
നാലഞ്ചു പേർക്കെങ്കിലും ജോലി നൽകുന്ന രീതിയിൽ സ്വന്തമായി ഒരു കച്ചവട സ്ഥാപനം നടത്തിക്കൊണ്ട് പോവുക എന്നതാണ് ഇക്കാലത്ത് ഏറ്റവും പ്രയാസമുള്ള കാര്യം. സകല പിരിവുകാരും അവിടെ വരും. പിരിക്കുന്ന കാര്യത്തിൽ ഒരു രാഷ്ട്രീയ കക്ഷിയും പിറകോട്ടല്ല. എല്ലാ പാർട്ടികളും പാട്ടയും കുലുക്കിയോ ബക്കറ്റുമായോ രംഗത്തിറങ്ങും. ഇതുകൂടാതെ ഉത്സവങ്ങൾക്കും മറ്റ് സാമുദായിക പരിപാടികൾക്കുമുള്ള പിരിവുകൾ വേറെ. ഇവരെയൊക്കെ അധികം പിണക്കാതെ നോക്കിയാലേ ഇവിടെ കച്ചവടം നടത്തി മുന്നോട്ട് പോകാൻ കഴിയൂ. കച്ചവടക്കാരെല്ലാം തെറ്റായ മാർഗങ്ങളിലൂടെ പണം സമ്പാദിച്ച് കൂട്ടുന്നവരാണ് എന്ന ഒരു തെറ്റായ ധാരണ പൊതുവെ സമൂഹത്തിൽ പടർന്നിട്ടുണ്ട്. വിജയിക്കുന്നവരുടെ കഥകൾ മാത്രം ശ്രദ്ധിക്കുന്നതുകൊണ്ടാണ് ഇത്തരം മനോഭാവം നിലനിൽക്കുന്നത്. പരാജയപ്പെടുന്നവരുടെ എണ്ണമാണ് കൂടുതലും. ബാങ്ക് ലോണും മറ്റുമെടുത്ത് തിരിച്ചടയ്ക്കാൻ കഴിയാതെ കുത്തുപാള എടുക്കുന്നവരുടെ എണ്ണം ഒട്ടും കുറവല്ല .
ഒരു വശത്ത് പിരിവിനൊപ്പം മറുവശത്ത് കേന്ദ്ര ഏജൻസികളുടെ റെയ്‌ഡും പതിൻമടങ്ങ് വർദ്ധിച്ചതാണ് ഇലക്‌ഷൻ കാലം ആയതോടെ വ്യാപാരികളെ, പ്രത്യേകിച്ചും സ്വർണ വ്യാപാരികളെ ഏറ്റവും കൂടുതൽ വലയ്ക്കുന്നത്. കേന്ദ്ര ജി.എസ്.ടി, കസ്റ്റംസ്, ഇലക്‌ഷൻ കമ്മിഷന്റെ പ്രത്യേക വിഭാഗം എന്നിവർ കേരളത്തിലെ സ്വർണക്കടകളെ ലക്ഷ്യം വച്ച് റെയ്‌ഡുകളുടെ എണ്ണം കൂട്ടിയിട്ട് മാസം ഒന്ന് കഴിഞ്ഞു. സ്വർണം കണ്ടാലുടൻ പിടിച്ചെടുക്കുക എന്ന നയമാണ് ഉദ്യോഗസ്ഥർ പിന്തുടരുന്നതെന്നും മതിയായ രേഖകൾ കാണിച്ചാലും കണ്ടുകെട്ടുകയാണെന്നുമാണ് വ്യാപാരികളുടെ പരാതി. അനാവശ്യ റെയിഡ് തുടർന്നാൽ കടകൾ അടച്ചിടുന്നത് ഉൾപ്പെടെയുള്ള പ്രത്യക്ഷ സമരം തന്നെ വേണ്ടിവരുമെന്ന് ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) പത്രങ്ങളിലൂടെ അറിയിച്ചിരിക്കുകയാണ്. നിയമപരമായ പിൻബലത്തോടെയാണ് ഏതു വ്യാപാരിയും സ്വർണ ബിസിനസ് നടത്തുന്നത്. അതൊക്കെ പരിശോധിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അവകാശമുണ്ട്. അതിനെ ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷേ റെയ്‌ഡ് നടത്തുന്ന ഉദ്യോഗസ്ഥർ സ്പോട്ടിൽ തന്നെ വലിയ തുക ഫൈനടിച്ച് നൽകുകയും കട സീൽ ചെയ്യുകയുമാണ് ചെയ്യുന്നതെന്നാണ് അസോസിയേഷന്റെ പരാതി. ഇതിനെയാണ് അവർ എതിർക്കുന്നത്. തങ്ങളുടെ വിശദീകരണം കേൾക്കാതെ ഏകപക്ഷീയമായി നടപടിയെടുക്കുന്നത് ശരിയല്ല. ഏതു കുറ്റത്തിനും ശിക്ഷ വിധിക്കുന്നതിന് മുമ്പ് പ്രതിയുടെ ഭാഗം കൂടി കേൾക്കണമെന്നുള്ളത് സ്വാഭാവിക നീതിയാണ്. ഭരണഘടന പ്രകാരം ഉദ്യോഗസ്ഥർക്കും വ്യാപാരികൾക്കും രണ്ടവകാശമല്ല ഉള്ളത്. തുല്യ അവകാശമാണ് . വിദേശത്തു നിന്ന് കടത്തുന്ന സ്വർണം കസ്റ്റംസ് പിടിക്കുകയാണെങ്കിൽ ഡ്യൂട്ടി അടച്ച സർട്ടിഫിക്കറ്റ് കാണിച്ചാൽ വിട്ടുകൊടുക്കും. എന്നാൽ നാട്ടിൽ പിടിക്കുന്ന സ്വർണം ഡെലിവറി വൗച്ചറുകൾ കാണിച്ചാലും വിട്ടുനൽകുന്നില്ല എന്നും അസോസിയേഷൻ പരാതിപ്പെടുന്നു. ഈ കൊവിഡ് കാലത്ത് എല്ലാവരുടെയും കച്ചവടം പൂട്ടിക്കാൻ കേന്ദ്ര ഏജൻസികൾ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് എന്ന തോന്നൽ നാട്ടിൽ സൃഷ്ടിക്കരുത്. വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങൾ അവധാനതയോടെ കേൾക്കാനും പരിഹരിക്കാനും ബന്ധപ്പെട്ടവർ തയ്യാറാകണം.