t

നെയ്യാറ്റിൻകര: നെയ്യാർ തെളിഞ്ഞൊഴുകുകയാണെങ്കിലും തിരഞ്ഞെടുപ്പ് ചൂട് ഏറിയതോടെ നെയ്യാറ്റിൻകരയിലെ രാഷ്ട്രീയാന്തരീക്ഷം കലങ്ങി മറിഞ്ഞുതുടങ്ങി. മൂന്നു മുന്നണികൾ പ്രചാരണം കടുപ്പിച്ചതോടെ പ്രവചനം അസാദ്ധ്യമായി. തമിഴ്നാടുമായി അ‌തിർത്തി പങ്കിടുന്ന മണ്ഡലത്തിൽ വിജയം കൊയ്യാൻ പൊരിവെയിലിനെയും അവഗണിച്ച് ഓടിനടക്കുകയാണ് എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ.

 മനസുനിറഞ്ഞ്

"സർക്കാരിന്റെ കാര്യക്ഷമതയെക്കുറിച്ച് ഞാൻ വേറെന്ത് ഉദാഹരണം പറയണം. ഏറ്റവും തെളിവായി കേരള ഓട്ടോമൊബൈൽ ലിമിറ്റഡ് തന്നെ എടുക്കാം. ഈ സ്ഥാപനത്തിന് പുതുജീവൻ കിട്ടിയത് എൽ.‌ഡി.എഫ് സർക്കാരിന്റെ കാലത്ത് " -ആറാലുംമൂട് കേരള ഓട്ടോമൊബൈലിനു സമീപത്തെ എസ്.എൻ.‌ഡി.പി യോഗം പുത്തനമ്പലം ശാഖാ ഓഡിറ്റോറിയത്തിൽ നിന്ന് കെ.ആൻസലൻ സംസാരിച്ചപ്പോൾ ഹാൾ നിറയെ കേൾവിക്കാരായി തൊഴിലാളികൾ. പിന്നെ പുറത്തേക്കിറങ്ങുമ്പോൾ പിന്തുടർന്ന തൊഴിലാളികളോട് നെയ്യാറ്റിൻകരയിലെ സിറ്റിംഗ് എം.എൽ.എയും ഇടതു സ്ഥാനാർത്ഥിയുമായ കെ.ആൻസലൻ ഒന്നുകൂടി വോട്ട് ചോദിച്ച് ഉറപ്പാക്കി.

ഇരുട്ടുവീണു തുടങ്ങി. സ്ഥാനാർത്ഥിക്ക് ഇനിയും രണ്ടുമൂന്നിടങ്ങളിൽ പോകാനുണ്ട് ഒപ്പം വന്നവർ പറഞ്ഞു. രാവിലെ 8ന് നെല്ലിമൂട് നിന്ന് തുടങ്ങിയതാണ് വോട്ടുറപ്പിക്കാനുള്ള യാത്ര. അവിടെനിന്ന് ഉച്ചക്കട, പിന്നെ മാവിളക്കടവ്. പ്രധാനമായും കണ്ടത് തൊഴിലുറപ്പ് തൊഴിലാളികളെ. 'ക്ഷേമ പെൻഷനും സൗജന്യക്കിറ്റും നൽകിയത് നമ്മുടെ സർക്കാരാണ് ".'അറിയാം സഖാവേ..." കൂട്ടത്തിലൊരാളുടെ മറുപടി കേട്ടപ്പോൾ ആൻസലൻ ഹാപ്പി.

ആർ.സെൽവരാജിന്റെ കാലത്ത് നടന്ന വികസനപ്രവ‌ർത്തനങ്ങളുടെ പതിന്മടങ്ങ് വികസന പ്രവർത്തനങ്ങൾ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ നടന്നു. കഴിഞ്ഞ നാലരവർഷമായി ഇവിടത്തുകാരുമായി അദ്ദേഹത്തിനു യാതൊരു ബന്ധവും ഇല്ല. ഇവിടെ വികസന പ്രവർത്തനം നടന്നിട്ടില്ല എന്നു പറയുന്നത് അറിവില്ലായ്മ കൊണ്ടാണ്

