
കോവളം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ 'സ്വദേശി ദർശൻ" പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രീനാരായണഗുരു ടൂറിസം സർക്യൂട്ടിൽ നിർമ്മിക്കുന്ന കുന്നുംപാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ വികസന പദ്ധതിയുടെ ആദ്യഘട്ടം പുരോഗമിക്കുന്നു. ആറരക്കോടിയുടെ വികസന പദ്ധതികളാണ് കുന്നുംപാറയ്ക്ക് അനുവദിച്ചിട്ടുള്ളതെങ്കിലും ആദ്യഘട്ടത്തിൽ ഒരു കോടി 64 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് അനുമതി കിട്ടിയിട്ടുള്ളത്. തുടക്കത്തിൽ മൂന്ന് പദ്ധതികളാണ് തയ്യാറായി വരുന്നത്. വികസന പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം വരുന്ന ഗുരുദേവ ജയന്തി ദിനത്തിൽ നടത്താൻ പദ്ധതിയുണ്ട്. പാചകപ്പുര, ഗുരുപൂജാ ഹാൾ, ശൗചാലയങ്ങൾ, മിനി ഓഡിറ്റോറിയം, ഓഫീസ് കെട്ടിടം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മറ്റ് നിർമ്മാണങ്ങൾ എപ്പോൾ ആരംഭിക്കുമെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അധികൃതർക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. 2019 ഫെബ്രുവരിയിലാണ് ശ്രീനാരായണഗുരു ടൂറിസം സർക്യൂട്ട് ആദ്യഘട്ടത്തിന്റെ ശിലാസ്ഥാപനം കേന്ദ്രമന്ത്രിയായിരുന്ന അൽഫോൺസ് കണ്ണന്താനം നിർവഹിച്ചത്. തുടർന്ന് പദ്ധതി ഉപേക്ഷിക്കുന്നതായി കാണിച്ച് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം സംസ്ഥാന വിനോദസഞ്ചാര സെക്രട്ടറിക്ക് കത്ത് അയച്ചു. ഇതോടെ സംഭവം വിവാദമാവുകയും കേന്ദ്ര സർക്കാർ വീണ്ടും പദ്ധതിക്ക് ജീവൻ കൊടുക്കുകയുമായിരുന്നു. സംസ്ഥാന സർക്കാരുമായുള്ള വാക്കു തർക്കത്തിനൊടുവിലാണ് സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രീനാരായണഗുരു ടൂറിസം സർക്യൂട്ട് നടപ്പിലാക്കാൻ കേന്ദ്രം തീരുമാനിച്ചത്. ഏകപക്ഷീയമായി പദ്ധതി ഐ.ടി.ഡി.സിയെ ഏൽപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അതൃപ്തി അറിയിച്ചിരുന്നു.
ആദ്യഘട്ട വികസന പദ്ധതിക്കായി അനുവദിച്ചത് - 1.64 കോടി
നവീകരണത്തിന്റെ ആദ്യഘട്ടം
ആദ്യഘട്ടത്തിൽ ക്ഷേത്രത്തിന്റെ കിഴക്ക് വശത്ത് കോവളം കെ.എസ് റോഡിനോട് ചേർന്ന് അരഏക്കർ ഭൂമിയിൽ പാർക്കിംഗ് ഗ്രൗണ്ടിന്റെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. അത്യാധുനിക രീതിയിൽ നിർമ്മിക്കുന്ന ഈ ഗ്രൗണ്ടിന് ചുറ്റുമതിൽ, ഗ്രിൽ, സംരക്ഷണ ഗേറ്റ്, പുൽത്തകിടി എന്നിവ ഉണ്ടാകും. ഇതോടൊപ്പം തന്നെ 1000 ലിറ്രർ ശേഷിയുളള 5 കുടിവെള്ള ഫിൽറ്ററിംഗ് യൂണിറ്റും നിർമ്മിക്കും. ക്ഷേത്രത്തിലെ നീരുറവയിലെയും മറ്റ് ജല സംവിധാനത്തെയും ഉപയോഗപ്പെടുത്തി ശുദ്ധീകരിച്ച് തീർത്ഥാടകർക്ക് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. കൂടാതെ കുന്നുംപാറയിൽ എത്തുന്ന തീർത്ഥാടകർക്ക് അറബിക്കടലിന്റെ ഭംഗി ആസ്വാദിക്കാനായി വൃത്താകൃതിയിൽ ഹട്ട് മോഡലിൽ പല ഭാഗങ്ങളിലായി 8 ഇരിപ്പിടങ്ങളും തയ്യാറായിവരുന്നുണ്ട്. മുംബയ് ആസ്ഥാനമായുള്ള എം.എസ് ആർക്കോ കൺസ്ട്രക്ഷൻ കമ്പനിയാണ് ഒന്നാംഘട്ട നിർമ്മാണത്തിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത്.