
ആൾക്കൂട്ടമാണ് കുഞ്ഞൂഞ്ഞിന്റെ എനർജി
ഉമ്മൻചാണ്ടി
മണ്ഡലം: പുതുപ്പള്ളി
വയസ് 77
ഉറക്കം പലപ്പോഴും യാത്രയ്ക്കിടയിലാണ്. കാറിൽ
കയറിയാൽ കണ്ണടച്ചിരുന്ന് ഉറങ്ങും. ഒരു യോഗസ്ഥലം മുതൽ അടുത്ത യോഗ സ്ഥലം വരെയേ ഈ ഉറക്കത്തിന് ആയുസുള്ളൂ. ഇതിനിടയിൽ നൂറു പേർ വിളിക്കുംഉറങ്ങണമെന്നില്ല, ഉണ്ണണമെന്നും. ചുക്കിച്ചുളിഞ്ഞ ഖദറും പാറിപ്പറക്കുന്ന തലമുടിയും പഴകിത്തേഞ്ഞ ചെരുപ്പും. ഇതൊക്കെയാണ് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിശേഷങ്ങൾ. ആൾക്കൂട്ടമാണ് പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞിന്റെ എനർജിയുടെ രഹസ്യം.ആൾക്കൂട്ടമില്ലെങ്കിൽ കരയ്ക്ക് പിടിച്ചിട്ട മീനിനെപ്പോലെയാണ് കൂഞ്ഞൂഞ്ഞെന്ന് പുതുപ്പള്ളിക്കാർ പറയും.
തിരഞ്ഞെടുപ്പ് പ്രചാരണവും ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്കുമിടയിൽ ഉമ്മൻചാണ്ടി സ്വന്തം ആരോഗ്യത്തെക്കുറിച്ച് ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. രാത്രി ഏറെ വൈകിയാണ് ഉറക്കം. എന്നാലും അഞ്ചുമണിയോടെ ഉണരും. യോഗയില്ല, നടത്തമില്ല. മറ്റ് വ്യായാമങ്ങളൊന്നുമില്ല.
പക്ഷേ, എല്ലാ പത്രങ്ങളും രാവിലെ തന്നെ വായിക്കണമെന്നതിൽ നിർബന്ധമുണ്ട്. ആഹാരം കഴിച്ചില്ലെങ്കിലും കുഴപ്പമില്ല. ചിലപ്പോൾ കഴിച്ചെന്ന് വരുത്തും. ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കും. അതാണ് ആമാശയത്തിന്റെ കരച്ചിലിനുള്ള ഏക പരിഹാരം. സംസാരിക്കുന്നതിൽ നിയന്ത്രണം വേണമെന്ന് ഡോക്ടർമാരുടെ കർശന നിർദ്ദേശമുണ്ടെങ്കിലും ഒന്നും പാലിക്കാറുമില്ല.
ഉറക്കം പലപ്പോഴും യാത്രയ്ക്കിടയിലാണ്. കാറിൽ കയറിയാൽ കണ്ണടച്ചിരുന്ന് ഉറങ്ങും. ഒരു യോഗസ്ഥലം മുതൽ അടുത്ത യോഗ സ്ഥലം വരെയേ ഈ ഉറക്കത്തിന് ആയുസുള്ളൂ. ഇതിനിടയിൽ നൂറു പേർ വിളിക്കും. പ്രായത്തിന്റെ അവശതകളുള്ളതിനാൽ വിളിച്ചുണർത്തി ഫോൺ നൽകാൻ പേഴ്സണൽ സ്റ്റാഫംഗങ്ങൾക്ക് മടിയാണ്. പക്ഷേ,ആൾക്കൂട്ടം കണ്ടാൽ ക്ഷീണമെല്ലാം പമ്പകടക്കും.വെയിലായാലും മഴയായാലും ആൾക്കൂട്ടത്തിനിടയിലേക്കിറങ്ങിയാൽ അങ്ങനെ നിന്നോളും. ഒരു കുലുക്കവുമില്ലാതെ.
അനുഭവമാണ് കരുത്ത്
തോട്ടത്തിൽ രവീൻ
മണ്ഡലം: കോഴിക്കോട്(N)
വയസ് 70
രവിയേട്ടാ... ഒരു ചായ കുടിച്ചിട്ട് പോകാം." കോഴിക്കോട് നോർത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോട്ടത്തിൽ രവീന്ദ്രനെ ഇങ്ങനെ സൽക്കരിക്കാത്ത വീട്ടുകാർ കുറവാണ്. വ്യക്തിബന്ധങ്ങളും അനുഭവവുമാണ് കരുത്തെന്ന് രവീന്ദ്രൻ പറയുന്നു. ആളുകളെ നേരിട്ട് കാണാം. ബന്ധം പുതുക്കൽ കൂടിയാണ് പ്രചാരണം. കാര്യമായ അസുഖങ്ങളൊന്നുമില്ല. ചിട്ടയായ ജീവിതചര്യയിൽ മാറ്റം വരുത്താറില്ല. നൂറ് ശതമാനം വെജിറ്റേറിയനാണ്. രാവിലെ അഞ്ചരയ്ക്ക് എഴുന്നേൽക്കും. യോഗയോ വ്യായാമമോയില്ല. പറമ്പിലേക്കിറങ്ങി പൂജയ്ക്ക് ആവശ്യമായ പൂവുകൾ ശേഖരിക്കും. പിന്നെ വീട്ടിലെത്തി എല്ലാദിവസവുമുള്ള പൂജ. ശേഷം പ്രഭാതഭക്ഷണം. ഇഡ്ഡിലിയും ദോശയുമെല്ലാം കഴിക്കും. ഏഴര മുതൽ പ്രചാരണത്തിരക്കിലേക്ക് . ഒരുമണി വരെ വീടുകൾ കയറിയും ആളുകളെ നേരിട്ടുകണ്ടുമുള്ള വോട്ടഭ്യർത്ഥനയാണ്. തുടർന്ന് വീട്ടിലെത്തി സാമ്പാറും അവിയലുമെല്ലാം കൂട്ടിയുള്ള ഉച്ചയൂണ്. അൽപ്പ നേരം വിശ്രമത്തിന് ശേഷം മൂന്നോടെ വീണ്ടും പ്രചാരണത്തിരക്കിലേക്ക്. കുടുംബയോഗങ്ങളിലും സമ്മേളനങ്ങളിലുമെല്ലാം പങ്കെടുക്കും.
വൈകിട്ടുള്ള ചായ നിർബന്ധമില്ല. പക്ഷേ വെള്ളം നന്നായി കുടിക്കും. രാത്രി ഒമ്പത് മണിയോടെയാണ് പ്രചാരണം അവസാനിക്കാറ്. രാത്രിഭക്ഷണം ചെറിയതോതിലാണ്. നന്നായി ഉറങ്ങും. നടത്തം കാര്യമായി ഉള്ളതുകൊണ്ട് മറ്റ് വ്യായാമത്തിന്റെ ആവശ്യം ഇപ്പോഴില്ലെന്ന് അദ്ദേഹം പറയുന്നു.
ആഹാരം വീട്ടിൽ നിന്ന്
വി.ശശി
മണ്ഡലം: ചിറയിൻകീഴ്
വയസ് 70
വീട്ടിൽ നിന്നുള്ള ആഹാരമേ കഴിക്കൂ എന്നതാണ് വി.ശശിയുടെ രീതി.കുട്ടിക്കാലം മുതൽ സസ്യാഹാരിയായതിനാൽ പുറമെ നിന്നുള്ള ആഹാരം പരമാവധി കഴിക്കാറില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ഭാര്യ കൊടുത്തുവിടുന്ന ആഹാരമാണ് കഴിക്കുന്നത്. എത്രവൈകിയാലും വീട്ടിലെത്തിയ ശേഷമേ രാത്രി ഭക്ഷണമുള്ളൂ.
രാവിലെ അഞ്ചിന് എഴുന്നേറ്റാൽ വീട്ടിനുള്ളിൽ ചെറിയ രീതിയിൽ വ്യായാമം ചെയ്യും. പ്രചാരണത്തിനിറങ്ങും മുൻപ് ഇഡ്ഡലിയോ ദോശയോ രണ്ടെണ്ണം കഴിക്കും. സാധാരണയുള്ള മരുന്നുകൾ കഴിക്കാറുണ്ടെന്നതൊഴിച്ചാൽ ആരോഗ്യകാര്യങ്ങളിൽ വലിയ ശ്രദ്ധയൊന്നുമില്ല.
സ്പോട്സാണ് ജീവൻ
കെ. ബാബു
മണ്ഡലം: തൃപ്പൂണിത്തുറ
വയസ് 70
ദിവസവും രാവിലെ 5.30 ന് എഴുന്നേൽക്കും. 6.30 മുതൽ 7.30 വരെ നടക്കാറുണ്ട്. പ്രചാരണത്തിരക്കിൽ നടപ്പ് നിലച്ചു. കുട്ടിക്കാലം മുതൽ സ്പോർട്സിൽ സജീവമാണ്. പ്രൊഫഷണൽ ഫുട്ബാൾ താരമായിരുന്നു. മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങളില്ല. ചായയോ കാപ്പിയോ കുടിക്കാറില്ല. വെറും വയറ്റിൽ മഞ്ഞൾവെള്ളം കുടിക്കും. പ്രാർത്ഥനയുണ്ട്. ദൈവദശകം നിർബന്ധമായി ചൊല്ലും. പത്രങ്ങളെല്ലാം വായിച്ചശേഷമേ രാവിലെ വീട്ടിൽ നിന്നിറങ്ങൂ. തൊട്ടടുത്ത ക്ഷേത്രങ്ങളിൽ ദിവസവും ദർശനം നടത്താറുണ്ട്. ആഹാരം വളരെ കുറച്ചേ കഴിക്കൂ. പ്രഭാതഭക്ഷണത്തിന് രണ്ടോ മൂന്നോ ഇഡ്ഡലി, അല്ലെങ്കിൽ ദോശ. ഉച്ചഭക്ഷണം രണ്ടു തവി ചോറിൽ ഒതുങ്ങും. മാംസം കഴിക്കാറില്ല. മത്സ്യം പ്രിയമാണ്. ഇപ്പോൾ അധികം കഴിക്കാറില്ല. അത്താഴത്തിന് ഒരു ചപ്പാത്തിയും സലാഡും മാത്രം. അത്യാവശ്യം വായനയുണ്ട്. പ്രചാരണത്തിരക്കിൽ അതെല്ലാം നിലച്ചു. മണ്ഡലത്തിന് പുറത്തേക്ക് യാത്ര പോകുമ്പോൾ കാറിൽ വച്ചാണ് വായന. നിശ്ചയദാർഢ്യത്തോടെ ഏതു പ്രശ്നത്തെയും നേരിടാമെന്ന ആത്മവിശ്വാസമുണ്ട്. തളർച്ചയോ മടുപ്പോ ഒരിക്കൽപ്പോലും തോന്നിയിട്ടില്ല.
കുറുപ്പിന് ചെറുപ്പം
എൻ.പീതാംബരക്കുറുപ്പ്
മണ്ഡലം: ചാത്തന്നൂർ
വയസ് 78
എത്ര വൈകി കിടന്നാലും പുലർച്ചെ 4.30ന് ഉണരും. കുളികഴിഞ്ഞ ശേഷം അര മണിക്കൂർ ധ്യാനം, യോഗ, പിന്നെ വെജിറ്റേറിയൻ ഭക്ഷണം.അതുകൊണ്ട് തന്നെ കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. ദോശയോ ഇഡ്ഡലിയോ ആണ് പ്രഭാതഭക്ഷണം. വിവാഹം കഴിക്കാത്തതിനാൽ വീട്ടിൽ സഹായികൾ മാത്രമേ കാണൂ. രാവിലെ 9 മണിയോടെ പ്രചാരണത്തിന് ഇറങ്ങും.ഇടയ്ക്ക് രണ്ടോ മൂന്നോ തവണ നാരങ്ങാവെള്ളം കുടിക്കും. ഉച്ചയ്ക്ക് സുഹൃത്തുക്കളുടെ വീട്ടിൽ നിന്നോ ഹോട്ടലിൽ നിന്നോ ആയിരിക്കും ആഹാരം കഴിക്കുക. രാത്രി 10 മണിയോടെ വീട്ടിലെത്തും. പച്ചക്കറിയോ പഴമോ മാത്രമേ രാത്രി കഴിക്കാറുള്ളു.
യോഗയാണ് ചുറുചുറുക്കിന്റെ രഹസ്യം
പി.ടി. തോമസ്
മണ്ഡലം: തൃക്കാക്കര
വയസ് 70
തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിൽ ചിട്ടകളെല്ലാം തെറ്റി. വൈകി ഉറങ്ങുന്നതിനാൽ സാധാരണ രാവിലെ അഞ്ചിന് എഴുന്നേൽക്കുന്ന ഞാൻ ഇപ്പോൾ ആറിനാണ് ഉണരുന്നത്. ഒരു മണിക്കൂർ യോഗ 45 മിനിട്ടായി വെട്ടിക്കുറച്ചു. 25 വർഷമായി മുടങ്ങാതെ യോഗ ചെയ്യുന്നുണ്ട്. എന്റെ ചുറുചുറുക്കിന്റെ രഹസ്യവും അതാണ്.
ഒരു മിനിട്ട് പോലും വെറുതെ ഇരിക്കാറില്ല.ഏതു ഭക്ഷണവും കഴിക്കും. ഇപ്പോൾ മാംസം ഒഴിവാക്കി. ഭക്ഷണം വളരെ കുറച്ചു മാത്രമേ കഴിക്കാറുള്ളു. വിശന്നാൽ ഏതെങ്കിലും തട്ടുകടയിൽ നിന്ന് കഴിക്കും. ഒരുകാര്യത്തിലും പിടിവാശിയില്ല. സ്വന്തം ജോലി പോലും ഉപേക്ഷിച്ച് പ്രചാരണത്തിന് എന്റെ ഒപ്പം വരുന്ന പ്രവർത്തകരുടെ സൗകര്യത്തിനാണ് മുൻഗണന.
കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് പടിപടിയായി ഉയർന്നുവന്നയാളാണ് ഞാൻ. 12 കിലോമീറ്റർ ദൂരം നടന്നാണ് സ്കൂളിലേക്ക് പോയിരുന്നത്. രാഷ്ട്രീയപ്രവർത്തനത്തിനായി കുന്നും മലകളും കയറിയിറങ്ങിയിട്ടുണ്ട്. ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചു.
ആത്മവിശ്വാസത്തിന് ഒരു കുറവുമില്ല. ഏതു പ്രശ്നത്തെയും തന്മയത്വത്തോടെ കൈകാര്യം ചെയ്യാൻ രാഷ്ട്രിയത്തിലെ പരിചയസമ്പത്ത് എനിക്ക് ഉപകാരപ്പെട്ടു.
ജനങ്ങളും പ്രവർത്തകരുമാണ് ഊർജ്ജം
കെ.കൃഷ്ണൻകുട്ടി
മണ്ഡലം: ചിറ്റൂർ
വയസ് 76
ചിട്ടയോടെയുള്ള ജീവിതചര്യകളോട് പണ്ടേ മുഖംതിരച്ച പൊതുപ്രവർത്തകനാണ് കെ.കൃഷ്ണൻകുട്ടി, പൊതുജനങ്ങളും പ്രവർത്തകരുമാണ് ഊർജവും ഉന്മേഷവും. മന്ത്രിയായതിന് ശേഷം പൊതുപരിപാടികളും യോഗങ്ങളും കഴിഞ്ഞ് രാത്രി ഏറെവൈകി കിടന്നാലും അതിരാവിലെ ഉറക്കമുണരും.
അവിടെ നിന്ന് നേരെ കൃഷിയിടത്തേക്ക്. പറമ്പിലും വയലിലും ചുറ്റിനടക്കും, അതുതന്നെയാണ് വ്യായാമം. ആറോടെ വീട്ടിൽ തിരിച്ചെത്തിയാൽ പത്രവായന. ഇതിനിടെ ഭാര്യ വിലാസിനി വക കടുപ്പവും മധുരവും കുറച്ചൊരു ചായ. അതുംകഴിഞ്ഞ് തണുത്ത വെള്ളത്തിലൊരു കുളിയും പാസാക്കിയശേഷം പ്രഭാത ഭക്ഷണം. പ്രത്യേകിച്ചൊരു മെനുവില്ല, വീട്ടിലുള്ളത് മനസും വയറും നിറച്ച് കഴിക്കും. പ്രായമേറിവരുന്നതിനാൽ മാംസാഹാരവും എണ്ണയിൽ പൊരിച്ചതും മറ്റും ഒഴിവാക്കും.
മെട്രോ വേഗത്തിൽ
ഇ. ശ്രീധരൻ
മണ്ഡലം: പാലക്കാട്
വയസ് 88
രാവിലെ നാലരയ്ക്ക് മെട്രോമാൻ ഇ.ശ്രീധരൻ ഉണരും.ഉന്മേഷം പകരാനൊരു കട്ടൻ നിർബന്ധം, അല്പം തേയിലയും കാപ്പിപ്പൊടിയും ചേർത്തുള്ള സ്പെഷ്യൽ കട്ടനാണ്. അഞ്ചരവരെ ഭാഗവത പാരായണം. അതുകഴിഞ്ഞാൽ ആറേകാൽ വരെ യോഗ. പ്രാണായാമമാണ് പ്രധാനം. ശേഷം പത്രവായന. ഏഴരയോടെ പ്രഭാത ഭക്ഷണം കഴിച്ച് പ്രചാരണ പരിപാടികൾക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും. ഇഡ്ഡലിയോ ദോശയോ ആണ് ഭക്ഷണം. അതും രണ്ടോ മൂന്നോമാത്രം.
പൊതുവേദികളിൽ രാഷ്ട്രീയ പ്രസംഗങ്ങൾ നടത്താനൊന്നും താത്പര്യമില്ലാത്തതിനാൽ വലിയ തയാറെടുപ്പുകൾ ആവശ്യമില്ല. എട്ടോടെ ജില്ലാ നേതാക്കളും പ്രവർത്തകരുമെത്തിയാൽ പ്രചാരണ പരിപാടികളിലേക്ക് മെട്രോ വേഗത്തിൽ കുതിക്കും.
രാവിലെ 11 ന് മുന്നേ ആദ്യറൗണ്ട് പൂർത്തിയാക്കും.ഇടവേളകളിൽ പുറത്തുനിന്നുള്ള ഭക്ഷണമില്ല, ചൂടിനെ പ്രതിരോധിക്കാൻ സംഭാരം കുടിക്കും. ഉച്ചയ്ക്ക് വിശ്രമം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്തെ വീട്ടിൽ. ശേഷം നാലോടെ വീണ്ടും പ്രചാരണം.വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിക്കുന്നതിനൊപ്പം ഡിജിറ്റൽ പ്ലാറ്റ്ഫോം ക്രിയാത്മകമായി ഉപയോഗിക്കാൻ ശ്രദ്ധിക്കാറുണ്ട്.ഇതിനായി നാലംഗ സംഘം കൂടെയുണ്ട്. രാത്രി ഒമ്പതോടെ പ്രചാരണം അവസാനിപ്പിച്ച് രാത്രി ഭക്ഷണവും കഴിച്ച് ഉറക്കാൻ കിടക്കും.
ഓട്സും സലാഡും ഓട്ടവും
ജി.രാമൻനായർ
മണ്ഡലം: ചങ്ങനാശേരി
വയസ് 70
വരുന്ന ആഗസ്റ്റിൽ എഴുപത് തികയുന്ന ജി.രാമൻനായരെ കണ്ടാൽ അമ്പതിന് അപ്പുറം ആരും പറയില്ല. ശരീര സംരക്ഷണ കാര്യത്തിൽ അത്രയ്ക്ക് ത്യാഗം അദ്ദേഹം സഹിക്കുന്നുണ്ട്. ഓട്സും സാലഡും ചൂടുവെള്ളവുമെക്കെയാണ് ആരോഗ്യ രഹസ്യം. രാവിലെ നാലിന് ഉണരും.ഒരു മണിക്കൂർ നടത്തം. കുറഞ്ഞത് അരമണിക്കൂർ യോഗ. പ്രചാരണം തുടങ്ങിയതോടെ രാവിലെയുള്ള നടത്തം ഒഴിവാക്കി. ഒരു മണിക്കൂർ പത്രം വായിക്കും.
കുളിയും പ്രാർത്ഥനയും കഴിഞ്ഞ് പാലിൽ പഞ്ചസാര ചേർക്കാതെ ഓട്സ് കഴിക്കും. ചൂടുവെള്ളം ഫ്ളാക്സിൽ കരുതും. മീനില്ലാതെ സാധാരണ ചോറിറങ്ങില്ലെങ്കിലും ചൂട് കാരണം പച്ചക്കറിയിലേക്ക് മാറി. നാലിനോ അഞ്ചിനോ ചായ. എട്ടിന് മുന്നേ സാലഡ്. രാത്രിയും വെള്ളം കുടിക്ക് മാറ്റമില്ല.
പവർഫുൾ മണിയാശാൻ
എം.എം. മണി
മണ്ഡലം: ഉടുമ്പഞ്ചോല
വയസ് 76
ജനങ്ങൾക്കിടയിലിറങ്ങിയാൽ മണിയാശാൻ പവർഫുള്ളാണ്. എന്നാൽ കൂടെ പ്രവർത്തകരില്ലെങ്കിൽ പവർ അൽപം കുറയും.മുമ്പ് ശസ്ത്ര ക്രിയയ്ക്ക് ശേഷം തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ കുറച്ച് നാൾ വിശ്രമത്തിൽ കഴിഞ്ഞപ്പോൾ ആശാൻ മീനിനെ പിടിച്ച് കരയ്ക്കിട്ട പോലെയായിരുന്നെന്ന് ഒപ്പമുള്ളവർ ഓർക്കുന്നു. എങ്ങനെയും ഇടുക്കിയിലെത്തണമെന്ന ചിന്ത മാത്രമായിരുന്നു മനസിൽ.
കുഞ്ചിത്തണ്ണിയിലെ വീട്ടിലാണെങ്കിൽ രാവിലെ 5.30ന് ഉണരും. നേരത്തെ വ്യായാമവും അല്ലറചില്ലറ യോഗയുമൊക്കെ ചെയ്യുമായിരുന്നു. ഇപ്പോൾ കാര്യമായ വ്യായാമമില്ല. വീടിന് ചുറ്റുമുള്ള പറമ്പിലൊക്കെ ഇറങ്ങി നടക്കും. അപ്പോഴേക്കും കാണാനായി ദൂരെ നിന്നടക്കം പലരുമെത്തും. പിന്നെ അവരുടെ പരാതികളും പരിഭവങ്ങളും കേൾക്കും. ഭക്ഷണം ഇന്നത് വേണമെന്ന് നിർബന്ധമൊന്നുമില്ല. എന്തും കഴിക്കും, പക്ഷേ വളരെ കുറച്ച് മാത്രം. തിരഞ്ഞെടുപ്പെത്തിയാൽ ആശാന് പിന്നെ ആരോഗ്യമൊന്നും നോട്ടമില്ല. തിരഞ്ഞെടുപ്പ് സമയത്ത് ചൂടുവെള്ളവും ചായയും ഫ്ലാസ്കിൽ കരുതും. മന്ത്രിയായതിൽപ്പിന്നെ പഴയപോലെ സിനിമ കാണാനാകുന്നില്ലെന്ന വിഷമം മാത്രമാണുള്ളത്. ഇതിനകം മണ്ഡലത്തിൽ ഒരു റൗണ്ട് പ്രചാരണം പൂർത്തിയാക്കി.മണ്ഡലത്തിലെ ഓരോരുത്തരേയും പേരെടുത്ത് വിളിക്കാൻ മാത്രം വ്യക്തിബന്ധങ്ങളുണ്ട്.
ഉടയാത്ത ഖദർപോലെ തിരുവഞ്ചൂരിന്റെ ദിനചര്യ
തിരുവഞ്ചൂർ രാധാകൃഷ്ണൻ
മണ്ഡലം: കോട്ടയം
വയസ് 71
കിടക്കാൻ എത്ര വൈകിയാലും തിരുവഞ്ചൂർ രാധാകൃഷ്ണൻ പുലർച്ചെ അഞ്ചിന് ഉണരും. അപ്പോഴേയ്ക്കും ഗേറ്റിന് മുന്നിൽ പത്രങ്ങളുടെ കെട്ട് വീണിട്ടുണ്ടാകും. ഒറ്റയിരിപ്പിന് എല്ലാം വായിച്ച് തീർക്കുമ്പോഴേയ്ക്കും ഒരു മണിക്കൂർ പിന്നിടും. അൽപ്പ നേരം യോഗ. എത്ര തിരക്കുണ്ടെങ്കിലും വീടിന് ചുറ്റുമുള്ള നടത്തത്തിന് മാറ്റമില്ല. ഉടയാതെ പശമുക്കി തേച്ച് മിനുക്കിയ ഖദറിട്ട് നടക്കുന്ന തിരുവഞ്ചൂരിന്റെ ജീവിതചര്യയ്ക്ക് ഈ തിരഞ്ഞെടുപ്പ് കാലത്ത് പോലും മാറ്റമില്ല.
പൊള്ളുന്ന ചൂടിൽ പ്രചാരണവും പര്യടനവുമെല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ രാത്രി പന്ത്രണ്ടാകും.കുളിയും കഴിഞ്ഞ് കിടക്കുമ്പോൾ ഒരു മണി. കൃത്യം അഞ്ചിന് എഴുന്നേൽക്കും.വീടിന് ചുറ്റുമുള്ള നടത്തത്തിലും ഖദർ ഷർട്ടും ഒറ്റവരയൻ മുണ്ടുമാണ് വേഷം.
കുളിയും മറ്റും കഴിഞ്ഞ് ആറോടെ മണ്ഡലത്തിലേയ്ക്കിറങ്ങിയാൽ എട്ടരയോടെ തിരിച്ചെത്തും .അപ്പോഴേയ്ക്കും ചൂടാറാതെ ഇഡ്ഡലിയും ചമ്മന്തിയും ചായയും മേശപ്പുറത്തുണ്ടാവും. രണ്ട് ഇഡ്ഡലിയും ഒരു ഏത്തപ്പഴം പുഴുങ്ങിയതും അരഗ്ളാസ് ചായയും. പ്രഭാത ഭക്ഷണം കഴിഞ്ഞു.
ഉച്ചയൂണ് മിക്കവാറും വീട്ടിൽത്തന്നെ. നോൺ വെജ് ആണെങ്കിലും ചൂടുസമയമായതിനാൽ വെജിറ്റേറിയനോടാണ് പ്രിയം. ചായകുടി അങ്ങനെയില്ലെങ്കിലും വെള്ളം ഇടയ്ക്കിടക്ക് കുടിക്കും. പഴച്ചാറും കൈയിലുണ്ടാവും. തൊണ്ടയുടെ വ്യക്തയ്ക്ക് കൽക്കണ്ടവും ചുക്കുമെല്ലാം ചേർത്ത് പൊടിച്ച ആയുർവേദ മരുന്ന്. രാത്രി കഞ്ഞിയും പയറും.