- കെ.ആൻസലൻ

t

എല്ലായിടത്തും ഓടിയെത്താൻ

സ്ഥലം കാരോട് ഒറ്റപ്ലാവിള ജംഗ്ഷൻ.സമയം വൈകിട്ട് 3.45. 'ഏതാനും നിമിഷങ്ങൾക്കകം നിങ്ങളുടെ പ്രിയങ്കരനായ സ്ഥാനാർത്ഥി ആർ. സെൽവരാജ് ഇവിടെ എത്തിച്ചേരുന്നു..." അനൗൺസ്‌മെന്റ് വാഹനം ജംഗ്ഷനിൽ വന്നു നിന്നു. നാലേ കാലായപ്പോഴേക്കും യു.ഡി.എഫ് സ്ഥാനാർത്ഥി ആർ. സെൽവരാജ് കാരോട് കൺവെൻഷൻ സ്ഥലത്തെത്തി. ഉദ്ഘാടകനായ ശശി തരൂർ എം.പി എത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ. പെട്ടെന്ന് സെൽവരാജ് സമീപത്തെ കടകളിലേക്ക് നടന്നു. 'ഇത്തവണ സഹായിക്കണം" - കൈക്കൂപ്പിക്കൊണ്ടുള്ള അഭ്യർത്ഥന. നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം ആദ്യത്തെ പരിപാടിയാണ്. കാരോട് പഞ്ചായത്ത് യു.ഡി.എഫ് അനുകൂലമുള്ളിടം. മുൻപരിചയക്കാരനും കർഷനുമായ അപ്പു, സെൽവരാജിന്റെ തലയിൽ കൈവച്ചു പറഞ്ഞു 'ഞാൻ സഹായിക്കും". എല്ലാ വോട്ടർമാരെയും നേരിൽ കാണാനുള്ള സമയം കിട്ടില്ല. പരമാവധി പേരെ കാണാനുള്ള ശ്രമത്തിലാണെന്നും സെൽവരാജ് പറഞ്ഞു.

''

വലിയ ആത്മവിശ്വാസമാണുള്ളത്. കഴിഞ്ഞ 5 വർഷം ഒരു വികസനപ്രവർത്തനവും മണ്ഡലത്തിൽ നടന്നിട്ടില്ല. കഴിഞ്ഞ തവണത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. സർക്കാർ വിരുദ്ധ മനോഭാവം ചെറുപ്പക്കാർക്കിടയിലാണ് കൂടുതലുള്ളത്.

- ആർ. സെൽവരാജ്

t

ആത്മവിശ്വാസത്തോടെ

നെയ്യാറ്റിൻര ടി.ബി ജംഗ്ഷനടുത്ത് റോഡ് മുറിച്ച് നടന്നുവരുന്ന ആളെ കണ്ടപ്പോൾ ഹോട്ടൽ നടത്തുന്ന പെണ്ണുങ്ങളുടെ മുഖത്ത് ചിരിപടർന്നു. ചെങ്കൽ സ്വദേശി രാജശേഖരൻ നായരെ അവർക്ക് അറിയാം. അകത്തേക്ക് കയറിയപ്പോൾ ഒരു സ്റ്റൂൾ നീക്കിയിട്ടിട്ട് 'ഇരിക്കണം സാർ" എന്ന് മീന. 'എത്ര മണിവരെ കട കാണും?​"- രാജശേഖരൻ നായർ ചോദിച്ചു. 'ഏഴാകുമ്പോൾ അടയ്ക്കും"- ഗീതയുടെ മറുപടി. 'ഞങ്ങൾ കുടുംബശ്രീക്കാരായ അഞ്ചുപേരാണ് കട നടത്തുന്നത് "- ഓരോരുത്തരെയും സന്ധ്യ പരിചയപ്പെടുത്തി.

നമ്മുടെ മക്കൾക്ക് നല്ല തൊഴിലവസരങ്ങൾ വേണം. ജോലി തേടി പുറത്തുപോകേണ്ട ഗതികേട് ഉണ്ടാകരുത്. അതിന് ബി.ജെ.പി വരണം. നിങ്ങൾ വോട്ടു ചെയ്യണം. വൈകിട്ട് നാലരയ്ക്ക് എൻ.ഡി.എ കൺവെൻഷൻ ഉണ്ടെന്ന് പറഞ്ഞ് കൈകൂപ്പി രാജശേഖരൻ നായർ ഇറങ്ങി. വൈകിട്ട് രാജശേഖരൻ നായർക്കുവേണ്ടി വോട്ടു തേടി ഭാര്യയും ചലച്ചിത്രനടിയുമായ രാധയും മകളും ചലച്ചിത്രതാരവുമായ കാർത്തികയും നാട്ടുകാർക്കു മുന്നിലെത്തി.

''

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വികസനകാര്യത്തിൽ വളരെ പിറകിലാണ് കേരളം. തൊഴിലവസരങ്ങൾ ഇല്ല. നെയ്യാറ്റിൻകരയിൽ ഇപ്പോൾ നിൽക്കുന്ന മറ്റ് രണ്ട് മുന്നണി സ്ഥാനാർത്ഥികളെയും ഇവിടത്തുകാർ നേരത്തെ പരീക്ഷിച്ചതാണ്. ആ അനുഭവം കൊണ്ട് തന്നെ ഇത്തവണ എൻ.ഡി.എക്ക് അനുകൂലമാകും വിധിയെഴുത്ത്.

- രാജശേഖരൻ നായർ