sakhara

തിരുവനന്തപുരം: സാക്ഷരതാ മിഷന്റെ പ്രസിദ്ധീകരണമായ അക്ഷര കൈരളി മാഗസിൻ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് സർക്കാർ നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതായി ആക്ഷേപം. ഇടത് സർക്കാരിന്റെ അഞ്ച് വർഷത്തെ ക്ഷേമ പദ്ധതികളാണ് അക്ഷര കൈരളിയുടെ പുതിയ ലക്കത്തിലുള്ളത്. മുഖ്യമന്ത്രിയുടെ ചിത്രത്തോടൊപ്പം, ' ഇവിടെ ഒന്നും അസാദ്ധ്യമല്ല ജനക്ഷേമത്തിന്റെ അഞ്ചാണ്ടുകൾ" എന്ന തലക്കെട്ടിലാണ് മുഖപേജ്.

എട്ട് ഉൾപേജുകളിലായി ക്രമീകരിച്ച മുഖ്യമന്ത്രിയുടെ ലേഖനത്തിൽ ഗെയിൽ വാതക പൈപ്പ് ലൈൻ, കെ. ഫോൺ, ദേശീയ പാത വികസനം, ക്ഷേമ പെൻഷനുകൾ തുടങ്ങിയവയുമുണ്ട്.

ഫെബ്രുവരി 25ന് അന്തരിച്ച കവി വിഷ്ണു നാരായണൻ നമ്പൂതിരിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുള്ള പ്രത്യേക പേജുമുണ്ട്. രൂപകല്പനയും അച്ചടിയും നടന്നത് പെരുമാറ്റച്ചട്ടം നിലവിൽവന്ന ഫെബ്രുവരി ഇരുപത്തിയാറിനോ അതിനു ശേഷമോ ആണെന്ന് വ്യക്തം. പ്രസിദ്ധീകരണത്തിന്റെ വിതരണം ബുധനാഴ്ച നഗരസഭയിലെ സാക്ഷരതാ മിഷന്റെ അക്ഷരശ്രീ ഓഫീസിൽ നടന്നു.