പുട്ടും പയറും പാളയൻകോടനും
രാമചൻ കടന്നപ്പള്ളി
മണ്ഡലം: കണ്ണൂർ
വയസ് 78
യോഗയോ വ്യായാമമോ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ രാഷ്ട്രീയ നിഘണ്ടുവിലില്ല. ഇതൊക്കെയാണെങ്കിലും രാവിലെ അഞ്ചിന് എഴുന്നേൽക്കും.ഒരു ഗ്ളാസ് ചൂടുവെള്ളം നിർബന്ധം.പ്രാതലിന് പുട്ടും ചെറുപയർ കറിയും കൂടെ പാളയംകോടൻ പഴവും വേണം.
അരിയേക്കാളാറെ ഇഷ്ടം ഗോതമ്പ് പുട്ടിനോടാണ്. വെജിറ്റേറിയൻ ആയാലും നോൺ വെജ് ആയാലും ഒ.കെ. ഉച്ചയ്ക്ക് ഇത്തിരി മീൻ കറി കൂട്ടി ഒരു പിടി ചോറ് അത്ര തന്നെ. നൂറു കൂട്ടം കറികളൊന്നും വേണ്ട.ഉള്ളത് നല്ല രുചിയോടു കൂടിയാകണം.പഴയ പാട്ടുകളോട് വല്ലാത്ത ഇഷ്ടമാണ്.ചന്ദ്രകളഭം ചാർത്തിയുറങ്ങും .... എന്ന പാട്ടാണ് പ്രിയം. ആരെങ്കിലും നിർബന്ധിച്ചാൽ എവിടെ വച്ചും പാടും......
കൃഷിയും സംഗീതവും ജീവവായു
പി.ജെ. ജോസഫ്
മണ്ഡലം: തൊടുപുഴ
വയസ് 79
കൊവിഡ് ബാധിച്ച് 28 ദിവസത്തോളം തൊടുപുഴയിലെ വീട്ടിൽ നിന്ന് മാറി നിന്നപ്പോൾ ജോസഫിന് തൊഴുത്തിലെ കാര്യമോർത്തായിരുന്നു ആശങ്ക. പി.ജെ. ജോസഫിന് രാഷ്ട്രീയം പോലെ ജീവവായു കൃഷിയും സംഗീതവുമാണ്.
തൊഴുത്തിലെത്തി ജൂലിയേയും ദമയന്തിയേയും കണ്ടപ്പോൾ കൊവിഡിന്റെ ക്ഷീണമെല്ലാം പമ്പ കടന്നു. രാവിലെ നാലിന് ജോസഫ് ഉറക്കമുണരും. പ്രഭാതകർമങ്ങൾക്ക് ശേഷം ടി.വിയിൽ പാട്ടുകേൾക്കും, വാർത്ത കാണും. ചെറിയ രീതിയിൽ വ്യായാമം. തുടർന്ന് മുറ്റത്തോട് ചേർന്ന തൊഴുത്തിലേക്ക്.തൊഴുത്തിലെ പാട്ടുപെട്ടിയിൽ നിന്ന് പഴയ പാട്ടുകൾ ഒഴുകിയെത്തും. ഏഴുപതോളം പശുക്കളുണ്ട്.എല്ലാവരെയും പേരെടുത്ത് വിളിച്ച് വിശേഷങ്ങൾ പറയും. കൃഷയിടത്തിലൂടെ നടക്കും. ഏതെങ്കിലും വിളയോ ചെടിയോ വാടിയാൽ ആ മുഖവും വാടും. തുടർന്ന് വീട്ടിലെത്തി പത്രവായന. അപ്പോഴേക്കും പലരും കാണാനായി വീട്ടിലെത്തും. പിന്നെ, കേരള കോൺഗ്രസിന്റെ കരുത്തനായ നേതാവായും തൊടുപുഴയുടെ പ്രിയങ്കരനായ എം.എൽ.എയായും പി.ജെ മാറും. ഇതിനിടെ പ്രഭാത ഭക്ഷണം. സസ്യാഹാരമാണ് താത്പര്യം. ഇടയ്ക്ക് മീൻ മാത്രം കഴിക്കും.