
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി മഹോത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 8.45നാണ് കൊടിയേറ്റ്. ക്ഷേത്ര നടയിലെ സ്വർണക്കൊടിമരത്തിലും തിരുവമ്പാടിയിലെ വെള്ളിക്കൊടിമരത്തിലും തന്ത്രി കൊടിയേറ്റും. രാവിലെ 10ന് മണ്ണുനീർ കോരൽ ചടങ്ങ് നടക്കും. 28ന് രാത്രി 8.30നാണ് പള്ളിവേട്ട. 29ന് വൈകിട്ട് ആറാട്ട്. 30ന് രാവിലെ ആറാട്ട് കലശം നടക്കും. ഉത്സവത്തിനു മുന്നോടിയായി ക്ഷേത്രത്തിൽ ഇന്നലെ ബ്രഹ്മകലശം നടന്നു. വ്യാഴാഴ്ച വൈകിട്ട് അഭിശ്രവണമണ്ഡപത്തിൽ 365 സ്വർണക്കുടങ്ങളിൽ കലശപൂജ ആരംഭിച്ചിരുന്നു. ഇന്നലെ രാവിലെ ആറിന് തന്ത്രി തരണനല്ലൂർ പ്രദീപ് നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ പരികലശങ്ങളും തേൻ, നെയ്യ്, മറ്റ് ദ്രവ്യങ്ങൾ എന്നിവ സ്വർണക്കുടങ്ങളിൽ നിറച്ച് ബ്രഹ്മകലശാഭിഷേകവും നടത്തി. ഉത്സവ ദിവസങ്ങളിൽ പതിവുള്ള കഥകളി ഉൾപ്പെടെ കലാപരിപാടികൾ ഇക്കുറിയില്ല. വൈകിട്ട് 4.30നും രാത്രി 8.30നും വാഹനങ്ങളിൽ വിഗ്രഹമെഴുന്നള്ളിച്ച് ഉത്സവ ശീവേലി നടത്തും. ഭക്തർക്ക് ദർശനത്തിന് സൗകര്യമുണ്ടായിരിക്കും.