election

തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് മുന്നണികളിൽ ഉരുണ്ടുകൂടിയ 'കാറും കോളും' ഏറക്കുറെ അടങ്ങി, പോരാളികൾ കച്ചമുറുക്കി കളത്തിലിറങ്ങിയതോടെ സംസ്ഥാനം പൂർണമായും തിരഞ്ഞെടുപ്പിന്റെ തീച്ചൂളയിലേക്ക്. പോളിംഗ് ബൂത്തിലേക്ക് പതിനേഴു ദിവസം ദൂരമേയുള്ളൂ എന്നതിനാൽ അടുത്ത രണ്ടാഴ്ചക്കാലം മുന്നണികൾക്ക് പ്രചാരണത്തിന്റെ പരക്കംപാച്ചിൽക്കാലം. അരങ്ങു കൊഴുപ്പിക്കാൻ അടുത്ത ദിവസങ്ങളിൽ വിവിധ കക്ഷികളുടെ ദേശീയനേതാക്കളും ഗ്ളാമർ താരങ്ങളും എത്തുന്നതോടെ തിരഞ്ഞെടുപ്പുത്സവത്തിന് പൊലിമയേറും.

പത്രികാസമർപ്പണം ഇന്നലെ അവസാനിക്കുമ്പോൾ യു.ഡി.എഫിനും എൻ.ഡി.എയ്ക്കും തലവേദനയായി ചില മണ്ഡലങ്ങളിൽ വിമതഭീഷണിയുണ്ട്. സ്ഥാനാർത്ഥികളെ ആദ്യമേ ഇറക്കിയ ഇടതുമുന്നണിയിൽ പുറമേയ്ക്ക് കാര്യങ്ങൾ ശാന്തമാണ്. 22 ന് പത്രിക പിൻവലിക്കൽ കഴിയുമ്പോൾ വിമത,​ അപര ഭീഷണിയുടെ നേർച്ചിത്രമാകും.

ഇരിക്കൂറിലെ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ എ ഗ്രൂപ്പിന്റെ കലാപം ശമിപ്പിക്കാൻ ഉമ്മൻചാണ്ടി നേരിട്ടിറങ്ങിയതിനാൽ അവിടെ വൈകിയെങ്കിലും സമാധാനം പുലരുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ. പത്രിക പിൻവലിക്കൽ കഴിയുന്നതോടെ കലാപങ്ങൾ സ്വാഭാവിക ചരമമടയുമെന്ന് യു.ഡി.എഫ് കരുതുന്നു. കേരള കോൺഗ്രസ്- എമ്മിന് വിട്ടുകൊടുത്ത കുറ്റ്യാടിയിലെ പ്രതിഷേധക്കോളിളക്കം ആ സീറ്റ് തിരിച്ചെടുക്കാൻ സി.പി.എമ്മിനെ നിർബന്ധിതമാക്കി. 2006-ലെ വി.എസിന്റെ സ്ഥാനാർത്ഥിത്വ വിവാദത്തിനു ശേഷം ഒരു സ്ഥാനാർത്ഥിക്കെതിരെ സി.പി.എമ്മിൽ പരസ്യപ്രതിഷേധം ഇത്തവണയാണ്.

ആയുധമാക്കാൻ മൂന്നു മുന്നണികളുടെ ആവനാഴിയിലും വേണ്ടത്ര ആയുധങ്ങളുമുണ്ട്. പ്രചാരണം മുറുകുന്നതിനിടെ ഉരുത്തിരിയുന്ന പുതിയ വിഷയങ്ങളും വിവാദങ്ങളും അപ്രതീക്ഷിത അവസരങ്ങൾ കൊണ്ടുവരുമെന്നാണ് മുന്നണികളുടെ കണക്കുകൂട്ടൽ.

വിമതഭീഷണി

 പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഹരിപ്പാട്ട് യൂത്ത് കോൺഗ്രസ് നേതാവ്

 നാഷണലിസ്റ്റ് കോൺഗ്രസ് കേരള മത്സരിക്കുന്ന എലത്തൂരിൽ കോൺഗ്രസ് നേതാവ്

 ഏറ്റുമാനൂരിൽ ജോസഫ് പക്ഷ സ്ഥാനാർത്ഥിക്കെതിരെ സ്വതന്ത്രയായി ലതിക സുഭാഷ്

 ഏറ്റുമാനൂരിലും പൂഞ്ഞാറിലും ബി.ഡി.ജെ.എസിനും ബി.ജെ.പിക്കും സ്ഥാനാർത്ഥികൾ

ശബരിമല, വോട്ട് മറിക്കൽ...

ഗോദയിൽ പ്രതിപക്ഷത്തിന്റെ മുഖ്യ അജൻഡയായി ശബരിമല മാറിക്കഴിഞ്ഞു. വിവാദത്തീ കൊളുത്തിയത് മന്ത്രി കടകംപള്ളിയുടെ ഖേദപ്രകടനം. യെച്ചൂരിയുടെ അപ്രതീക്ഷിത നിലപാട് വിഷയം ഊതിക്കത്തിച്ചു. ബി.ജെ.പിക്കും മുഖ്യ ആയുധം ശബരിമല തന്നെ. സർക്കാരിനെതിരെ എൻ.എസ്.എസും രംഗത്തെത്തി.

വോട്ടർപട്ടിക ക്രമക്കേടും വോട്ട് കച്ചവടവും കോ- ലീ- ബി ബന്ധം ബി.ജെ.പി നേതാക്കൾ തന്നെ സമ്മതിച്ചതുമാണ് മറ്റ് ആയുധങ്ങൾ. ബി.ജെ.പി ബാന്ധവം പരസ്പരം ആരോപിക്കുന്നതിനു പിന്നിലെ ലക്ഷ്യം ന്യൂനപക്ഷ വോട്ടു ബാങ്ക്. അതേസമയം വികസന, ക്ഷേമനടപടികൾ നേട്ടമായി അവതരിപ്പിച്ച് തുടർഭരണ ലക്ഷ്യത്തിലെത്താനുള്ള തീവ്രശ്രമത്തിലാണ് എൽ.ഡി.എഫ്.

ജോസഫിന്റെ തലവേദന

പാർട്ടിയും ചിഹ്നവും നഷ്ടപ്പെട്ട പി.ജെ. ജോസഫിന് പി.സി.തോമസിന്റെ കേരള കോൺഗ്രസിൽ ലയിച്ചിട്ടും അനിശ്ചിതത്വം ബാക്കി. ഒറ്റ ചിഹ്നമായി അനുവദിക്കുമോ എന്ന് ഉറപ്പില്ല.