
തിരുവനന്തപുരം: ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത് ജനശ്രദ്ധ തിരിച്ചുവിടാനുള്ള വിലകുറഞ്ഞ അടവുതന്ത്റമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. നിഗൂഢരാഷ്ട്രീയം ലക്ഷ്യമിട്ടാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. ഇതിലൂടെ ഗുണം ലഭിക്കുന്നത് മുഖ്യമന്ത്രിക്കാണ്.
സ്വപ്നയുടെ രഹസ്യമൊഴിയിൽ കഴമ്പുണ്ടോയെന്ന് പരിശോധിക്കണം. ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ ഒന്നുമില്ലാതെ വിഷയദാരിദ്റ്യം നേരിടുന്ന മുഖ്യമന്ത്റി പുതിയ വിവാദങ്ങൾ ഉയർത്താൻ ശ്രമിക്കുകയാണ്. ഒ. രാജഗോപാലും സി.പി.എമ്മും തമ്മിലുള്ള ധാരണ കേരളീയ സമൂഹത്തിന് നന്നായി അറിയാം. സ്‌പീക്കർ തിരഞ്ഞെടുപ്പ് വേളയിൽ സി.പി.എമ്മിന് വോട്ട് ചെയ്ത എം.എൽ.എയാണ് രാജഗോപാൽ. ഇതിലൂടെ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തർധാര സമൂഹത്തിന് ബോദ്ധ്യപ്പെട്ടു.
തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ശബരിമല മുഖ്യവിഷയമാക്കാൻ ഉദ്ദേശിക്കുന്നില്ല. ശബരിമല വിഷയത്തിൽ സി.പി.എം നേതാക്കളുടെ നിലപാടിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്യുന്നത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഒന്നു പറയുമ്പോൾ മുഖ്യമന്ത്റിയും വിശ്വസ്തനായ ദേവസ്വം മന്ത്റിയും മറ്റൊന്നാണ് പറയുന്നത്. ശബരിമല സ്ത്രീ പ്രവേശനത്തിൽ സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേന്ദ്ര ഏജൻസിക്കെതിരായ കേസ്
കേട്ടുകേൾവിയില്ലാത്തത്: കെ.സുരേന്ദ്രൻ
കാസർകോട്: കേന്ദ്ര ഏജൻസികൾക്കെതിരെ കേസെടുക്കുന്നത് രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത സംഭവമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. സത്യം പുറത്തു വരുമെന്നുള്ള ഭയമാണ് മുഖ്യമന്ത്രിക്ക്. അഴിമതി തന്നെയാണ് തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയം. ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നിറുത്തിയിരിക്കുന്നത് അപ്രധാന സ്ഥാനാർത്ഥിയെയാണ്. ദുഷ്ടജനസമ്പർക്കം കൂടിയതിനാൽ പിണറായി വിജയൻ ഇ.ശ്രീധരനെപ്പോലുള്ള നല്ല ആളുകളെ കാണുമ്പോൾ കലിതുള്ളുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.