച്ചതാണ്. ശക്തമായ പ്രതിഷേധങ്ങൾക്കു മുൻപിൽ ഓരോ തവണയും തീരുമാനത്തിൽ നിന്നു പിന്തിരിയേണ്ടിവന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ ഉറച്ച തീരുമാനങ്ങളുമായി കേന്ദ്രം മുന്നോട്ടു വന്നിരിക്കുന്നത്. എല്ലായിനം വാഹനങ്ങൾക്കും ആയുസ് കുറിച്ച് കാലാവധി കഴിയുമ്പോൾ അവയെ ദയാവധത്തിനു വിധേയമാക്കുക എന്നതാണ് പുതിയ നയം. ഇതനുസരിച്ച് കാർ പോലുള്ള സ്വകാര്യ യാത്രാ വാഹനങ്ങളുടെ ആയുസ് ഇരുപതു വർഷമായിരിക്കും. ട്രക്ക്, ബസ് തുടങ്ങിയ വാണിജ്യ വാഹനങ്ങൾ പതിനഞ്ചുവർഷം എത്തുമ്പോൾ നിരത്തുകളിൽ നിന്ന് മാറിക്കൊടുക്കേണ്ടിവരും. ഇത്തരം വാഹനങ്ങൾക്ക് ഏതാനും വർഷം കൂടി ഓടാൻ ഫിറ്റ്‌നസ് കടമ്പ വയ്ക്കുമെങ്കിലും കടന്നുകൂടുക അത്ര എളുപ്പമല്ല. ഭേദം അവ പൊളിക്കാൻ ഏല്പിക്കുകയാണ്. സമ്പന്ന രാജ്യങ്ങളിലേതുപോലെ ഇവിടെയും അത്യാധുനിക വാഹനം പൊളിക്കൽ കേന്ദ്രങ്ങൾ തുറക്കാൻ കേന്ദ്രം പ്രോത്സാഹനം നൽകും. ഇപ്പോഴുള്ള വാഹന വില്പന കേന്ദ്രങ്ങൾ പോലെ രാജ്യത്തുടനീളം പൊളിക്കൽ കേന്ദ്രങ്ങളും വരാൻ പോവുകയാണ്. ഈ കേന്ദ്രം എങ്ങനെയുള്ളതാകണമെന്ന് കേന്ദ്രം മാർഗരേഖ പുറത്തിറക്കും. അതിന് അനുസൃതമായേ കേന്ദ്രങ്ങൾ തുടങ്ങാനാവൂ. ഭാരിച്ച ചെലവുള്ള ഏർപ്പാടായതിനാൽ വൻകിടക്കാർക്കേ ഈ സംരംഭവും ഏറ്റെടുക്കാനാവൂ.
പരിസ്ഥിതിക്കു മാത്രമല്ല രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും അതീവ ഗുണകരമാകുമെന്നതാണ് പുതിയ നയത്തിന്റെ പ്രാധാന്യം. പ്രത്യക്ഷമായും പരോക്ഷമായും മൂന്നുകോടിയിൽപ്പരം പേർക്ക് പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. തുടക്കത്തിൽ നേരിട്ടുതന്നെ 35000ത്തിലേറെ പേർക്ക് പൊളിക്കൽ കേന്ദ്രങ്ങളിൽ തൊഴിൽ ലഭിക്കും. പഴയ വാഹനങ്ങൾ നിരത്തുകൾ വിടുന്നതോടെ വാഹനവിപണി വൻ കുതിച്ചുചാട്ടത്തിനാകും തയ്യാറെടുക്കുക. നിലവിൽ നാലരലക്ഷം കോടി രൂപയാണ് വാഹന വിപണിയുടെ വിറ്റുവരവെങ്കിൽ പൊളിക്കൽ നയം പൂർണമായി നടപ്പിലാകുന്നതോടെ പത്തുലക്ഷം കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഴക്കം ചെന്ന വാഹനങ്ങൾ മലിനീകരണത്തിനു പുറമേ ഇന്ധനച്ചെലവിലും മുന്നിലാണ്. സർക്കാർ ഉടമസ്ഥതയിലുള്ള എല്ലാത്തരം വാഹനങ്ങളും പതിനഞ്ച് വർഷത്തിലധികം ഉപയോഗിക്കരുതെന്ന് നിബന്ധന വന്നുകഴിഞ്ഞു. മറ്റു വാഹനങ്ങൾക്ക് പുതിയനയം അടുത്ത മൂന്നുവർഷം കൊണ്ടു ഘട്ടംഘട്ടമായാണ് നടപ്പാക്കുക. രാജ്യത്ത് നിലവിൽ 51 ലക്ഷം കാറുകൾ ഇരുപതു വർഷത്തിലേറെ പഴക്കമുള്ളവയാണ്. പതിനഞ്ച് വർഷത്തിലധികം പ്രായമുള്ളവ മാത്രം 34 ലക്ഷം വരും. വാഹനങ്ങൾ കാലാവധിയെത്തുമ്പോൾ പൊളിക്കാൻ സന്നദ്ധരാകുന്നവർക്ക് സർക്കാർ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ റോഡ് ടാക്സിൽ ഇളവു ചെയ്യും. വാഹന ഡീലർമാർ വിലയുടെ അഞ്ചോ ആറോ ശതമാനം ഡിസ്‌കൗണ്ടും നൽകണമെന്ന വ്യവസ്ഥ ഏർപ്പെടുത്തും. പുതിയ വാഹനങ്ങൾക്ക് രജിസ്ട്രേഷൻ ഫീസും അടയ്ക്കേണ്ടതില്ല.
