തിരുവനന്തപുരം: നഗരത്തിൽ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കാൻ രണ്ടരക്കോടിക്ക് കോർപറേഷൻ കരാർ നൽകിയത് അഴിമതിയാണെന്ന ആക്ഷേപവുമായി പ്രതിപക്ഷ കക്ഷികൾ രംഗത്ത്. കൊല്ലത്തെ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസിന് പണം നൽകിയതിനെ ചൊല്ലി ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് ഭരണ, പ്രതിപക്ഷാംഗങ്ങൾ ഏറ്റുമുട്ടിയത്. അഞ്ച് ലക്ഷത്തിന് പുറത്തുള്ള ഏതൊരു കരാറും ഇ ടെൻഡർ വിളിച്ചേ നൽകാവൂ എന്ന ചട്ടം നിലനിൽക്കെ അത് ലംഘിച്ചുകൊണ്ട് രണ്ടരക്കോടിയുടെ കാരാർ പൊതുമേഖല സ്ഥാപനമായ മീറ്റർ കമ്പനിക്ക് നൽകിയെന്ന് യു.ഡി.എഫ് നേതാവ് പി. പത്മകുമാർ ആരോപിച്ചു.
പ്രസ്ഥാനത്തോട് കൂറ് കാണിക്കുന്ന മേയറോട് ബഹുമാനമുണ്ടെന്നും എന്നാൽ സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ബന്ധുവിന് അനുകൂലമായ തീരുമാനമുണ്ടാക്കാൻ കോർപറേഷൻ നടപടിക്രമങ്ങൾ തെറ്റിക്കുന്ന രീതി നല്ലതല്ലെന്നും പത്മകുമാർ ആരോപിച്ചു. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയാണ് മേയർ കാണിച്ചത്. പാർട്ടി പറയുന്നത് ചെയ്യാനല്ല മേയറും കൗൺസിലും ഉള്ളതെന്നും പത്മകുമാർ പറഞ്ഞു. എൽ.ഇ.ഡി ലൈറ്റ് നിർമിക്കാത്ത ഒരു കമ്പനിക്ക് എങ്ങനെ ലൈറ്റ് സ്ഥാപിക്കാൻ കരാർ നൽകിയെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ എം.ആർ. ഗോപൻ ചോദിച്ചു. നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ഗോപൻ ആവശ്യപ്പെട്ടു. ഇല്ലാത്ത ആരോപണങ്ങൾ അറിയപ്പെടുന്നവരുടെ തലയിൽ വച്ചുകെട്ടുന്ന യു.ഡി.എഫ് നേതാവ് പി. പത്മകുമാർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പഠിക്കുകയാണെന്ന് ഭരണപക്ഷത്ത് നിന്ന് പാളയം രാജൻ പരിഹസിച്ചു. വിദഗ്ദ്ധസമിതി പരിശോധിച്ചശേഷമാണ് ലൈറ്റുകൾ വാങ്ങാൻ തീരുമാനിച്ചതെന്നും രാജൻ വിശദീകരിച്ചു. എന്നാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് തന്നെ ഉപമിച്ചതിൽ അഭിമാനമുണ്ടെന്നും ചെന്നിത്തല കൊണ്ടുവന്ന അഴിമതിയെല്ലാം ശരിയാണെന്ന് കേരളം കണ്ടതാണെന്നും പി. പത്മകുമാർ തിരിച്ചടിച്ചു. ഇതോടെ മേയർ ആര്യ രാജേന്ദ്രൻ ഇടപെട്ടു. സഭയിൽ ഇല്ലാത്തവരെക്കുറിച്ച് ചർച്ച ചെയ്യേണ്ടതില്ലെന്ന് പറഞ്ഞ മേയർ മറുപടി പറയാൻ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിലിനെ ക്ഷണിച്ചു. ഇതോടെ സംസാരിക്കാൻ മൈക്ക് അനുവദിക്കാത്തിൽ പ്രതിഷേധിച്ച് പത്മകുമാറും യു.ഡി.എഫ് കൗൺസിലർമാരും കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയി.
നടപ്പാക്കിയത് സർക്കാർ ഉത്തരവ് : മേയർ
എന്തുകൊണ്ട് യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസിന് കരാർ കൊടുത്തു എന്ന് ചോദിക്കുന്നവരോട് എന്തുകൊണ്ട് കരാർ കൊടുത്തുകൂടാ എന്നാണ് തനിക്ക് തിരിച്ച് ചോദിക്കാനുള്ളതെന്ന് മേയറുടെ മറുചോദ്യം. 2018 ആഗസ്റ്റ് 31നുള്ള സർക്കാർ ഉത്തരവ് പ്രകാരം യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസിന് ടെൻഡർ വിളിക്കാതെ കരാർ കൊടുക്കാനുള്ള അനുമതി ഉണ്ടായിരുന്നു. അത് പ്രകാരമാണ് നടപടി സ്വീകരിച്ചത്. കെൽട്രോണായാലും കെൽ ആയാലും ലൈറ്റ് ഉത്പാദിക്കുന്നില്ലെന്നും മേയർ പറഞ്ഞു. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് 10,000 ലൈറ്റുകൾ വാങ്ങാൻ തീരുമാനിച്ചതെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു.