
വർക്കല: ജില്ലയിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് വർക്കല നിയമസഭാ മണ്ഡലം. മണ്ഡലം നിലനിറുത്താൻ എൽ.ഡി.എഫ് ഇറങ്ങുമ്പോൾ അട്ടിമറി വിജയത്തിനാണ് യു.ഡി.എഫിന്റെ ശ്രമം. ബി.ജെ.പിയും വിജയത്തിൽ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല.
വർക്കല മുനിസിപ്പാലിറ്റി, ചെമ്മരുതി, ഇടവ, ഇലകമൺ ,മടവൂർ, നാവായിക്കുളം, പള്ളിക്കൽ, വെട്ടൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് വർക്കല നിയമസഭാ മണ്ഡലം. തിരഞ്ഞെടുപ്പ് ചരിത്രത്തിൽ വർക്കല മണ്ഡലത്തിൽ ജനങ്ങൾ ഏറ്റവും കൂടുതൽ പിന്തുണച്ചിട്ടുള്ളത് ഇടതുപാർട്ടികളെയാണ്. ആറ് തവണ സി.പി.എമ്മും നാലു തവണ സി.പി.ഐയും വിജയിച്ച മണ്ഡലമാണ് വർക്കല. സി.പി.എമ്മും സി.പി.ഐയും നേർക്കുനേർ മത്സരിച്ച ചരിത്രവുമുണ്ട്. സി.പി.ഐയ്ക്കായിരുന്നു അന്ന് വിജയം.
വി. ജോയ് തിരിച്ചുപിടിച്ചു
2001 മുതൽ 2016 വരെ ഹാട്രിക് വിജയമാണ് കോൺഗ്രസിന്റെ വർക്കല കഹാർ നേടിയത്. എന്നാൽ, 2016ൽ കന്നി അങ്കത്തിനിറങ്ങിയ സി.പി.എമ്മിലെ അഡ്വ.വി. ജോയി മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു. 2386 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നാലാം തവണയും മത്സരത്തിനിറങ്ങിയ കഹാറിനെ ജോയി തോൽപിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ശക്തമായ തിരിച്ചുവരവും പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കിട്ടിയ 6000 വോട്ടുകൾ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ 5350 ആയി കുറഞ്ഞതും പല പഞ്ചായത്തുകളും തിരിച്ചുപിടിക്കാനായതും എൽ.ഡി.എഫ് ക്യാംപിൽ പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ട്. കൂടാതെ പിണറായി വിജയന്റ പ്രവർത്തനങ്ങൾ താഴെത്തട്ടിലെ ജനങ്ങൾക്ക് എത്തിക്കാൻ സാധിച്ചതും വർക്കലയിൽ താൻ നടത്തിയ വികസന നേട്ടങ്ങൾ എല്ലാം തന്നെ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ്.
യു.ഡി.എഫിൽ സ്ഥാനാർത്ഥി നിർണയത്തിൽ കാലതാമസം നേരിട്ടതും വർക്കല കഹാറിനെ സ്ഥാനാർത്ഥിയാക്കാത്തതിലും പ്രാദേശിക നേതൃത്വത്തിൽ തുടക്കത്തിൽ അസംതൃപ്തി പ്രകടമായിരുന്നു. എന്നാൽ, സ്ഥാനാർത്ഥിയായി ബി.ആർ.എം. ഷഫീർ എത്തിയതോടെ പ്രചാരണ പരിപാടികളിൽ വർക്കല കഹാർ തന്നെ മുന്നിട്ടറങ്ങി. 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അടൂർ പ്രകാശ് ഇടതുസ്ഥാനാർത്ഥി എ.സമ്പത്തിനേക്കാൾ 6000 വോട്ടുകൾ നേടിയതും യു.ഡി.എഫിന് പ്രതീക്ഷ നൽകുന്നു.
ബി.ഡി.ജെ.എസിന്റെ അജി എസ്.ആർ.എം ആണ് ഇവിടെ എൻ.ഡി.എ സ്ഥാനാർത്ഥി. 2019ൽ നടന്ന പാർലമെൻറ് തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി വോട്ടിംഗ് ശതമാനം ഉയർത്തിയതും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വർക്കല നഗരസഭയിൽ ഉൾപ്പെടെ നടത്തിയ മുന്നേറ്റവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നേടിയ 19,842 വോട്ടുകളും ബി.ജെ.പിക്ക് പുതിയ പ്രതീക്ഷ നൽകുന്നു.
മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ വോട്ടായി മാറും. വിജയം സുനിശ്ചിതം- വി.ജോയ്
ഉദ്ഘാടന മാമാങ്കം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക മാത്രമാണ് ചെയ്തത്. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു- ബി.ആർ.എം. ഷഫീർ
ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യമാണുള്ളത്. വിജയം ഉറപ്പാണ്- അജി.എസ്.ആർ.എം