s

തിരുവനന്തപുരം:ജനപങ്കാളിത്തത്തോടെയാണ് എൽ.ഡി.എഫ് പ്രകടന പത്രികയ്‌ക്ക് രൂപം നൽകിയതെന്ന് ഇടതു നേതാക്കൾ വ്യക്തമാക്കി. എല്ലാ വിഭാഗം ജനങ്ങളുമായും മുഖ്യമന്ത്രി നേരിട്ട് നടത്തിയ സംവാദങ്ങൾ, സംഘടനകളും വ്യക്തികളും ഓൺലൈനായും അയച്ചു തന്ന നിർദ്ദേശങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് പ്രകടന പത്രികയ്‌ക്ക് അന്തിമ രൂപം നൽകിയത്.

ഒരു തരത്തിലുമുള്ള വർഗീയതയുമായും സന്ധി ചെയ്യാതെ എല്ലാ മതവിഭാഗങ്ങളുടെയും വിശ്വാസം സംരക്ഷിക്കാനും ഒരു മതത്തിലും വിശ്വാസമില്ലാത്തവർക്കും സമാധാനത്തോടെ ജീവിക്കാനും വേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും എൽ.ഡി.എഫ് നേതൃത്വം നൽകുമെന്ന് പ്രകടന പത്രികയുടെ ആമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.

തീരദേശ വികസനത്തിന് 5000 കോടി രൂപയുടെ പാക്കേജ് പ്രകടനപത്രികയിൽ വിഭാവനം ചെയ്യുന്നു. കടലാക്രമണമുള്ള മുഴുവൻ തീരങ്ങളിലും പുലിമുട്ടുകളോ മറ്റു തീരസംരക്ഷണ പ്രവൃത്തികളോ ഉറപ്പാക്കും. പുനർഗേഹം പദ്ധതി നടപ്പാക്കും. മുഴുവൻ ഹാർബറുകളുടെയും നിർമ്മാണം പൂർത്തിയാക്കും.

സെക്രട്ടേറിയറ്റ് നടയിൽ പി.എസ്.സി റാങ്ക്ഹോൾഡേഴ്സ് നടത്തിയ സമരത്തിന്റെയും മറ്റും പ്രതിഫലനമാണ് എല്ലാ നിയമനങ്ങളും പി.എസ്.സി ക്ക് വിടാനുള്ള നിർദ്ദേശം. എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ഘടകകക്ഷി നേതാക്കളായ കെ.പ്രകാശ് ബാബു, ആന്റണി രാജു, ഷേക്ക് പി.ഹാരീസ്, ഉഴമലയ്ക്കൽ വിജയൻ, പി.വേണുഗോപാലൻ നായർ എന്നിവർ ചേർന്നാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്.

മറ്റ് വാഗ്ദാനങ്ങൾ

* സ്വകാര്യ നിക്ഷേപം ആകർഷിക്കും

* കേരളം ഇലക്ട്രോണിക്- ഫാർമസ്യൂട്ടിക്കൽ ഹബ്ബാക്കും

* മൂല്യവർദ്ധിത വ്യവസായങ്ങൾ വിപുലമാക്കും

* ടൂറിസം വിപണി ഇരട്ടിയാക്കും

* സൂക്ഷ്‌മ,​ ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ എണ്ണം മൂന്ന് ലക്ഷമാക്കും

* പ്രവാസി തൊഴിൽ പദ്ധതിക്ക് രൂപം നൽകും.

* ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനം ശക്തമാക്കും.

* കാലിത്തീറ്റ ഉത്പാദനം ഇരട്ടിയാക്കും.

* പരമ്പരാഗത വ്യവസായങ്ങൾ സംരക്ഷിക്കും

* മുഴുവൻ പട്ടികജാതി കുടുംബങ്ങൾക്കും അഞ്ചു വർഷത്തിനകം പാർപ്പിടം

* ഉന്നത വിദ്യാഭ്യാസ മേഖല അഴിച്ചുപണിയും

* 30 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം.

* 60,000 കോടിയുടെ പശ്ചാത്തല സൗകര്യ പ്രവൃത്തികൾ

* 2040 വരെ വൈദ്യുതി ക്ഷാമം ഇല്ലെന്ന് ഉറപ്പാക്കും

* കേരളം സ്ത്രീ സൗഹൃദമാക്കും

* കേരള ബാങ്ക് എൻ.ആർ.ഐ ഡെപ്പോസിറ്റ് ബാങ്ക് ആക്കും

* അഴിമതി തുടച്ചു നീക്കും

* അങ്കണവാടി, ആശാവർക്കർ, റിസോഴ്സ് അദ്ധ്യാപകർ, പാചകത്തൊഴിലാളികൾ, കുടുംബശ്രീ ജീവനക്കാർ, പ്രീപ്രൈമറി അദ്ധ്യാപകർ, എൻ.എച്ച്.എം ജീവനക്കാർ,സ്‌കൂൾ സോഷ്യൽ കൗൺസിലർമാർ തുടങ്ങി എല്ലാ സ്‌കീം വർക്കേഴ്സിന്റെയും ആനുകൂല്യങ്ങൾ കാലോചിതമായി ഉയർത്തും.