
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മറയാക്കി വോട്ടർമാരെ ലക്ഷ്യമിട്ട് തീം ഫിഷിംഗ് ആക്രമണം വ്യാപകം. വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയവയിലൂടെ തിരഞ്ഞെടുപ്പ് ചോദ്യങ്ങളടങ്ങിയ ലിങ്ക് പ്രചരിപ്പിച്ചാണ് തട്ടിപ്പ്. ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവരുടെ ഫോണിലെ ഡാറ്റ ചോർത്തലാണ് ലക്ഷ്യം. സൈബർ സുരക്ഷാ രംഗത്തുള്ള ടെക്‌നിസാംഗ്റ്റ് എന്ന സ്റ്റാർട്ടപ്പാണ് തട്ടിപ്പ് കണ്ടെത്തിയത്.
വോട്ടിംഗിൽ പങ്കെടുക്കുന്നവർക്ക് വിലകൂടിയ സമ്മാനങ്ങൾ ലഭിക്കുമെന്ന് പ്രലോഭിപ്പിച്ചാണ് മെസേജുകൾ പ്രചരിക്കുന്നത്. കേരളത്തിൽ തുടർഭരണമുണ്ടാകുമോ, മുഖ്യമന്ത്രി ആരാകും തുടങ്ങിയ ചോദ്യങ്ങളാണ് ഓൺലൈൻ പോളുകളിലുള്ളത്. ഉത്തരത്തിൽ പിണറായി വിജയൻ, ഉമ്മൻചാണ്ടി, ഇ. ശ്രീധരൻ തുടങ്ങിയവരുടെ പേരുകളുള്ളതിനാൽ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെയെല്ലാം വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ്‌ബുക്ക് പേജുകളിലും ലിങ്കുകൾ പ്രചരിക്കുന്നുണ്ട്.
ഓൺലൈൻ പോളുകളിൽ തങ്ങളുടെ പാർട്ടിയെ മുന്നിലെത്തിക്കാൻ പ്രവർത്തകർ മത്സരിക്കുന്നതോടെ തട്ടിപ്പുകാർക്ക് ചാകരയാണ്. http://voting2021.todayoffers.xyz/, http://voting2021.mallutech.xyz എന്നീ ലിങ്കുകൾ വഴിയാണ് തട്ടിപ്പ് നടക്കുന്നത്. കുറേക്കാലമായി ഇത്തരത്തിൽ പോളുകളിലൂടെ വിവരങ്ങൾ ചോർത്തുന്നുണ്ടെന്നും ടെക്‌നിസാംഗ്റ്റ് കണ്ടെത്തി. സമ്മാനം ലഭിക്കാൻ അഞ്ചു മുതൽ പത്തുവരെ പേർക്ക് വാട്സാപ്പിൽ ലിങ്ക് ഷെയർ ചെയ്യാനും നിർദ്ദേശിക്കുന്നതോടെ തട്ടിപ്പ് കൂടുതൽ പേരിലെത്തും. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവരുടെ ഫോണിൽ നിന്ന് ഹാക്കർമാർക്ക് ഡാറ്റ ചോർത്താനാവും.
ചെറിയ മാർക്കറ്റിംഗ് കമ്പനികൾ മുതൽ കോർപറേറ്റുകൾ വരെ പൊതുജനങ്ങളുടെ ഡേറ്റ ഇവരിൽ നിന്ന് വാങ്ങാറുമുണ്ട്. ഇതുവരെ കണ്ടെത്തിയ വിവരങ്ങൾ ടെക്‌നിസാംഗറ്റ് പൊലീസ് സൈബർ ഡോമിന് കൈമാറി.