തിരുവനന്തപുരം: പണമിടപാടിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. വഞ്ചിയൂർ സ്വദേശികളായ മനോജ്, വിഷ്ണു, സന്തോഷ് എന്നിവർക്കാണ് വെട്ടേറ്റത്.
വ്യാഴാഴ്ച രാത്രി 11.15ഓടെ ചമ്പക്കട ജംഗ്ഷനിലായിരുന്നു സംഭവം. പരിക്കേറ്റ മനോജും വിഷ്ണുവും ബൈക്കിൽ വരുമ്പോൾ ഇവരുടെ പഴയ സുഹൃത്തായ പ്രദീപ്, ശ്യാം എന്നിവർ ബൈക്ക് കൈ കാണിച്ച് നിറുത്തിയ ശേഷം പ്രദീപിന്റെ വീട്ടിൽ അനുനയത്തിൽ കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു.
മനോജിനെയും വിഷ്ണുവിനെയും ആക്രമിച്ചതറിഞ്ഞ് എത്തുമ്പോഴാണ് സന്തോഷ് ആക്രമണത്തിനിരയായത്. പൊലീസ് എത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടു. പരിക്കേറ്റവർ അനന്തപുരി ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല. അന്വേഷണം നടക്കുകയാണെന്നും പരിക്കേറ്റവർ ഡി.വൈ.എഫ്.ഐ പ്രവർത്തകരും ആക്രമിച്ചവർ ബി.ജെ.പി അനുഭാവികളുമാണ്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് വഞ്ചിയൂർ പൊലീസ് അറിയിച്ചു.