
തിരുവനന്തപുരം: പുളിങ്കുടി സ്വദേശിയായ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മൂന്ന് പ്രതികളെ പൊലീസ് പിടികൂടി. പുളിങ്കുടി സ്വദേശികളായ ബാബു (65), അനീഷ് (22), മനോജ് (26) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ വർഷം നവംബർ 7നാണ് സംഭവം. പുളിങ്കുടി മുല്ലൂർ സ്വദേശിയായ അനിൽകുമാറിനെ രാത്രി എട്ടോടെ പുളിങ്കുടി - ഉച്ചക്കട റോഡിൽ വച്ച് പ്രതികൾ തടഞ്ഞു നിറുത്തി മർദ്ദിക്കുകയും ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽ പോയ പ്രതികളെ ഫോർട്ട് എ.സി.പി അനിൽദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം എസ്.എച്ച്.ഒ ജി. രമേശ്, എസ്.ഐമാരായ രാജേഷ്, ബാലകൃഷ്ണൻ ആചാരി, സി.പി.ഒമാരായ കൃഷ്ണകുമാർ, അജികുമാർ, സജൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.