
പെരിന്തൽമണ്ണ: പ്രായപൂർത്തിയാവാത്ത കുട്ടിയെ തയ്യൽകടയിൽ വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് പത്തുവർഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2013 നവംബർ 22ന് ഉണ്ടായ സംഭവത്തിൽ പെരിന്തൽമണ്ണ വേങ്ങൂർ കൂരിയാട്ട് വട്ടപ്പറമ്പിൽ മുജീബ് (43) നെയാണ് പെരിന്തൽമണ്ണ അഡീഷണൽ സെഷൻസ് സ്പെഷൽ കോടതി ശിക്ഷിച്ചത്. ജഡ്ജി കെ.പി. അനിൽകുമാറാണ് ശിക്ഷ വിധിച്ചത്. ഐ.പി.സി 377 പ്രകാരം മൂന്നുവർഷം തടവും 20,000 രൂപ പിഴയും കുട്ടികൾക്കെതിരെയുള്ള ലൈംഗീകാതിക്രമം തടയൽ നിയമം(പോക്സോ) പ്രകാരം പത്ത് വർഷ കഠിനതടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. തടവ് ഒരുമിച്ച് പത്തുവർഷം അനുഭവിച്ചാൽ മതി. പിഴത്തുക കേസിലെ ഇരയ്ക്ക് നൽകണം. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പി.പി. സപ്നയാണ് ഹാജരായത്. പെരിന്തൽമണ്ണ കോഴിക്കോട് റോഡ് ബൈപ്പാസ് ജംഗ്ഷനിലെ തയ്യൽക്കടയിൽ വെച്ച് മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങൾ കാണിച്ച് ബലമായി പീഡിപ്പിച്ചതായാണ് കേസ്.