editrial-

തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച കാലം തൊട്ടേ ഒപ്പമുള്ളതാണ് കള്ളവോട്ടും വോട്ടർ പട്ടികയിലെ ക്രമക്കേടുകളും. പോളിംഗ് ബൂത്തുകൾ പലപ്പോഴും സംഘർഷഭരിതമാകാറുള്ളതും ഈ പ്രശ്നത്തെച്ചൊല്ലിയാകും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയെച്ചൊല്ലി ഗുരുതരമായ ആരോപണങ്ങൾ ഉയർന്നുകഴിഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതിനകം മൂന്നു ഘട്ടങ്ങളിലായി ഇലക്‌ഷൻ കമ്മിഷനു നൽകിയ പരാതിയിൽ രണ്ടുലക്ഷത്തി പതിനാറായിരം വ്യാജ വോട്ടർമാരുടെ വിവരങ്ങളാണ് ഉൾക്കൊള്ളുന്നത്. പല മണ്ഡലങ്ങളിലെയും വോട്ടർ പട്ടികയിൽ വൻതോതിൽ വ്യാജ വോട്ടർമാർ കടന്നുകൂടിയിട്ടുണ്ടെന്നാണ് തെളിവു സഹിതം യു.ഡി.എഫ് നേതൃത്വം ഇലക്‌ഷൻ കമ്മിഷനെ ബോദ്ധ്യപ്പെടുത്തുന്നത്. ഇതിന്റെ ആധികാരികത പരിശോധിച്ച് ആവശ്യമായ തിരുത്തൽ നടപടി സ്വീകരിക്കേണ്ടത് കമ്മിഷന്റെ ചുമതലയാണ്. തിരഞ്ഞെടുപ്പിന്റെ വിശുദ്ധിയും വിശ്വാസ്യതയും നിലനിറുത്താൻ ഇത് അനിവാര്യമാണ്. ഒരേ വോട്ടറുടെ പേര് പലേടത്തും ചേർത്താണ് തട്ടിപ്പിനു കളമൊരുക്കുന്നത്. പേരു മാത്രമല്ല ഫോട്ടോ കൂടി ഉള്ളതിനാൽ കള്ളത്തരം കണ്ടെത്താൻ എളുപ്പമാണ്. വ്യാപകമായി കള്ളവോട്ട് കണ്ടെത്താൻ സഹായകമായത് അതിനാലാണ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിലും കോൺഗ്രസ് നേതൃത്വം കേരളത്തിലെ വോട്ടർ പട്ടികയെക്കുറിച്ച് പരാതി നൽകിയിട്ടുണ്ട്. വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കുന്നതിനാൽ പട്ടിക സമൂലം ഉടച്ചുവാർക്കാൻ സാദ്ധ്യമല്ലെന്നിരിക്കെ വ്യാജന്മാരെ കണ്ടെത്തി അവരുടെ പേരുകൾ പട്ടികയിൽ മരവിപ്പിക്കാൻ മാത്രമേ ഇനി കഴിയൂ എന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ. അതിനു സ്വീകരിക്കുന്ന മാർഗം എന്തുതന്നെയായാലും വ്യാജ വോട്ടർമാർ ഒരു കാരണവശാലും വോട്ടുചെയ്യാൻ ഇടവരരുത്. അക്കാര്യം കർക്കശമായി ഉറപ്പാക്കുകയും വേണം.

ഓരോ തിരഞ്ഞെടുപ്പിനുമായി പ്രത്യേകം പ്രത്യേകം വോട്ടർ പട്ടിക തയ്യാറാക്കാതെ എല്ലാ തിരഞ്ഞെടുപ്പുകൾക്കും ബാധകമായ ഒരൊറ്റ തിരഞ്ഞെടുപ്പു പട്ടിക കൊണ്ടുവരുന്ന കാര്യം ഗൗരവമായി ആലോചിക്കേണ്ട സമയമായി. ജനങ്ങളിൽ തൊണ്ണൂറു ശതമാനത്തിലധികം പേരും ആധാർ എടുത്തുകഴിഞ്ഞ സ്ഥിതിക്ക് ആധാറുമായി വോട്ടർ പട്ടിക ബന്ധിപ്പിക്കാൻ ഒരു പ്രയാസവുമില്ല. അങ്ങനെ ചെയ്താൽ വ്യാജ വോട്ടും ആൾമാറാട്ടവുമൊക്കെ പൂർണമായും തടയാനാകും. എല്ലാ തിരഞ്ഞെടുപ്പുകൾക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഒരൊറ്റ വോട്ടർ പട്ടികയും നിലവിൽ വരും. ഒരു രാജ്യം ഒറ്റ വോട്ടർ പട്ടിക എന്ന ആശയവുമായി കേന്ദ്ര സർക്കാർ നേരത്തെ തന്നെ മുന്നോട്ടുവന്നതാണ്. പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പാണ് അതിനു തടസമായി നിന്നത്. ബാങ്ക് അക്കൗണ്ടുകളും റേഷൻ കാർഡും ടെലിഫോൺ കണക്‌ഷനും ഉൾപ്പെടെ അനവധി സേവനങ്ങൾ ആധാറിലധിഷ്ഠിതമാണിപ്പോൾ. വോട്ടർ പട്ടികയും ആധാറുമായി നിഷ്‌പ്രയാസം ബന്ധിപ്പിക്കാവുന്നതേയുള്ളൂ. വോട്ടർ പട്ടികയിലും വോട്ടെടുപ്പിലും കൃത്രിമത്വം കാണിച്ച് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുന്ന കാര്യത്തിൽ ആരും പിന്നിലല്ലാത്ത സ്ഥിതിക്ക് രാഷ്ട്രീയ കക്ഷികൾ പൊതുവേ പുതിയ പരിഷ്കാരങ്ങൾക്ക് എതിരാണ്. കൃത്രിമങ്ങളുടെ സ്വഭാവവും വൈപുല്യവും കൂടിക്കൂടി വരുന്നതു പരിഗണിക്കുമ്പോൾ അടിയന്തര നടപടികൾ ആവശ്യമായി വന്നിട്ടുണ്ട്. ജനവിധി അട്ടിമറിക്കാനുള്ള പല വഴികളിലൊന്നാണ് വോട്ടർ പട്ടികയിൽ മനഃപൂർവം സൃഷ്ടിക്കുന്ന തിരിമറികൾ. ഇതുമായി ബന്ധപ്പെട്ട പരാതികൾ ഇല്ലാതാക്കാനുള്ള ആദ്യ നടപടി വോട്ടർ പട്ടികയിൽ നിന്ന് വ്യാജന്മാരെ പൂർണമായും ഒഴിവാക്കാനുള്ള വഴി കണ്ടെത്തലാണ്.