
തിരുവനന്തപുരം: ആക്കുളത്തിന് സമീപം ബൈപ്പാസിന് ഇരുവശത്തുമായി താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ വർഷങ്ങളായി റോഡിന്റെ മറുഭാഗത്ത് എത്തുന്നത് രണ്ടര കിലോമീറ്റർ താണ്ടിയാണ്. കാരണം മറ്റൊന്നുമല്ല ഇവർക്ക് റോഡ് മുറിച്ചുകടക്കാൻ വഴിയില്ല എന്നതുതന്നെ. പ്രശ്നഹരിഹാരത്തിനായി ഒരു അണ്ടർപാസ് നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ആറ് വർഷത്തെ പഴക്കമുണ്ട്. ബൈപ്പാസ് നിർമ്മിച്ചപ്പോൾ ഇൻഫോസിസ് ഉൾപ്പെടുന്ന ഗുരുനഗറിൽ നിർമ്മിക്കേണ്ട അണ്ടർപാസേജ് ദേശീയപാത അതോറിട്ടി മനഃപൂർവം മറക്കുകയായിരുന്നു.
ഗുരുനഗറിൽ അണ്ടർപാസ് നിർമ്മിക്കണമെന്ന ആവശ്യം പാതയിരട്ടിപ്പിക്കൽ സമയത്ത് തന്നെ ജനങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. അണ്ടർപാസിന് ആവശ്യമായ തുക അനുവദിക്കാമെന്ന് സർക്കാർ അറിയിച്ചെങ്കിലും അതോറിട്ടി താൽപര്യം കാണിച്ചില്ല. ദേശീയപാത അതോറിട്ടിയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ഗുരുനഗർ ഭാഗത്തെ ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നാട്ടുകാർ തടഞ്ഞിരിക്കുകയാണ്.
നാല് കിലോമീറ്റർ, നോ അണ്ടർപാസ്
ബൈപ്പാസിലെ കുഴിവിള മുതൽ കഴക്കൂട്ടം വരെയുള്ള നാല് കിലോമീറ്ററിൽ ഒരിടത്തുപോലും അണ്ടർപാസ് നിർമ്മിച്ചിട്ടില്ല. നഗരസഭ സോണൽ ഓഫീസ്, പൊതുമാർക്കറ്റ്, സർക്കാർ സ്‌കൂൾ, കോലത്തുകര ക്ഷേത്രം, വില്ലേജ് ഓഫീസ് തുടങ്ങിയവ റോഡിന് വലതുഭാഗത്ത് ആയതിനാൽ ഇടതുഭാഗത്തെ ജനങ്ങൾക്ക് വിവിധ ആവശ്യങ്ങൾക്കായി രണ്ട് ബസുകളിൽ സഞ്ചരിക്കേണ്ട സ്ഥിതിയാണിപ്പോൾ. സർവീസ് റോഡും ബൈപ്പാസ് റോഡും തമ്മിൽ എട്ടടിയിൽ കൂടുതൽ ഉയരമുണ്ട്. അതിനാൽ തന്നെ കാറുകളും ബൈക്കുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന മിനി അണ്ടർപാസ് ഇവിടെ നിർമ്മിക്കാൻ കഴിയുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നതാണ്.
അണ്ടർപാസ് വന്നാൽ
ഇൻഫോസിസ് കാമ്പസിനും ടെക്നോപാർക്ക് മെയിൻ കാമ്പസിനും ഇടയ്ക്കുള്ള ഗുരുനഗറിൽ അണ്ടർപാസ് വന്നാൽ പ്രദേശത്തെ ട്രാഫിക് കുരുക്കിന് പരിഹാരമാകും. കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസ്, എൽ.എൻ.സി.പി.ഇ, എൻജിനീയറിംഗ് കോളേജ്, മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലേക്ക് ബൈപ്പാസിൽ നിന്ന് വളരെ വേഗത്തിൽ എത്തിച്ചേരാം.
അപകടങ്ങൾ തുടർക്കഥ
2016 മുതൽ 2021 മാർച്ച് വരെ ഗുരുനഗറിൽ 52 അപകടങ്ങളാണ് ഉണ്ടായത്. ഗുരുനഗർ ജംഗ്‌ഷനിൽ കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ഥലവാസികളായ രണ്ട് വീട്ടമ്മമാർക്ക് ഗുരുതരമായി പരിക്കേറ്റതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. അഞ്ച് വർഷത്തിനിടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ 20 പേരാണ് വാഹനമിടിച്ച് മരിച്ചത്. ഇതിൽ 13 പേരും നാട്ടുകാരാണ്. മുമ്പ് നടന്ന അമ്പതോളം വാഹനാപകടങ്ങളിൽ പരിക്കേറ്റവർ ഇപ്പോഴും ചികിത്സയിലാണ്.
ഗുരുനഗറിൽ അപകടത്തിൽപ്പെടുന്നവരിൽ കൂടുതലും ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തജനങ്ങളാണ്. തിരക്കുള്ള റോഡ് മുറിച്ചുകടയ്ക്കൽ ഒഴിവാക്കി അപകടം ഇല്ലാതാക്കാൻ സാധാരണ അണ്ടർപാസ് നിർമ്മിക്കാൻ സാങ്കേതിക തടസ്സമുണ്ടെങ്കിൽ നടന്നുപോകാൻ കഴിയുന്ന സബ് വേയെങ്കിലും ഇവിടെ ഒരുക്കണം-
എസ് .സതീഷ്ബാബു ( കോലത്തുകര ക്ഷേത്ര സമാജം പ്രസിഡന്റ് )