street-singers-kerala

വെഞ്ഞാറമൂട്: കൊവിഡ് പട്ടിണിയിലാക്കിയ പാട്ടുകാർക്ക് ചാകര കാലമായിരുന്നു കഴിഞ്ഞുപോയ തദ്ദേശ തിരഞ്ഞെടുപ്പ്. പലരും കീശ നിറയെ കാശ് ഉണ്ടാക്കി. നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളുമ്പോൾ പാട്ടുകാർക്കും ഓർക്കസ്ട്രക്കാർക്കും ശുക്രദശ തെളിയുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് നാടാകെ സ്ഥാനാർത്ഥികളായിരുന്നു. അതുകൊണ്ടുതന്നെ റെക്കോർഡിംഗ് സ്റ്റുഡിയോകളിൽ രാപ്പകൽ പാട്ടും ബഹളവുമായിരുന്നു.

പക്ഷേ നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ കുറവാണ്. അതുകൊണ്ട് കോളും ഇത്തിരി കുറവാകും. ഒരേ സ്ഥാനാർത്ഥികൾക്ക് തന്നെ പല ഘട്ടങ്ങളിലായി പുത്തൻ പാട്ടുകളിറക്കി പട്ടിണി മാറ്റാമെന്ന പ്രതീക്ഷയിലാണ് പാട്ടുകാർ. വോട്ട് ചോദിക്കുമ്പോൾ സ്ഥാനാർത്ഥിയുടെ മുഖത്ത് ഉണ്ടായിരിക്കേണ്ട ചിരി പോലെ തന്നെ പ്രാധാന്യം തിരഞ്ഞെടുപ്പിൽ പ്രചാരണ ഗാനങ്ങൾക്കുണ്ട്. പാട്ട് കേട്ട് സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും വോട്ടറുടെ മനസിൽ പതിയണം.

അതുകൊണ്ട് തന്നെ പല സ്ഥാനാർത്ഥികളും നേരിട്ടാണ് പ്രചാരണ ഗാനങ്ങൾ കേട്ട് അന്തിമമാക്കുന്നത്.

പേരും ചിഹ്നവും മണ്ഡലവും പറഞ്ഞാൽ പാട്ട് റെഡി

സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും മണ്ഡലവും മാത്രം പറഞ്ഞാൽ മതി. മലയാളിയുടെ ഹൃദയത്തിൽ പതിഞ്ഞ താളങ്ങളിൽ പാരടി പ്രചാരണഗാനങ്ങൾ മണിക്കൂറുകൾക്കുള്ളിൽ കിട്ടും. ഭരണപക്ഷക്കാരാണെങ്കിൽ പ്രതിപക്ഷത്തിനെതിരായ ആരോപണങ്ങൾ പാട്ടിൽ ഉണ്ടാകും. പ്രതിപക്ഷത്തിനാണെങ്കിൽ ഭരണപക്ഷത്തിന് എതിരെയുള്ളതും.

നിരക്ക് അല്പം കൂടിയാലും...

ഒരു പാരഡി പാട്ടിന് കുറഞ്ഞത് രണ്ടായിരം രൂപ ചെലവാകും. പാട്ടും അനൗൺസ്മെന്റും അല്പം കൊഴുപ്പിക്കണമെങ്കിൽ നിരക്ക് അല്പം ഉയരും. പുതിയ വരികളിലും താളത്തിലുമുള്ള പാട്ടുകളാണെങ്കിൽ കൂടുതൽ തുക നൽകണം. ഒരു പാട്ടിന് ഏറ്റവും കുറഞ്ഞത് 5000 രൂപയാണ്. ശ്രദ്ധേയരായ ഗായകരും കൂടുതൽ ഓർക്കസ്ട്രയും ഒക്കെ വേണമെങ്കിൽ ചെലവ് 10000 രൂപയ്ക്ക് മുകളിലാകും.