oomen

തിരുവനന്തപുരം: ശബരിമല വിഷയത്തിലെ അന്തിമവിധി എല്ലാവരുമായും ചർച്ച ചെയ്തേ നടപ്പാക്കൂവെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, സുപ്രീംകോടതിയിൽ സ്വന്തം സർക്കാർ നൽകിയ സത്യവാങ്മൂലത്തിന്റെ കാര്യത്തിൽ മൗനം പാലിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ വേണ്ടി യു.ഡി.എഫ് സർക്കാർ കോടതിയിൽ നൽകിയിരുന്ന സത്യവാങ്മൂലം പിൻവലിച്ചാണ് പിണറായി സർക്കാർ അതിന് വിരുദ്ധമായ സത്യവാങ്മൂലം നൽകിയത്. ആ സത്യവാങ്മൂലം കാരണമാണ് സുപ്രീംകോടതിയിൽ നിന്ന് അങ്ങനെയൊരു വിധിയുണ്ടായത്. അത്തരത്തിലൊരു സത്യവാങ്മൂലം പിണറായി സർക്കാർ നൽകാതിരുന്നെങ്കിൽ കോടതിവിധി മറ്റൊന്നാകുമായിരുന്നു.

ആചാരാനുഷ്ഠാനങ്ങളെ ശക്തമായി എതിർക്കുന്ന സർക്കാരിന്റെ സത്യവാങ്മൂലം നിലനിൽക്കെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശബരിമല വിഷയത്തിൽ നടത്തിയ ഖേദപ്രകടനം ആത്മാർത്ഥതയില്ലാത്തതാണ്. കടകംപള്ളിയെ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തള്ളിപ്പറയുകയും ചെയ്തു. ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്ന ഒറ്റ നിലപാടിലാണ് എന്നും യു.ഡി.എഫ്. അതിന് സഹായകരമായ നിയമം കൊണ്ടുവരുന്നതിന് ലോക്‌സഭയിലും നിയമസഭയിലും യു.ഡി.എഫ് ജനപ്രതിനിധികൾ നടത്തിയ നീക്കത്തെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ എതിർക്കുകയായിരുന്നു.

സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഇപ്പോൾ പറയുന്ന മുഖ്യമന്ത്രി അന്ന് ലോകം മുഴുവൻ കണ്ടത് എന്താണെന്ന് മറക്കരുത്. വിധി വന്നപ്പോൾ അതു നടപ്പാക്കാൻ ബാദ്ധ്യതയുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ പ്രസ്താവനകളും മറക്കേണ്ട. സന്നിധാനത്ത് സ്ത്രീകളെ കയറ്റാൻ പൊലീസിനെ ഉപയോഗിച്ച് സർക്കാർ ശ്രമിക്കാത്തതിനാലാണിപ്പോൾ അവിടെ പ്രശ്നങ്ങളില്ലാത്തത്.

സി.പി.എം- ബി.ജെ.പി ബന്ധത്തെപ്പറ്റി തങ്ങളല്ല, ആർ.എസ്.എസ് നേതാവാണ് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ വെളിപ്പെടുത്തിയത്. അതേപ്പറ്റി സി.പി.എം പ്രതികരിക്കാത്തതെന്താണെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു.