s

തിരുവനന്തപുരം: നെടുമങ്ങാട് മലയോര മേഖലയാണ് എന്നു പറഞ്ഞിട്ടെന്തുകാര്യം ? ഇന്നലത്തെ പകലിലും ചൂട് 37 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു. ' ഉച്ചനേരത്ത് പുറത്തിറങ്ങരുത് ' എന്ന് അധികൃതർക്ക് പറയാം. പക്ഷേ, വേനലിനെക്കാൾ കടുത്ത തിരഞ്ഞെടുപ്പ് ചൂട് അന്തരീക്ഷത്തിൽ നിറയുമ്പോൾ സ്ഥാനാർത്ഥികൾക്ക് വീട്ടിലിരിക്കാൻ കഴിയുമോ ?. ഇന്നലെ രാവിലെ മുതൽ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥികൾ പ്രചാരണത്തിരക്കിൽ തന്നെ.


വേങ്ങോട് ജംഗ്‌ഷൻ

നാട്ടുവഴിയിലൂടെ അനൗൺസ്‌മെന്റ് വാഹനമെത്തി. " നിങ്ങളെ അറിയുന്ന പ്രിയ സഖാവ് ജി.ആർ. അനിൽ ഇതാ കടന്നുവരുന്നു". തൊട്ടുപിന്നാലെ കാറിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.ആർ. അനിൽ. കുന്നുകാട് ലക്ഷംവീട് കോളനിയിൽ രുദ്രാണിയെന്ന വൃദ്ധ കൈക്കുഞ്ഞുമായി വഴിയിലേക്കിറങ്ങി. തൊഴുകൈകളോടെ ജി.ആർ. അനിൽ അരികിലേക്കെത്തി. ' സഖാവെ, ഞങ്ങൾ മാറുന്ന ആൾക്കാരല്ല, പേടിക്കേണ്ട'. നേതാജിപുരം പള്ളിവിളയിലെ വീട്ടിലേക്ക് കയറിയപ്പോൾ വീട്ടുകാരി ഖദീജ ബീവി പുറത്തേക്കുവന്നു. ഇതാരെന്ന് അറിയാമോ എന്ന് ചോദിച്ചപ്പോൾ വീടിന് മുന്നിലുള്ള ഫ്ളക്സ്ബോർഡ് ചൂണ്ടിക്കാട്ടി ദിവസവും കാണുന്ന ആളല്ലേ, നൂറുശതമാനം വിജയം ഉറപ്പെന്ന് മറുപടി. ശാന്തിഗിരി ആശ്രമം, ഖബറഡി മുസ്ലിം ജമാഅത്ത്, റോസസ് സിസ്റ്റേഴ്സ് സെന്റ് തെരേസാസ് കോൺവെന്റ് എന്നിവിടങ്ങളിലും സ്ഥാനാർത്ഥി സന്ദർശനം നടത്തി.

'' ഇടതുമുന്നണി നടപ്പാക്കിയ വികസനം ജനങ്ങൾ ഏറ്റെടുത്തതായാണ് പ്രതികരണമെന്ന് ജി.ആർ. അനിൽ പറഞ്ഞു. പ്രചാരണത്തിന്റെ രണ്ടാംഘട്ടമാണ് ഇപ്പോൾ. നാളെ മുതൽ എല്ലാ ബൂത്തുകളിലും 10 കേന്ദ്രങ്ങളിൽ ദാഹജലം മൺകലത്തിൽ വിതരണം ചെയ്യുന്ന പദ്ധതി ആരംഭിക്കും. വിജയം സുനിശ്ചിതമാണ്. ജി.ആർ. അനിൽ പറഞ്ഞു.

