bengal

രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബംഗാൾ തിരഞ്ഞെടുപ്പിന് കുറഞ്ഞ ദിനങ്ങൾ മാത്രം. മാർച്ച് 27ന് ആദ്യ ഘട്ടം നടക്കും. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം രാഷ്ട്രീയ പാർട്ടികളും നേതാക്കളും പ്രചാരണം പൊടിപൊടിക്കുകയാണ്. ജനങ്ങളുടെ ശ്രദ്ധയാകർഷിക്കാൻ സാദ്ധ്യമായ തരത്തിലെല്ലാം അവർ കിണഞ്ഞ് ശ്രമിക്കുന്നുമുണ്ട്. വോട്ടർമാർക്കടുത്തേയ്ക്കെത്താൻ സ്ഥാനാർത്ഥികൾ സ്വീകരിക്കുന്ന ഗതാഗത മാർഗങ്ങളും ഇക്കൂട്ടത്തിൽപ്പെടുന്നു. കാളവണ്ടി, ബോട്ട്, രഥം തുടങ്ങി ഹെലികോപ്ടറുകളിൽ വരെയാണ് സ്ഥാനാർത്ഥികളുടെ നാടുചുറ്റൽ.

ഈ ലിസ്റ്റിലേക്ക് ഒരു പുതുമുഖം കൂടി കടന്നുകൂടിയിട്ടുണ്ട്. പ്രചാരണ റാലികളിൽ അത്ര പരിചിതമല്ലാത്ത വീൽചെയർ ആണത്. കാലിന് പരിക്കേറ്റതിന് പിന്നാലെ പ്രചാരണ പരിപാടികളിൽ വീൽചെയറിൽ എത്തിയിരുന്നു മുഖ്യമന്ത്രി മമത ബാനർജി. വേദന സഹിച്ചാലും വേണ്ടില്ല, ബി.ജെ.പിയ്ക്ക് മുന്നിൽ താൻ മുട്ടുമടക്കില്ലെന്നാണ് 'റോയൽ ബംഗാൾ കടുവ'യെന്ന് അണികൾ വിശേഷിപ്പിക്കുന്ന മമതയുടെ ഗർജ്ജനം.


എന്നാൽ, തൃണമൂൽ പ്രവർത്തകർക്ക് മുന്നേ മമതയുടെ വീൽചെയർ യാത്ര ഏറ്റുപിടിച്ചത് ബി.ജെ.പിക്കാർ ആണ്. കഴിഞ്ഞയാഴ്ച കൊൽക്കത്തയിൽ ബി.ജെ.പി വീൽചെയർ റാലി സംഘടിപ്പിച്ചിരുന്നു. തൃണമൂൽ പ്രവർത്തകർ കൊലപ്പെട്ടുത്തിയെന്നാരോപിക്കുന്ന 100 ലേറെ പാർട്ടി പ്രവർത്തകർക്ക് നീതി തേടിയുള്ള പ്രതിഷേധ റാലിയായിരുന്നു അത്. എന്നാൽ, ഇത്തരം ആരോപണങ്ങൾക്ക് തൃണമൂൽ നേരത്തെയും ചെവികൊടുത്തിരുന്നില്ല.

ഇലക്ഷൻ തീയതി പ്രഖ്യാപിക്കുന്നതിന് മുന്നേ ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് മമത ബാനർജി ഇലക്ട്രിക് സ്കൂട്ടറിൽ യാത്ര നടത്തി പ്രതിഷേധിച്ചിരുന്നു. കഴി‌ഞ്ഞയാഴ്ച, മമതയുടെ മാതൃകയിൽ കസ്‌ബ മണ്ഡലത്തിലെ തൃണമൂൽ സ്ഥാനാർത്ഥി ജാവേദ് ഖാൻ കാളവണ്ടിയിൽ പ്രചാരണം നടത്തി ഇന്ധനവിലയ്ക്കെതിരെ പ്രതിഷേധിച്ചിരുന്നു.

ബംഗാളിലെ ബി.ജെ.പി അദ്ധ്യക്ഷൻ ദിലീപ് ഘോഷ് അടുത്തിടെ ഒരു 'ഇലക്ഷൻ സ്പെഷ്യൽ കാർ ' പുറത്തിറക്കിയിരുന്നു. പ്രചാരണ പരിപാടികൾക്ക് ഉപയോഗിക്കാൻ വേണ്ടി രംഗത്തിറക്കിയ ഈ വാഹനം ടോയ്‌ലറ്റുകൾ, പ്രത്യേക ചേംബർ, വീഡിയോ കോൺഫറൻസിനുള്ള എൽ.ഇ.ഡി സ്ക്രീനുകൾ തുടങ്ങിയ സംവിധാനങ്ങളോട് കൂടിയ ഹൈ - ഫൈ കാരവനോട് സാമ്യമുള്ളതാണ്.

അതേ സമയം, സുന്ദർബാൻസ് മേഖലയിലെ സ്ഥാനാർത്ഥികളുടെ പ്രചാരണം ബോട്ടിലാണ്. ചെറുദ്വീപുകൾ നിറഞ്ഞ ഇവിടത്ത മണ്ഡലങ്ങൾ നദികളാൽ ചുറ്റപ്പെട്ടതാണ്. അതിനാലാണ് സ്ഥാനാർത്ഥികൾ ബോട്ടിനെ ആശ്രയിക്കുന്നത്. അതേ സമയം, ഇവിടത്തെ ഗ്രാമങ്ങളിൽ വലിയ വാഹനങ്ങൾക്ക് പകരം മോട്ടോർ സൈക്കിൾ, റിക്ഷകൾ എന്നിവ ഉപയോഗിക്കാം. വളരെ ചെറുതും നഗരങ്ങളിലെ പോലെ ടാറിട്ട് മിനുങ്ങാത്തതുമായ റോഡാണ് ഇവിടെ.

ബംഗാളിൽ ബി.ജെ.പി ഇതിനോടകം വിവിധ രഥയാത്രകൾ നടത്തിക്കഴിഞ്ഞു. ഇവ പ്രധാനപ്പെട്ട നേതാക്കളുടെ റോഡ് ഷോകളിലാണ് മുഖ്യമായും ഉപയോഗിക്കുന്നത്. എൽ.ഇ.ഡി, ജനങ്ങൾക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള പെട്ടി തുടങ്ങിയ മോഡേൺ സൗകര്യങ്ങളോട് കൂടിയവയാണ് ഈ രഥങ്ങൾ. 'ദിദിർ ധൂത് " എന്ന പേരിൽ തൃണമൂലും ഇത്തരം വാഹനങ്ങൾ രംഗത്തിറക്കിയിട്ടുണ്ട്.

ഇതിനെല്ലാം പുറമേ സൈക്കിൾ, ബൈക്ക് റാലികൾ പോലുള്ള പരമ്പരാഗത രീതികളും ഒട്ടുംകുറവല്ല. തങ്ങളുടെ ഹെവിവെയ്റ്റ് സ്ഥാനാർത്ഥികൾക്കും താരപ്രചാരകർക്കും വേഗത്തിലുള്ള യാത്ര സാദ്ധ്യമാക്കാനാണ് തൃണമൂലും ബി.ജെ.പിയും ഹെലികോപ്ടറുകൾ ഉപയോഗിക്കുന്നത്. മമത ബാനർജിയും സുവേന്ദു അധികാരിയും കൊമ്പുകോർക്കുന്ന ഗ്ലാമർ മണ്ഡലമായ നന്ദിഗ്രാമിൽ ഇരുപാർട്ടികളും ഹെലിപാഡുകൾ നിർമ്മിച്ചിരുന്നു.