
നെയ്യാറ്റിൻകര: കേരള-തമിഴ്നാട് അതിർത്തി പങ്കിടുന്ന പാറശാല നിയോജക മണ്ഡലത്തിൽ ഇത്തവണയും പോരാട്ടം കനക്കും. ബി.ജെ.പി വെല്ലുവിളി ഉയർത്തില്ലെന്ന വിജയപ്രതീക്ഷയിലാണ് മുമ്പോട്ടു പോകുന്നതെന്ന് സി.പി.എം സ്ഥാനാർത്ഥി സി.കെ.ഹരീന്ദ്രൻ പറഞ്ഞു. എന്നാൽ, നിലവിലെ എം.എൽ.എ അവകാശപ്പെടുന്ന വികസന പ്രവർത്തനങ്ങൾ മുൻ യു.ഡി.എഫ് എം.എൽ.എ എ.റ്റി. ജോർജ് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ച മാത്രമാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി അൻസജിതാ റസൽ അവകാശപ്പെട്ടു. തിരഞ്ഞെടുപ്പടുത്തപ്പോൾ സി.പി.എം സ്ഥാനാർത്ഥിക്ക് ഭയമാണെന്നാണ് ബി.ജെ.പി.സ്ഥാനാർത്ഥി കരമന ജയന്റെ വാദം.
കഴിഞ്ഞ അഞ്ച് വർഷക്കാലത്ത് മണ്ഡലത്തിൽ നടപ്പിലാക്കിയ 1300 കോടി രൂപയുടെ വികസനവും മലയോര ഹൈവേ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങളും വോട്ടിംഗിൽ പ്രതിഫലിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് സി.കെ. ഹരീന്ദ്രൻ. എൽ.ഡി.എഫിന് തുടർ ഭരണം ലഭിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
1970ൽ വിദ്യാർത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐയിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നു വന്ന ഹരീന്ദ്രനാഥ് എട്ടുതവണയായി 24 വർഷം ഏരിയ സെക്രട്ടറിയായും ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ തവണയാണ് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. അന്ന് 19,566 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇതേ വിജയം ഇക്കുറിയും ആവർത്തിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് സി.കെ. ഹരീന്ദ്രൻ.
മലയോര ഹൈവേയുടെ നിർമ്മാണം ഉദാസീനമാണെന്നും ഇതിനു പിന്നിൽ അഴിമതിയാണെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി അൻസജിതാ റസൽ ആരോപിക്കുന്നു. വനിതാ കോൺഗ്രസ് പ്രവർത്തകയായി രാഷ്ടീയ രംഗത്ത് എത്തിയ ഇവർ 1995ലാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗമായി ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. 2010 മുതൽ 2013 വരെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണായും 2015 വരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും തുടർന്നു. മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് അൻസജിത നിയമസഭാ തിരഞ്ഞെടുപ്പിലും കളത്തിലിറങ്ങിയിരിക്കുന്നത്. നിലവിൽ എ.ഐ.സി.സി മെമ്പറും കെ.പി.സി.സി.യുടെ സെക്രട്ടറിയുമാണ്.
പാറശാല മണ്ഡലത്തിൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും മുഖ്യ എതിരാളി ബി.ജെ.പി തന്നെയാണ്. ഭയം കൊണ്ടാണ് ബി.ജെ.പിയെ വില കുറച്ച് കാണുന്നതെന്നാണ് ബി.ജ.പി ക്യാമ്പിന്റെ അഭിപ്രായം. ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന കരമന ജയന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ പതിനായിരം വോട്ടിൽ നിന്ന് മുപ്പത്തിമൂവായിരം വോട്ടുകളായി വർദ്ധിപ്പിക്കാൻ കഴിഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷവും വോട്ടർമാർക്കിടയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതും പാർട്ടിക്ക് അനുകൂലമായ ഘടകമാണ്. അതിനാൽ വിജയത്തിൽ കുറഞ്ഞ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് സ്ഥാനാർത്ഥിയും ബി.ജെ.പി.യുടെ ദേശീയ കൗൺസിൽ അംഗവും നിലവിലെ സംസ്ഥാന സെക്രട്ടറിയുമായ കരമന ജയൻ വ്യക്തമാക്കുന്നു.