
തിരുവനന്തപുരം വീണ്ടും മലയാള സിനിമയുടെ തലസ്ഥാനമാകുന്നു. മൂന്ന് ചിത്രങ്ങളുടെ ഷൂട്ടിംഗാണ് ഇപ്പോൾ തിരുവനന്തപുരത്ത് പുരോഗമിക്കുന്നത്. മഞ്ജുവാര്യരും ജയസൂര്യയും ശിവദയും പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന മേരി ആവാസ് സുനോയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ഇന്ന് പൂർത്തിയാകും. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ് നിർമ്മിച്ച് ജി. പ്രജേഷ് സെൻ രചന നിർവഹിക്കുുന്ന ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം കാശ്മീരിൽ നടക്കും. കാശ്മീർ ഷെഡ്യൂളിന്റെചിത്രീകരണത്തീയതി തീരുമാനിച്ചിട്ടില്ല.
ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ബോബി - സഞ്ജയ് രചന നിർവഹിക്കുന്ന ചിത്രത്തിൽ അരവിന്ദ് കരുണാകരൻ എന്ന സബ് ഇൻസ്പെക്ടറുടെ വേഷമാണ് ദുൽഖറിന്.
ഏപ്രിൽ രണ്ടിന് സല്യൂട്ടിന്റെ തിരുവനന്തപുരത്തെ ചിത്രീകരണം പൂർത്തിയാകും. തുടർന്ന് കാസർകോട്ടേക്ക് ഷിഫ്ട് ചെയ്യും. കാസർകോട്മൂന്ന് ദിവസത്തെ ചിത്രീകരണമുണ്ടാകും.അനുസിതാര, വിനയ് ഫോർട്ട്, കൃഷ്ണശങ്കർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സർജു രമാകാന്ത്സംവിധാനം ചെയ്യുന്ന വാതിലാണ് തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന മറ്റൊരു ചിത്രം. സ്റ്റാച്യുവിലെ ഒരു ഫ്ളാറ്റ് സമുച്ചയമാണ് പ്രധാന ലൊക്കേഷൻ. ഏപ്രിൽ ആദ്യവാരം വാതിലിന്റെ ചിത്രീകരണം പൂർത്തിയാകും.
സുരേഷ് ഗോപിയെ നായകനാക്കി ജോഷി ഒരുക്കുന്ന പാപ്പന്റെ രണ്ട് ദിവസത്തെ ചിത്രീകരണം ഏപ്രിൽ ആദ്യവാരം തിരുവനന്തപുരത്ത് നടക്കും. ഷെഡ്യൂൾ ബ്രേക്ക് ചെയ്തിരുന്ന പാപ്പന്റെ ഷൂട്ടിംഗ് ഈരാറ്റുപേട്ടയിൽ ഇന്ന് മുതൽ വീണ്ടും തുടങ്ങും.
ആർ.ജെ. ഷാൻ രചന നിർവഹിക്കുന്ന പാപ്പൻ നിർമ്മിക്കുന്നത് ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡേവിഡ് കൊച്ചപ്പിള്ളിയാണ്. നൈല ഉഷ, കനിഹ, നീതാപിള്ള, ഗോകുൽ സുരേഷ് എന്നിവരാണ് പാപ്പനിലെ മറ്റ് പ്രധാന താരങ്ങൾ.
ജയസൂര്യയെയും നമിതാ പ്രമോദിനെയും നായകനും നായികയുമാക്കി നാദിർഷാ സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ തിരുവനന്തപുരം ഷെഡ്യൂൾ മാർച്ച് 29ന് തുടങ്ങും. എയർപോർട്ടിലും സെൻട്രൽ ജയിലിലുമുൾപ്പെടെ പത്ത് ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്തിരിക്കുന്നത്.
പീരുമേടും മുണ്ടക്കയത്തും കുട്ടിക്കാനത്തുമായാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായത്.തിരുവനന്തപുരം ഷെഡ്യൂളിൽ ക്ളീൻ ഷേവ് ചെയ്ത ഗെറ്റപ്പിലാണ് ജയസൂര്യ അഭിനയിക്കുന്നത്. സുനീഷ് വാരനാടാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായൺ നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം അഞ്ച് ദിവസം ദുബായിലും ചിത്രീകരിക്കും. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, സുരേഷ് കൃഷ്ണ, സുധീർ കരമന, ജോണി ആന്റണി തുടങ്ങി വലിയ ഒരു താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദിലീഷ് പോത്തനും അനുശ്രീയുമഭിനയിക്കുന്ന ചിത്രമാണ് തിരുവനന്തപുരത്ത് ചിത്രീകരണമാരംഭിക്കുന്ന മറ്റൊരു ചിത്രം. കിരണാണ് സംവിധായകൻ.