
കവർ സോംഗുകൾ ട്രെന്റിംഗ് ലിസ്റ്റിൽ ഇടം നേടിത്തുടങ്ങിയപ്പോൾ മുതൽ ഹിറ്റ് ലിസ്റ്റിൽ വീണ്ടും എ.ആർ. റഹ്‌മാൻ ഗാനങ്ങൾ സ്ഥിരസാന്നിദ്ധ്യമാണ്. അത്തരത്തിൽ പുതിയൊരു റീമിക്സ് കവർ ഗാനവുമായി എത്തിയിരിക്കുകയാണ് നടിയും ഗായികയും സംവിധായികയുമായ രമ്യ നമ്പീശൻ. പ്രശസ്ത വീണവിദ്വാൻ രാജേഷ് വൈദ്യയും രമ്യ നമ്പീശനൊപ്പം ഈ ഗാനത്തിലുണ്ട്. 'കാതലൻ' എന്ന ചിത്രത്തിനു വേണ്ടി എ.ആർ.റഹ്മാൻ ഒരുക്കിയ 'കാതലിക്കും പെണ്ണിൻ കൈകൾ' എന്ന ഗാനമാണ് രാജേഷ് വിദ്വാനും രമ്യ നമ്പീശനും ചേർന്ന് അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോയിൽ പട്ടുടുത്ത് പൂവുചൂടി കൂളിംഗ് ഗ്ലാസും അണിഞ്ഞാണ് രമ്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നടിചെറു നൃത്ത ചുവടുകളോടെയാണ് ഗാനത്തിൽ എത്തുന്നത്. സംഗീതപ്രേമികളുടെ എക്കാലത്തെയും പ്രിയങ്കരനായ സംഗീത സംവിധായകനാണ് എആർ റഹ്മാൻ. ഒരുകാലത്ത് എആർ റഹ്മാൻ സൃഷ്ടിച്ച തരംഗത്തിന് പകരം വയ്ക്കാൻ മറ്റേതൊരു സംഗീത സംവിധായകനുമായിട്ടില്ല. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. വൈരമുത്തു രചന നിർവഹിച്ച ഗാനം എസ്.പി.ബാലസുബ്രഹ്മണ്യവും ഉദിത് നാരായണനും പല്ലവിയും ചേർന്നായിരുന്നു ആലപിച്ചത്. കാതലിക്കും പെണ്ണിൻ കൈകൾ എന്ന ഗാനത്തിൽ ചുവടുവച്ചിരുന്നത് പ്രഭുദേവയും ഗായകൻ എസ്.പി.ബിയുമായിരുന്നു.