വെമ്പായം ജംഗ്‌ഷൻ

'പൊള്ളുന്ന വെയിലല്ലേ,​ വെയിലേറ്റു വാടല്ലേ ' എന്ന സിനിമാപാട്ട് റോഡരികിലെ കടയിൽ എഫ്.എം റേഡിയോയിൽ കേൾക്കുന്നതിനിടെയാണ് വെമ്പായം മുസ്ലിം ജമാഅത്തിന് മുന്നിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പി.എസ്. പ്രശാന്ത് എത്തിയത്. വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് ശേഷം പുറത്തിറങ്ങുന്ന വിശ്വാസികളോട് വോട്ട് അഭ്യർത്ഥിക്കുകയാണ് ലക്ഷ്യം. ഇതിനിടെ തൊട്ടടുത്ത മീൻ വില്പന സ്ഥലത്തേക്ക് പ്രശാന്തിനെ പ്രവർത്തകർ കൂട്ടിക്കൊണ്ടുപോയി. തട്ടിൽ നിരത്തിവച്ച മീനുകൾ. ഒരു ചൂര മീൻ പ്രശാന്ത് എടുത്തുയർത്തി. ' വോട്ട് ചെയ്യില്ലേ ചേട്ടാ ' എന്ന ചോദ്യത്തിന് സംശയിക്കുകയേ വേണ്ടന്ന് മറുപടി. മരച്ചീനി വിൽക്കുന്ന ശാരദയെന്ന വൃദ്ധയുടെ അടുത്തെത്തിയപ്പോൾ ഇരുകൈകളും ചേർത്തുപിടിച്ച് പറഞ്ഞു, ' മക്കളേ എന്റെ വോട്ട് കൈപ്പത്തിക്ക് തന്നെ കേട്ടാ'. പള്ളിയിൽ നിന്നും ആൾക്കാർ പുറത്തേക്കിറങ്ങിയെന്ന് പ്രവർത്തകർ പറഞ്ഞപ്പോൾ സ്ഥാനാർത്ഥി അവിടേക്ക് പോയി. കൈകൂപ്പിയും കരം പിടിച്ചും വോട്ട് അഭ്യർത്ഥന. പിന്നീട് കന്യാകുളങ്ങര ജുമാ മസ്ജിദിലേക്ക്.

'' കഴിഞ്ഞ അഞ്ചുവർഷക്കാലം വികസന മുരടിപ്പാണ് മണ്ഡലത്തിൽ ഉണ്ടായതെന്ന് പി.എസ്‌. പ്രശാന്ത് പറഞ്ഞു. ഒരുമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നതായാണ് അവരുടെ പ്രതികരണം സൂചിപ്പിക്കുന്നതെന്ന് പ്രശാന്ത് പറഞ്ഞു.

പോത്തൻകോട് കരൂർ ജംഗ്‌ഷൻ

അമ്പാടി ബേക്കറിയിലെ തട്ടിൽ ചൂടു വെളിച്ചെണ്ണയിൽ ഉണ്ണിയപ്പം മൊരിഞ്ഞു വരികയാണ്. പാചകംചെയ്യുന്ന ഓമനയമ്മ നോക്കിയപ്പോൾ മുന്നിൽ ബി.ജെ.പി സ്ഥാനാർത്ഥി ജെ.ആർ. പദ്മകുമാർ. ബേക്കറി പുതിയതാണെങ്കിലും നാടും നാട്ടുകാരും തനിക്ക് അപരിചിതമല്ലെന്ന് പദ്മകുമാർ. ബേക്കറി നടത്തുന്ന അരുണിനോടും മറ്റുള്ളവരോടും വോട്ട് ചോദിച്ചിറങ്ങുമ്പോൾ ഓമനയമ്മ ഒരു ഉണ്ണിയപ്പം സ്ഥാനാർത്ഥിക്ക് സമ്മാനിച്ചു. ഒരു കഷണം എടുത്തശേഷം ബാക്കി ഒപ്പമുണ്ടായിരുന്ന പ്രവർത്തകർക്ക് നൽകി. സ്‌കൂൾ അദ്ധ്യാപകനായിരുന്ന വിക്രമൻ നായരുടെ അനുഗ്രഹം വാങ്ങാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഇറങ്ങാൻ നേരം അദ്ധ്യാപകൻ ശിഷ്യനോട് പറഞ്ഞു ,' ഞാൻ പ്രാർത്ഥിക്കാം'. വെയിൽ കനക്കുമ്പോഴും ക്ഷീണം വകവയ്‌ക്കാതെ സ്ഥാനാർത്ഥി മുന്നോട്ടുപോയി.

'' മണ്ഡലത്തിലെ ആളാണെന്നത് പ്രതീക്ഷ നൽകുന്നുവെന്ന് ജെ.ആർ. പദ്മകുമാർ പറഞ്ഞു. രണ്ട് മുന്നണികളും ഭരിച്ചിട്ടും കാര്യമായ വികസനമുണ്ടായിട്ടില്ല. ജനങ്ങളുടെ പ്രതികരണം തിരഞ്ഞെടുപ്പിൽ ഉണ്ടാകും - പദ്മകുമാർ പറഞ്ഞു.