troll

കോഴിക്കോട്: സ്ഥാനാർത്ഥി നിർണയവും പ്രഖ്യാപനവും പൂർത്തിയായതോടെ പ്രചരണ ചൂടിലാണ് രാഷ്ട്രീയ പാർട്ടികൾ. രാവും പകലുമില്ലാതെ അണികളും സ്ഥാനാർത്ഥികളും ഓട്ടത്തിലാണ്. കൊവിഡ് മാനദണ്ഡം വെല്ലുവിളിയാണെങ്കിലും സോഷ്യൽ മീഡിയ പ്രചാരണ മേഖലയായി കിട്ടിയതോടെ ഇവിടത്തെ അഭ്യാസത്തിന് കൈയ്യും കണക്കുമില്ല. ഓരോ പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും വാഗ്ദാനങ്ങളും കളർഫുൾ ആയ ഫോട്ടോകളും ട്രോളുകളും കൊണ്ട് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ്, ടെലഗ്രാം എന്നിവ നിറഞ്ഞിരിക്കുകയാണ്. സോഷ്യൽമീഡിയ ഉപയോഗിക്കുന്ന ആളുകളിലേയ്ക്ക് കാര്യങ്ങൾ വ്യക്തമായും രസകരമായും അവതരിപ്പിക്കാം എന്നതാണ് സോഷ്യൽമീഡിയ പ്രചാരണം പ്രിയങ്കരമാക്കുന്നത്. ചിരിപ്പിക്കുന്നതോടൊപ്പം വ്യക്തിഹത്യകളും ഇവിടെ നടക്കുന്നുണ്ട്.

കഴിഞ്ഞ ഗവൺമെന്റിന്റെ നേട്ടങ്ങൾ എണ്ണി പറഞ്ഞുള്ള ട്രോളുകൾ, അവരുടെ കുറവുകൾ കാണിച്ചുള്ള ട്രോളുകൾ, ഓരോ സ്ഥാനാർഥിയുടെയും ഗുണങ്ങൾ വച്ചുള്ള ട്രോളുകൾ, ഊർജ്ജം പകരുന്ന പ്രചാരണ ഗാനങ്ങൾ, സ്ഥാനാർത്ഥികളുടെ ചിത്രമുള്ള വാട്‌സ്ആപ്പ് സ്റ്റിക്കറുകൾ, സ്ഥാനാർത്ഥികൾ പല സന്ദർഭങ്ങളിൽ പറഞ്ഞ കാര്യങ്ങളുടെ വീഡിയോ ബി.ജി.എം ഇട്ടുള്ള സ്റ്റാറ്റസുകൾ ഇങ്ങനെ പോകുന്നു സോഷ്യൽ മീഡിയ പ്രചാരണ തന്ത്രങ്ങൾ.

ഓരോ പാർട്ടികളും പ്രത്യേക പ്രചരണ ഗ്രൂപ്പുകൾ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ട്രോളുകൾ ഉണ്ടാക്കുന്ന ഒരു സംഘം, എതിർ പാർട്ടികളുടെ ആരോപണങ്ങൾ വീക്ഷിക്കുന്ന സംഘം തുടങ്ങി പ്രത്യേകം പ്രത്യേകം ഓരോ മണ്ഡലത്തിലും സോഷ്യൽ മീഡിയ കോർഡിനേറ്റർ ഉണ്ട്. ഇതുകൂടാതെ ഫേക്ക് അക്കൗണ്ടുകളും അവയിൽ നിന്ന് വരുന്ന കമന്റുകളും ഇവർ വീക്ഷിക്കുന്നു. കൂടാതെ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിലും സോഷ്യൽ മീഡിയ പ്രചാരണവും പൊടിപൊടിക്കുന്നുണ്ട്. ഓരോ പാർട്ടികളും ഇട്ട പോസ്റ്റുകൾക്ക് താഴെ എതിർപാർട്ടികൾ വന്ന് കമന്റുകൾ കൊമ്പ് കോർക്കുന്നതും ഇപ്പോൾ സ്ഥിരം കാഴ്ചയാണ്.