prethi

കാസർകോട്: മുംബെയ് അധോലോകവുമായി ബന്ധമുണ്ടെന്ന് കരുതുന്ന അഞ്ചംഗ സംഘം മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായി. വെടിവെപ്പ്, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 20 ഓളം കേസുകളിൽ പ്രതികളായ കുപ്രസിദ്ധ സംഘത്തെയാണ് കാസർകോട് ഡിവൈ.എസ്.പി. പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അതിർത്തിയിലെ രഹസ്യതാവളം വളഞ്ഞു പിടികൂടിയത്.

സംഘത്തലവൻ കടമ്പാർ മറത്തണയിലെ അസ്‌ക്കർ (21), സീതാംഗോളിയിലെ ഫൈസൽ എന്ന ടയർ ഫൈസൽ (32), ബേള സാബിത് മൻസിലിൽ കാലിയ ബദറു എന്ന ടി.എച്ച് ബദറുദ്ദീൻ (32), ആരിക്കാടി പി.കെ. നഗറിലെ തള്ളത്തുവളപ്പിൽ അബൂബക്കർ ഷെഫീഖ് (28), കുമ്പഡാജെ മർപ്പനടുക്ക സ്വദേശി മുഹമ്മദ് ശിഹാബ് (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഘത്തിലെ പ്രധാനിയും നിരവധി കേസുകളിൽ പ്രതിയുമായ ഹമീദ് ഉപ്പള എന്ന ഗുജിരിയമ്മി ഓടി രക്ഷപ്പെട്ടു. വോർക്കാടി അതിർത്തിയിലെ കല്ലാജെ ഗ്രാമത്തിലെ വീട് വാടകയ്ക്ക് എടുത്താണ് സംഘം കഴിഞ്ഞിരുന്നത്. ദിവസങ്ങളായി നിരീക്ഷിച്ചു വന്ന മഞ്ചേശ്വരം ഇൻസ്‌പെക്ടർ പി. അരുൺ ദാസും സംഘവും വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്കാണ് റെയ്ഡ് നടത്തിയത്. മൂന്ന് കിലോമീറ്റർ ദൂരത്തിൽ പൊലീസ് വാഹനങ്ങൾ നിർത്തി സ്വകാര്യ വാഹനത്തിൽ വേഷം മാറിയാണ് ഒമ്പതുപേരടങ്ങുന്ന പൊലീസ് സംഘം വീട് വളഞ്ഞത്. കുറെ തോക്കും ആളുകളുമായി ഡിസ്‌ക്കോ ഗാനത്തിന്റെ അകമ്പടിയിൽ സ്വയം അധോലോക നായകൻ ചമഞ്ഞു അഷ്‌ക്കർ ഇട്ട വാട്‌സ്ആപ്‌ പോസ്റ്റ് ഡിവൈ.എസ്.പി പി.പി. സദാനന്ദന് ലഭിച്ചതോടെയാണ് സംഘത്തെ കുടുക്കാൻ പൊലീസ് രഹസ്യമായി പദ്ധതി തയ്യാറാക്കിയത്.

അറസ്റ്റിലായ സംഘത്തിൽ നിന്ന് ഇംഗ്ലണ്ടിൽ നിർമ്മിച്ച അത്യാധുനിക പിസ്റ്റൾ, രണ്ട് തിരകൾ, പ്രത്യേകം നിർമ്മിച്ച ഇരുമ്പ് പൈപ്പ്, മയക്കുമരുന്ന് ഉപയോഗിക്കുന്ന ഹുക്ക് എന്നിവ പിടിച്ചെടുത്തു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മഫ്ടിയിൽ എത്തിയ പൊലീസ് സംഘത്തെ വിരട്ടാൻ നോക്കിയ സംഘവുമായി ഉണ്ടായ മൽപ്പിടുത്തതിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. എസ്.ഐമാരായ ബാലകൃഷ്ണൻ, നാരായണൻ, സജീഷ്, രാജേഷ് മാണിയാട്ട് എന്നിവർക്കാണ് പരിക്കേറ്റത്. ഡിവൈ.എസ്.പിയുടെ സംഘത്തിൽ സി.ഐ പി. അരുൺദാസിന് പുറമെ എസ്.ഐമാരായ സി.കെ. ബാലകൃഷ്ണൻ, പി.വി. ഗംഗാധരൻ, കെ. നാരായണൻ, സിവിൽ പൊലീസ് ഓഫീസർമാരായ പ്രതീഷ് ബാബു, ഓസ്റ്റിൻ തമ്പി, സജീഷ്, രാജേഷ്, പി. ശിവകുമാർ, ബിജോയ്, ആരിഫ് എന്നിവരും ഉണ്ടായിരുന്നു.