വാഹനവിപണി കൈവരിക്കാൻ പോകുന്ന പുതിയ ഉണർവ് മൊത്തം വ്യവസായ വളർച്ചയിലും പ്രതിഫലിക്കുമെന്നു തീർച്ചയാണ്. ഇതോടൊപ്പം വാഹന വിപണിയിലെ പുതുതരംഗമായ ഇലക്ട്രിക് വാഹന നിർമ്മാണ മേഖല കൂടി രാജ്യത്ത് വൻതോതിൽ വികസിപ്പിക്കേണ്ടതുണ്ട്. അടുത്ത ദശാബ്ദത്തോടെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളാകും നിരത്തുകളിൽ ആധിപത്യം സ്ഥാപിക്കാൻ പോകുന്നതെന്നു മോദി സർക്കാർ നയരേഖ പുറത്തിറക്കിയിരുന്നു. അതു സാദ്ധ്യമാകണമെങ്കിൽ കൂടുതൽ ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനികൾ പിറവിയെടുക്കണം. ഇലക്ട്രിക് വാഹനങ്ങളുടെ അനുപേക്ഷണീയ ഘടകമായ ബാറ്ററികളുടെ കാര്യത്തിൽ കൂടുതൽ ഗവേഷണങ്ങൾ നടത്തേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഏറെ പുരോഗതി ഇതിനകം നേടാനായിട്ടുണ്ടെങ്കിലും വിപുലമായ ഉത്‌പാദനം പ്രതീക്ഷിക്കുമ്പോൾ വില ഉൾപ്പെടെയുള്ള സംഗതികളിൽ ഒട്ടധികം മാറ്റങ്ങൾ ഇനിയും വരേണ്ടതുണ്ട്. പൊളിക്കൽ നയം നടപ്പാക്കുന്നതിനൊപ്പം ഇതുപോലുള്ള ഗവേഷണ - പരീക്ഷണങ്ങളും മുന്നോട്ടു കൊണ്ടുപോകണം.
പൊളിക്കൽ നയം വിശദീകരിച്ചുകൊണ്ട് കേന്ദ്ര ഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്‌കരി കഴിഞ്ഞ ദിവസം പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ ഒരു വർഷത്തിനകം രാജ്യത്തുടനീളം ടോൾ ബൂത്തുകൾ ഇല്ലാതാകുമെന്നു പ്രഖ്യാപിക്കുകയുണ്ടായി. ടോൾ പിരിവ് പൂർണമായും ഫാസ് ടാഗ് വഴിയാക്കാനാണു ലക്ഷ്യമിടുന്നത്. ഇപ്പോൾത്തന്നെ ഈ പരിഷ്കാരം പ്രയോഗത്തിലുണ്ട്. ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങളിൽ നിന്ന് നിലവിൽ ഇരട്ടി ടോളാണ് വാങ്ങുന്നത്. തൊണ്ണൂറു ശതമാനം വാഹന ഉടമകളും ഫാസ് ടാഗിലേക്കു മാറിയിട്ടുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. ശേഷിക്കുന്നവരും പുതിയ സംവിധാനം സ്വീകരിക്കേണ്ടിവരും. അതോടെ ഹൈവേകളിലെ ടോൾ പ്ളാസകൾ അപ്പാടെ പൊളിച്ചുമാറ്റാനാകും. ടോൾ പിരിവ് ഫാസ് ടാഗിലൂടെ ആയതോടെ പ്രതിദിനം ശരാശരി വരവ് നൂറുകോടി രൂപയ്ക്കു മേലായി വർദ്ധിച്ചതും ഹൈവേ അതോറിട്ടിക്കു നേട്ടമായി. മുൻപ് ഇതിന്റെ മൂന്നിലൊന്നു പോലുമില്ലായിരുന്നു. കരാറുകാരുടെയും ഇടനിലക്കാരുടെയും കൊയ്‌ത്തിനും വിരാമമായിട്ടുണ്ട്. പുതിയ മാറ്റങ്ങൾക്കൊപ്പം മികച്ച റോഡുകളും ഉണ്ടാകണം. ഹൈവേ നിർമ്മാണം ദ്രുതഗതിയിൽ നടക്കുന്നുണ്ടെങ്കിലും സംസ്ഥാന പാതകൾ കൂടി ആ നിലവാരത്തിലേക്കുയർന്നാലേ സുഗമമായ ഗതാഗതം സാദ്ധ്യമാകൂ.