
തിരുവനന്തപുരം:ക്ഷേമപെൻഷൻ 2500 രൂപ, വീട്ടമ്മമാർക്ക് പെൻഷൻ, 40 ലക്ഷം പുതിയ തൊഴിലവസരങ്ങൾ തുടങ്ങിയ വമ്പൻ വാഗ്ദാനങ്ങളുമായി എൽ.ഡി.എഫ് പ്രകടന പത്രിക ഇന്നലെഎ.കെ.ജി സെന്ററിൽ ഇടതുമുന്നണി നേതാക്കൾ ചേർന്ന് പുറത്തിറക്കി.
അമ്പതിനങ്ങളിലായി നടപ്പാക്കാനുള്ള 900 നിർദ്ദേശങ്ങളാണ് പ്രകടനപത്രികയുടെ ആദ്യഭാഗം. വ്യത്യസ്തങ്ങളായ അമ്പത് പൊതു നിർദ്ദേശങ്ങളാണ് രണ്ടാം ഭാഗം.തുടർഭരണം ഉറപ്പാണെന്ന വിശ്വാസത്തിൽ ജനകീയ വിഷയങ്ങൾക്കും സംസ്ഥാനത്തിന്റെ ക്ഷേമത്തിനും ഊന്നൽ നൽകിയുള്ള പ്രകടനപത്രികയാണിതെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ പറഞ്ഞു.
പ്രധാന വാഗ്ദാനങ്ങൾ
₹ഇപ്പോൾ പ്രതിമാസം 1600 രൂപ നൽകുന്ന സാമൂഹ്യ പെൻഷൻ ഘട്ടം ഘട്ടമായി 2500 രൂപയാക്കും.
₹വീട്ടമ്മമാരുടെ പെൻഷൻ പദ്ധതിയുടെ ഘടന സർക്കാർ തയ്യാറാക്കും.
₹കൃഷിക്കാരുടെ വരുമാനം 50 % വർദ്ധിപ്പിക്കാൻ ശാസ്ത്ര - സാങ്കേതിക വിദ്യകൾ.
₹ റബറിന്റെ തറവില ഘട്ടങ്ങളായി 250 രൂപയാക്കും.
₹വിവിധ മേഖലകളിൽ 40 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. മുഴുവൻ അഭ്യസ്തവിദ്യർക്കും നൈപുണ്യ പരിശീലനം.
₹കാർഷിക മേഖലയിൽ അഞ്ച് ലക്ഷവും ഇതര മേഖലകളിൽ 10 ലക്ഷവും ഉപജീവന തൊഴിലുകൾ സൃഷ്ടിക്കും.
₹അഞ്ചു വർഷം കൊണ്ട് 15,000 സ്റ്റാർട്ട് അപ്പുകൾ കൂടി. ഒരു ലക്ഷം പേർക്ക് തൊഴിൽ. ഇതിനായി നൂതനവിദ്യകൾ വികസിപ്പിക്കാൻ ഇന്നവേഷൻ ചലഞ്ച്.
₹സ്റ്റാർട്ട് അപ്പുകൾക്ക് ഉദാരമായ ധനസഹായം.
₹45 ലക്ഷം കുടുംബങ്ങൾക്ക് ഒരു ലക്ഷം മുതൽ 15 ലക്ഷം വരെ വികസനവായ്‌പ
₹സർക്കാർ, അർദ്ധസർക്കാർ, സഹകരണ, പൊതുമേഖലാ സ്ഥാപനങ്ങൾ സ്‌പെഷ്യൽ റൂളുകളുണ്ടാക്കി നിയമനങ്ങൾ പി.എസ്.സിക്കു വിടും.
₹ഒഴിവുകൾ പൂർണമായും സമയബന്ധിതമായും റിപ്പോർട്ട് ചെയ്യും.
₹പി.എസ്.സി പരീക്ഷ, മൂല്യനിർണ്ണയം, നിയമനം എന്നിവ നടത്താൻ പൂർണമായും ഓട്ടോമേറ്റഡ് സംവിധാനം. മനുഷ്യ ഇടപെടൽ ഏറ്റവും കുറച്ച് ചോദ്യപേപ്പറുകൾ തയ്യാറാക്കി, മൂല്യനിർണയം നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തും.
₹പൊതുമേഖലാ റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിക്കും.